Sunday, October 30, 2016


മനക്കണ്ണാടി




ഈ ദീപാവലിക്ക് , വിളക്കുകൾ തെളിക്കുന്നതിനു പകരം ,
അവളുടെ മനക്കണ്ണാടി തുടച്ചു മിനുക്കി , ആയിരം തിരിയിട്ടു കത്തിക്കാൻ ശ്രമിക്കുകയായിരുന്നു അനാമിക .പൊടിപിടിച്ച, ചിന്തകളാണ് അതിനെ ക്ലാവ് പിടിപ്പിക്കുന്നത് ...ആ പൊടിതട്ടാൻ  എന്തെങ്കിലും തേടി ചുറ്റും പരതുന്പോൾ ആണ് ,ചുറ്റുമുള്ള വിവിധതരം കണ്ണാടികൾ ശ്രദ്ധയിൽ പെട്ടത് .അവയെല്ലാം കൂടി അവളെ വളഞ്ഞിരിക്കുകയാണ് .അവളുടെ ഓരോ ചലനങ്ങളും ആവാഹിച്ചു ,ഓരോരോ കണ്ണാടിയിൽ ഉള്ള ചെളി, പൊടി, ക്ലാവ് ,പിന്നെ ജാതി, മതം , അസൂയ, മുതലായ മൂലം ബാധിച്ച തിമിരം , ഇങ്ങനെയുള്ള എല്ലാം അവളുടെ പ്രതിബിംബത്തിൽ കലർത്തി ,മറ്റുള്ളവരിലേക്ക് അവളെ പ്രതിഫലിപ്പിക്കുന്ന ,വളരെ പ്രിയമെന്നു കരുതി സൂക്ഷിക്കുന്ന ആ കണ്ണാടി കൂട്ടങ്ങൾ .തെറ്റായി  പ്രതികരിച്ചപ്പോൾ ഉടഞ്ഞവയും ഉണ്ട് , എപ്പോഴെങ്കിലും പശ ചേർത്ത് ഒട്ടിക്കാമെന്നു വിചാരിച്ചു കൂട്ടി വെച്ചതാണെല്ലാം  .പക്ഷെ ശ്രമിച്ചപ്പോളൊക്കെ  ഹൃദയം മുറിഞ്ഞു  ചോര ഒഴുകിയതല്ലാതെ  ഒന്നായില്ല അവ .ക്ലാവ് പിടിച്ച കണ്ണാടികൾ ഒട്ടില്ല .കളഞ്ഞേക്കൂ.. ആ മുറിവേൽപ്പിക്കുന്ന കഷ്ണങ്ങൾ ..ഉൾകണ്ണാടി അവളോട് ചൊല്ലി ...അനുസരിക്കാതെ തരമില്ല .പക്ഷേ , ഈ കളയുന്ന  കണ്ണാടികളുടെ  പ്രതിഫലനത്തിലൂടെ തന്നെ കാണുന്ന കുറെ കണ്ണാടികൾ അവയ്‌ക്കപ്പുറമുണ്ട് .കൂട്ടത്തിൽ അവയും നഷ്ടപ്പെടില്ലേ.അതായിരുന്നു ആദ്യത്തെ വിഷമം .പിന്നെ കാലം തെളിയിച്ചു , മറ്റു കണ്ണാടിയുടെ പ്രതിഫലനത്തിലൂടെ അല്ലാതെ നേരിട്ട് നമ്മെ കാണാൻ, മനസിലാക്കാൻ അവയൊക്കെ സ്വയം പതിയെയെങ്കിലും  പ്രാപ്‌തരാകുമെന്ന് .അതൊരു വല്ലാത്ത തിരിച്ചറിവായിരുന്നു .എന്റെ കണ്ണാടിയും തുടക്കട്ടെ ഞാൻ , ഒരിക്കലും ആരുടെയും പ്രതിബിംബങ്ങൾ കാണാൻ മറ്റൊരു കണ്ണാടി എനിക്കിനി വേണ്ട ..എന്റെ കണ്ണാടി മാത്രം  മതി 
പിന്നെ  പൊട്ടി മുറിവേൽക്കുന്നതിനു മുൻപ് ക്ലാവ് തേച്ചു മിനുക്കാൻ മിനക്കിടാതെ തന്നെ ഉപേക്ഷിക്കേണ്ട കണ്ണാടികളും ഉണ്ട് .അവയൊക്കെ അവളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് നോക്കാതെ ,ഒരു വശത്തേക്ക് ഒതുക്കി വെച്ചു .പതുക്കെ കളയാം .ചിലപ്പോൾ അവയുടെ അഴുക്കുകൾ അവർ തന്നെ തുടച്ചാലോ ..പൊടിപിടിച്ച കണ്ണാടിയിൽ നോക്കി സ്വന്തം മുഖം ഉരച്ചു വൃത്തിയാക്കാൻ നോക്കിയ വിഡ്ഢി എന്ന് സ്വയം വിളിച്ചു ,വെറുതേ  ആ കണ്ണാടികൾ  വൃത്തിയാക്കാൻ  നോക്കി കൈ മുറിച്ചവൾ .. മറ്റുള്ള പ്രതിഫലങ്ങളെ സത്യമായി പ്രതിഫലിപ്പിച്ചു,തിരുത്താൻ ശ്രമിച്ചു   തല്ലു വാങ്ങിയവൾ .മുന്നിൽ  നിൽക്കുന്നവരെ സുഖിപ്പിക്കുന്ന പ്രതിഫലങ്ങൾ മാത്രം നടത്തി സന്തോഷിപ്പിച്ചു ,അവരിലെ ചീത്തകളെ , തന്റെ വക കുറേ ചെളിയും കൂട്ടി ചേർത്ത് വലുതാക്കി മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്ന വലിയ വലിയ കണ്ണാടികൾ കണ്ടു നടുങ്ങി അവൾ ..
വയ്യ.. ഇനി ഒന്നും ...ഒരു യാത്ര പോകണം ...
പന്പാ നദിയിലെ   തെളിനീരിൽ മുഖം മിനുക്കിയ  അവളിലേക്കൊരു മടക്ക യാത്ര ...

പൊടിപ്പിടിക്കാത്ത  കണ്ണാടികൾ തേടിയുള്ള യാത്ര  ...  നന്മകൾ മാത്രം പ്രതിഫലിപ്പിക്കുന്ന , തിന്മകൾ  തിരുത്താൻ സഹായിക്കുന്ന കണ്ണാടികൾ


Photo credit: Raji  Location: Evergreen,CA

Monday, October 17, 2016

കൂട്ടുകുടുംബം



കുട്ടനാട്ടിലെ കായലോളങ്ങളിൽ നിന്നും വീശുന്ന  ആ   തണുത്ത കാറ്റ് ,അവളുടെ  മുടിയിഴകളെ തഴുകി കടന്നുപോയി.ഉമിക്കരിയും , ഈർക്കിലിയുമായി പല്ലു തേയ്ക്കാനെന്ന വ്യാജേന പണ്ട്  പറന്പിൽ കറങ്ങി നടന്ന   ആ കൊച്ചുപെൺകുട്ടിയെ തഴുകിയ അതേ  കാറ്റ് ,കിളിച്ചുണ്ടൻ മാവിലെ കണ്ണിമാങ്ങയും ,സേലം മാന്പൂക്കുലയിലെ  തേനും ,മൂവാണ്ടൻ മാവിലെ പഴമാങ്ങയും  അവൾക്കായി ഉതിർത്തു കൊടുത്ത അതേ  കാറ്റ് .വർഷങ്ങൾ പത്തെഴുപതു കഴിഞ്ഞെങ്കിലും കുസൃതികാറ്റിനു അവളുടെ  മനസുപോലെ തന്നെ ഒരു മാറ്റവും ഇല്ല .മുറിയിലെ ജനലിലൂടെ നോക്കിയാൽ സപ്പോർട്ടയും ,പേരക്കയും ,വിവിധതരം മാങ്ങകളും നിറഞ്ഞ പുരയിടം കാണാം. അതിൽ ചെറിയ ചെറിയ വീടുകൾ  ആയിട്ടാണ് തറവാട്  എന്ന പേരിൽ ഉള്ള ഇരുപതോളം വീടുകൾ . മറുനാട്ടിലേക്കു ചേക്കേറിയ മലയാളി,മാതാപിതാക്കൾ നഷ്ടപ്പെട്ടകഴിഞ്ഞാൽ പിന്നെ  പിറന്ന നാട്ടിൽ സമയം  ചിലവഴിക്കാൻ എത്തുന്നത്  അനാഥത്തിന്റെ  നൊന്പരം  ഒന്ന്  ഊട്ടി ഉറപ്പിക്കാൻ മാത്രമാണ് . സഹോദരങ്ങൾ തിരക്കിലും, അവരവരുടെ മക്കളുടെ തണലിലും ജീവിക്കുന്നു . വലിയ ടിക്കറ്റ് ചാർജ് ഒക്കെ കൊടുത്തു നാട്ടിൽ എത്തിയിട്ട് എന്ത് ചെയ്യാനാണ് .എന്നാൽ പിറന്ന നാട് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട് .അവരെ കാത്തിരിക്കുന്ന വീടുകൾ .  .കുട്ടനാടൻ യാത്രയ്ക്ക് ബോട്ടുകളും , പിന്നെ അന്പലം , പള്ളി ഒക്കെ സന്ദർശിക്കാൻ വാഹന സൗകര്യവും ഒക്കെ ഇവിടെ ഉണ്ട്  .കണ്ണിനും മനസിനും കുളിർമ്മയായി, മനോഹരമായ കടലോരവും ,കായലോരവും, തെരുവോരവും ഉള്ള സ്വർഗ്ഗതുല്യമായ ആലപ്പുഴ നാട്ടിൽ,പിറന്ന  വീട് അന്യമായ വിദേശ മലയാളികളെ മാടി വിളിക്കുന്ന ഒരു സംരംഭം.ജീവിത സായാഹ്നത്തിൽ ,നാട്ടിലേക്ക് ഓടിയെത്താൻ കൊതിക്കുന്നവരെ കാത്തിരിക്കുകയാണ് ഈ വീടുകൾ , വെറും വീടുകൾ മാത്രമല്ല അവയോടു ചേർന്നുള്ള വീടുകളിൽ  വിധി  അനാഥമാക്കിയിട്ടും , മനുഷ്യർ സനാഥർ ആക്കിയ ഒരു കൂട്ടം  ആളുകളും  .
ഈ വീടുകളോട്  ചേർന്ന്‌ തന്നെ അടുത്ത പറന്പിൽ ഒരു വലിയ കെട്ടിടത്തിൽ ആണ് , ആലപ്പുഴയിലെ കുറെ നല്ല മനുഷ്യർ   മുപ്പത് വർഷം മുൻപ് കണ്ട ആ സ്വപ്നം .ആലപ്പുഴയിലെ അനാഥജീവിതങ്ങളെ സനാഥം ആക്കണമെന്നുള്ള ആ സ്വപ്നം .വെറുമൊരു ഫേസ്ബുക്ക് ഗ്രൂപ്പിനെ വിശ്വസിച്ചു കൂടെ കൂടിയ ഒരു പറ്റം ആളുകൾ ,സ്വപ്നങ്ങൾ പങ്ക് വെച്ചപ്പോൾ , അവരുടെ സ്വപ്നങ്ങൾ ഒന്നായപ്പോൾ, ജന്മമെടുത്ത ഒരു പുണ്യ ഭൂമി .തറവാട്ടിൽ നിന്നും ഉണ്ടാക്കുന്ന ലാഭം ആണ്, ഈ പാവങ്ങളുടെ സഹായതിനായി ഇവിടെ ഉപയോഗിക്കുന്നത്.പിന്നെ ധാരാളം നല്ല മനുഷ്യരുടെ സഹായ സഹകരണങ്ങളും . അത്താഴക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ഒരു ചെറിയ കൂട്ടായ്മ ,പുണ്യവീടും, പുണ്യഭൂമിയും ഒക്കെയുള്ള   ഒരു വലിയ സ്വപ്നം ആയി വളരുകയായിരുന്നു  .ഏകദേശം മുപ്പതു വർഷങ്ങൾക്കു മുൻപാണ് ,ആലപ്പുഴയിലെ ഒരു ചെറിയ കൂട്ടായ്മ രൂപം കൊണ്ടത് . ജീവിച്ചിരിക്കുന്പോൾ എന്തെങ്കിലും ഒക്കെ ആർക്കെങ്കിലും വേണ്ടി ചെയ്യണമെന്ന ആഗ്രഹം ഉള്ളവർ ,ജാതി മത ഭേദമെന്യേ ആ കൂട്ടായ്മയിലേക്ക് ചേർന്നപ്പോൾ ,അവർ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി .അതിന്റെ അമരക്കാരന്റെ  ആ വലിയ സ്വപ്നം "വഴിവീട് " .അതാണ്  ജീവിതയാത്രയിൽ വഴിതെറ്റി ഒറ്റപ്പെട്ടുപ്പോയവർക്കായി ഒരുക്കിയ ഈ ഇടത്താവളം . പൊട്ടിച്ചിരികളും , കളികളും ,സ്നേഹവും മാത്രമാണിവിടുത്തെ അന്തേവാസികൾ . ഇതിലെ പ്രവർത്തകർ ആദ്യ നാളുകളിൽ വേദനകൾ ഒരുപാട് സഹിച്ചിട്ടുണ്ട് .വേറെ പണിയൊന്നുമില്ലേ ഇവർക്ക് , എന്തെങ്കിലും വർഗ്ഗീയ സംഘടനകൾ ആണോ ഇതൊക്കെ , ഇവർക്കൊക്കെ എന്താ വട്ടാണോ ,ചുമ്മാ ആളാകാൻ ഓരോ വഴികൾ ,അങ്ങനെ പോയി ആ കുത്തുവാക്കുകൾ .എന്നാൽ അവയെയെല്ലാം നിഷ്‌പ്രഭമാക്കുന്ന വിധം , നല്ലവരായ നാട്ടുകാർ ഇത് മനസിലേക്കെടുത്തപ്പോൾ ,ഒരിക്കലൂം നടക്കില്ല എന്ന് വിചാരിച്ച ഈ സ്വപ്നം ഒരു യാഥാർഥ്യം ആയി മാറി .
കൂട്ടുകുടുംബത്തിന്റെ അവസാന കണ്ണിയായ അവളെ അങ്ങനെ  നാട്ടിൽ കാത്തിരിക്കുകയാണ് ഈ സ്നേഹകുടുംബം  .എല്ലാം ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോയ വിദേശ മലയാളിയും , വയസായവരും , അനാഥരും ഒക്കെ കൂടിയ ഒരു സ്വർഗ്ഗഭൂമി .ഓരോ വർഷത്തിലും പല സമയങ്ങളിലായാണ് അവളിവിടെ എത്താറുള്ളത് . ചക്കയും , മാങ്ങയും വിളഞ്ഞു പഴുക്കുന്ന കാലവും , കണ്ണിമാങ്ങാ കാലവും ഒക്കെ മാറി മാറി വിളിക്കാറുണ്ടവളെ ഇങ്ങോട്ട് .അമ്മയും അച്ഛനും ഒക്കെ കൊടുക്കാനെന്നപോലെ പെട്ടി നിറച്ചു സാധനങ്ങളുമായാണ് ,ഇവിടെ ഓരോരുത്തരും എത്താറുള്ളത്  .വഴിവീട്ടിലെ സഹോദരങ്ങൾക്കുള്ള സമ്മാനങ്ങൾ .മക്കളൊക്കെ വലുതായി പറന്നുപോയപ്പോൾ തനിച്ചായ വാർദ്ധക്യത്തിനും , വിദേശത്തു ഒറ്റപ്പെട്ടുപോയ വാർദ്ധക്യത്തിനും, വിധിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട വാർദ്ധക്യത്തിനും ഒക്കെ ഒറ്റപ്പെടലിന്റെ വേദന  ഒരുപോലെയല്ലേ ? ഇവരെല്ലാം കുട്ടനാടൻ കായലിലെ  കുസൃതി കാറ്റിന്റെ തലോടലിൽ ഒന്നിച്ചങ്ങനെ ജീവിത സായാഹ്ന തോണി തുഴയുകയാണ് ഇവീടെ .അടുത്ത തൊടിയിൽ നിന്നും ആരൊക്കെയോ പാടുന്നു ," കുട്ടനാടൻ പുഞ്ചയിലെ.....അവളും അറിയാതെ അതേറ്റു പാടി .തിത്തിത്താരാ തിത്തിതെയ് ....

~ രാജി 

Monday, June 20, 2016

അനാമികയുടെ സ്വപ്നങ്ങൾ -1



അവൾ അനാമിക ...ഉണർന്നിരിക്കുന്പോളും അവൾ  സ്വപ്നം കാണുകയാണ് ..ചുറ്റിലുമുള്ളവർ ചിന്തിച്ചു കൂട്ടുന്പോൾ, അവൾ മാത്രം സ്വപ്നങ്ങൾ കണ്ട് പൊട്ടിച്ചിരിക്കുന്നു .അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം .ചിന്തകൾ ഇല്ലാത്ത സ്വപ്നങ്ങൾ .കുട്ടിക്കാലത്തു ചുറ്റിലുമുള്ളവർ  പറഞ്ഞു , നീ ചിന്തിക്കണം , നിന്നെക്കുറിച്ചു ചിന്തിക്കണം ,നിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കണം.ആയിരം പേർ അവൾക്കായി ചിന്തിച്ചപ്പോൾ ,അവൾ മാത്രം ഒന്നും ചിന്തിച്ചില്ല.പകരം സ്വപ്നങ്ങൾ കാണാൻ തുടങ്ങി . പ്രിയപ്പെട്ടവർ അവൾക്കായി കണ്ട സ്വപ്നങ്ങൾ  അവളുടെ സ്വപ്നങ്ങളോട് പിണങ്ങി നിന്നു .ചിന്തകൾ ഇല്ലാത്ത മനസിൽ വിരിയുന്ന  സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങളാണ് . ആ സ്വപ്നങ്ങൾ യാഥാർഥ്യം ആയി മാറിയപ്പോൾ , പിന്നെ സ്വപ്നങ്ങൾ ഇല്ലാതെ അവൾ വലഞ്ഞു .ജീവിക്കാൻ ചിന്തകൾ വേണമെന്നറിഞ്ഞപ്പോഴേക്കും ,കൂട്ടിനായെത്തിയ  കുഞ്ഞിളം ചിരികൾ വീണ്ടും അവളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു . ചിന്തകളും ,സ്വപ്നങ്ങളും കൂട്ടിക്കലർന്നുള്ള നീരാളി പിടിത്തത്തിൽ അനാമികക്ക്  അവളെ തന്നെ നഷ്ടപ്പെടുകയായിരുന്നു .സ്വപ്നങ്ങൾ തകർന്നടിയുന്പോൾ  , ചിന്തകളുടെ കരാള ഹസ്തത്തിൽ പെട്ട് ശ്വാസം മുട്ടുന്പോൾ , എല്ലാം കുടഞ്ഞെറിഞ്ഞു കളഞ്ഞിട്ട് ,കുളിച്ചു കയറുന്പോൾ  ,അവളിൽ അവശേഷിച്ചത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം ....
ആ സ്വപ്നലോകത്ത് അവൾക്കു ചുറ്റും ഒരു വലിയ വേലി കെട്ടിയവൾ .നിറയെ വിടവുകൾ ഉള്ള ഒരു വേലി .ഭിത്തി കെട്ടാൻ പേടിയാണവൾക്ക് ,കാരണം ഭിത്തികൾക്കെന്നും തരാനുള്ളത് ഒറ്റപ്പെടുത്തലിന്റെ  വേദനകൾ  മാത്രം  .വേലിയുടെ ഇടയിൽ  അവൾ നട്ട ആ റോസാചെടികളുടെ  മുള്ളുകൊണ്ട് മുറിവേൽക്കാതെ  ,പൂക്കളെ പറിക്കാതെ  ,കഷ്ടപ്പെട്ട് അവളെ തേടി എത്തിയവർ  പങ്ക് വെച്ച  സ്വപ്നങ്ങൾ ,അവളുടെ സ്വപ്നങ്ങൾ തന്നെ ആയിരുന്നു ...ആ യാഥാർഥ്യത്തിനു മുൻപിൽ പൊട്ടിച്ചിരിച്ചു കൊണ്ട്   അനാമിക സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു ...

അനാമികയുടെ സ്വപ്നങ്ങൾ തുടരും .....

Saturday, January 17, 2015

ചിന്തകൾ കാട് കയറുന്പോൾ..




"നമുക്ക് എന്തുണ്ടെന്നോ , എങ്ങനെ ജീവിക്കുന്നതോ എന്നുള്ളതല്ല സന്തോഷം തരുന്നത്, മറിച്ച് നമ്മൾ എന്ത് ചിന്തിക്കുന്നു എന്നുള്ളതാണ്" ,ഈയിടെ വായിച്ച ഒരു പുസ്തകത്തിലെ വരികളാണ് കേട്ടോ .ഇതെന്നെ വല്ലാതെ അങ്ങ് ഇരുത്തി ചിന്തിപ്പിച്ചു .ഒന്ന് ചിന്തിച്ചു നോക്കിക്കേ? സംഭവം സത്യമല്ലേ ?ചിലരുടെ  ഒക്കെ കൈയിൽ ഉള്ള ഡയമണ്ട് മാല തൊട്ട് പഞ്ചാര ഇട്ട് വെച്ചിരിക്കുന്ന പാത്രം വരെ, ഇങ്ങനെയുള്ള ചിന്തകളുടെ പരിണിതഫലമായി കൈയിൽ എത്തിയതാണ് .അല്ലാതെ ഇതൊക്കെ സന്തോഷം തരുന്നുണ്ടോ എന്ന് ചോദിച്ചാൽ ,ആ ആർക്കറിയാം എന്നുത്തരം .പക്ഷെ  നല്ല കാര്യമല്ലേ?  ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്‌ .
നല്ല കാര്യം മാത്രമല്ല ഈ ചിന്തകളിൽ നിന്നും ഉരുത്തിരിയുന്നത് .ചുമ്മാ ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു ആധി കേറി നടന്നു, ജീവിതം കുട്ടിച്ചോർ ആക്കുന്ന എത്രപേർ .ഉദാഹരണത്തിന് , നമ്മുടെ പ്രധാന ആധി , നമ്മുടെ കുട്ടികളുടെ ഭാവി എന്താകും എന്നോർത്തിട്ട് ആണല്ലോ ?അല്ല , ഭാവി പ്രവചിക്കാൻ നമ്മളാര് ?നമുക്ക് ശരി എന്ന് തോന്നുന്നത് മാത്രം അവർക്ക് വേണ്ടി ചെയ്യുക .ഭാവിയെ കുറിച്ച്‌ ചിന്തിക്കണ്ട എന്നല്ല . ചിന്തിച്ചു, ശരിയെന്നു തോന്നുന്നത് ചെയ്യുക.പിന്നെ എന്താകും എന്ന് ചിന്തിച്ചു ആധി പിടിച്ചു നമ്മുടെ ജീവിതം പാഴാക്കാതിരിക്കുക .അല്ലെങ്കിൽ തന്നെ നമ്മുടെ ജീവിതത്തിൽ തന്നെ പണ്ട് ചിന്തിച്ചത് പോലെ ഒക്കെയാണോ ഇപ്പോൾ നടക്കുന്നത് ? ഒരു ഇന്ത്യൻ അമേരിക്കൻ ചിന്താഗതികളുടെ കൂട്ടി കുഴക്കൽ .എന്നിട്ട് നടുവിൽ ഒരു വര  വരക്കുക.അതായതു ഇന്ത്യൻ ചിന്താഗതിപോലെ കുട്ടികളെ കുറിച്ചോർത്തു ശിഷ്ട ജീവിതം പാഴാക്കാതിരിക്കുക ,എന്നാൽ അമേരിക്കനെപോലെ , പതിനെട്ടു കഴിഞ്ഞാൽ നിനക്ക് നിന്റെ വഴി എന്ന് പൂർണമായിട്ടങ്ങ് പറഞ്ഞ് നട തള്ളാതെയും ഇരിക്കുക,എങ്ങനെയുണ്ടെന്റെ ചിന്ത ?
പിന്നെ ഇതിലും അതിഭീകരമായി ചിന്തിച്ചു , ചിന്തിച്ചു ജീവിതം പാഴാക്കുന്ന വേറെ ഒരു കൂട്ടരുണ്ട് .ഇവർ സ്വന്തമായി ഒന്നും ചെയില്ല .എപ്പോഴും ചിന്ത മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നുള്ളതാണ് .ഇപ്പോൾ പിന്നെ ഈ സോഷ്യൽ മീഡിയകൾ കൂടി ആയപ്പോൾ പറയുകയും വേണ്ട .ഒറ്റക്കിരിക്കുന്പോൾ ഇവരിങ്ങനെ ഇതിലൊക്കെ മിണ്ടാതെ പതുങ്ങിയിരിക്കും .പിന്നെ നാലാളെ കാണുന്പോൾ ," ഇല്ലേ ,അവൾക്കു അല്ലെങ്കിൽ അവനു വേറെ ഒരു പണിയുമില്ലേ "എന്നൊരു ഒറ്റ  കമെന്റു മതി മറ്റൊരാളുടെ ജീവിതം തേജോവധം ചെയ്യാൻ .സമാന ചിന്താഗതിക്കാർ ഒത്തുചേർന്നു അതൊരു ആഘോഷമാക്കി മാറ്റും .സോഷ്യൽ മീഡിയയിൽ അറുമാദിച്ച സുഹൃത്ത്‌ , കിട്ടിയ ലൈക്കും പോസിറ്റീവ് കമന്റും വായിച്ചു സന്തുഷ്ടനായി ,അവനവന്റെ ജോലി നോക്കി സന്തോഷവാനായി ജീവിക്കുന്പോൾ , ഈ സഹജീവികൾ നെഗറ്റീവ് ചിന്തകളിൽ മുഴുകി , കുറ്റം പറയാനുള്ള പുതിയ ആൾക്കാരെയും തേടി, തേടി  ജീവിതം പാഴാക്കുന്നു .കലികാലം അല്ലാതെന്തു പറയാൻ .
ഇനിയും ഉണ്ട് വേറെ ചിലർ , എല്ലാ സൌഹൃത സംഭാഷണത്തിനും ,അവർ ചിന്തിച്ചു ചിന്തിച്ചു വേറെ അർത്ഥങ്ങൾ തേടും .മറ്റുള്ളവർ എന്തായിരിക്കും അങ്ങനെ പറഞ്ഞത് , അവർ എന്നെക്കുറിച്ച് മോശം ആയിട്ടാണോ വിചാരിക്കുന്നത്. അവർ എന്താ എന്നെ മനസിലാക്കാത്തത്‌ , അങ്ങനെ പോകും ആ ചിന്തകൾ .ഓരോരുത്തരും അവരവർക്ക് തോന്നുന്നത് പറയുന്നു , ഞാൻ തെറ്റൊന്നും ചെയ്യ്തിട്ടില്ലെങ്കിൽ അവർ എന്നെക്കുറിച്ച് മറ്റെന്തു വിചാരിക്കാൻ , അവർ എന്നെ മനസിലാക്കുന്ന വിധത്തിൽ തുറന്നു സംസാരിക്കണം അടുത്ത തവണ .ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ജീവിതം സുഖം സുഖകരം.നമുക്ക് നമ്മുടെ സ്വതന്ത്ര ചിന്തകളെ വളരെ പോസിറ്റീവ് ഊർജ്ജ ത്തോടെ കാര്യക്ഷമതയുള്ള രീതിയിൽ തിരിച്ചു വിട്ടാൽ , അവ  നമുക്ക് സന്തോഷവും, സമാധാനവും കൊണ്ടുതരുന്നതായി കാണാം .അല്ലാതെ ഇതു മുഴുവൻ വായിച്ചിട്ട് ഈ പെണ്ണിനു വേറെ ഒരു പണിയുമില്ലേ എന്നാണ് ചിന്തിക്കാൻ  പോകുന്നതെങ്കിൽ , ഇത് വായിച്ച നിങ്ങളുടെ സമയം വേസ്റ്റ് .അപ്പോൾ നല്ല ചിന്തകൾ നിറഞ്ഞ ഒരു സന്തുഷ്ടകുടുംബ ജീവിതം എല്ലാവർക്കും നേരുന്നു .എനിക്കും തിരിച്ചൊന്നു നേർന്നേക്കണേ.ഇതൊക്കെ വാരി വലിച്ചു എഴുതാൻ എളുപ്പം ,പക്ഷെ പ്രവർത്തിയിൽ കൊണ്ട് വരാൻ എല്ലാവരുടെയും ആശംസകൾ വേണം . ഇനി ഇതു വായിച്ചു നിങ്ങൾ എന്തൊക്കെയാണ് ചിന്തിക്കുന്നത് ,എന്നും ചിന്തിച്ചു കൊണ്ട് ഞാനെന്റെ ദിവസങ്ങൾ പാഴാക്കുമോ എന്തോ?????

Sunday, January 11, 2015

വാലിന്റെ ഡേ ...ഒരമ്മയുടെ ആത്മഗതം


മക്കളെ നിങ്ങൾക്ക് അറിയുമോ ,പണ്ട് പണ്ട് ഒരു പത്തിരുപതു വർഷങ്ങൾക്കു മുൻപ് , ഈ വലെന്റിൻസ് ഡേ ഒക്കെ പ്രചാരമില്ലാത്ത നാട്ടിൽ , മനസു നിറയെ 
പ്രണയസ്വപ്നങ്ങളുമായി ജീവിച്ചിരുന്ന കുറെ സുന്ദരികുട്ടികളെ? നിങ്ങളെപ്പോലെ തന്നെ കേട്ടോ.സ്വന്തമായി ഒരു പ്രിയപ്പെട്ടവൻ ,അല്ലെങ്കിൽ കൂടുകാരിയുടെ പ്രിയപ്പെട്ടവൻ,ഇതൊക്കെ തന്നെ അവരുടെയും ചർച്ചാ വിഷയങ്ങൾ .ആ പ്രിയമുഖം കാണുംന്പോൾ ശരീരമാകെ വിരിയുന്ന ആ കോരിത്തരിപ്പും , മനസിൽ നിറയുന്ന ആനന്ദവും ഒക്കെ അപ്പോഴും ,ഇപ്പോഴും ഒക്കെ ഒന്ന് തന്നെ .കോളേജിൽ പോകുന്നത് തന്നെ ആ മുഖം കാണാൻ , ഒരു ദിവസം എത്ര പ്രാവശ്യം കണ്ടു എന്ന് കുറിച്ച് വെച്ച നാളുകൾ .ആളെ കണ്ടില്ലെങ്കിൽ ആ സൈക്കിൾ എങ്കിലും കണ്ടാൽ മതി മനസു നിറയാൻ ..ദിവ്യ പ്രണയത്തിൽ തൊട്ടുകൂടായ്മയും , തീണ്ടികൂടയ്മയും ഒക്കെ ഉണ്ടായിരുന്ന കാലം.പിന്നെ കണ്ടിട്ട് എന്ത് ചെയ്യാൻ . ചുമ്മാ മനുഷ്യനെ കൊണ്ട് പറയിപ്പിക്കാൻ എന്തെങ്കിലും ഒക്കെ പറഞ്ഞു നിൽക്കും ,പ്രിയപ്പെട്ടവനില്ലാത്ത കൂടുകാരികൾ ചുമ്മാ അസ്സൂയപ്പെട്ടോട്ടെ .പിന്നെ തിരികെ വീട്ടിൽ വന്നു പഠിക്കേണ്ട സമയമെല്ലാം ഒരു മുഖം മാത്രം കണ്ണിൽ എന്ന പാട്ടും പാടി ഇരുന്നു ജീവിതം പാഴാക്കും .അങ്ങനെ പ്രണയിച്ചു പ്രണയിച്ചു ,പ്രിയപെട്ടവനെ സ്വന്തമാക്കിയ കുറേപേർ , നഷ്ടപ്രണയത്തിൽ നിന്നും കരകേറി കിട്ടിയ കണവനെ പ്രണയിച്ച കുറേപേർ ,വീടുകാരുടെ വാക്ക് കേട്ട് ,ഇന്നലെ കണ്ടവൻ ,ഇന്ന് കെട്ടിയ താലി പൂജിച്ചു ,അവനെ കല്യാണം കഴിഞ്ഞു പ്രണയിച്ച കുറെ പേർ .അവരൊക്കെയാണ് മക്കളേ, നിങ്ങളുടെ അമ്മയും ആന്റിമാരും അടങ്ങുന്ന ഈ വലിയ ആളുകളുടെ( ശരീരം കൊണ്ട്) സമൂഹം .വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ ? അല്ല , നിങ്ങളിൽ കുറെ പേർക്കിത് വായിക്കാനും കഴിയില്ലായിരിക്കും.

പിന്നെ ഇപ്പോൾ ഞങ്ങൾക്കെന്തു പറ്റിയെന്നല്ലേ ?അതിനു കാരണക്കാരായ നിങ്ങൾ തന്നെ ചോദിക്കണം അത് . ശരി , ശരി, നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ ഈ ലോകത്തിലേക്ക്‌ കൊണ്ടുവന്നു , നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു പേരും നല്കിയതിനുള്ള പ്രത്യുപകാരം ആയി ഇതങ്ങു കരുതാം .ഞങ്ങളുടെ പ്രണയത്തിന്റെ പൂവല്ലരിയിൽ പൂത്ത കുസുമങ്ങളാണ് ,കുഞ്ഞുങ്ങളെ നിങ്ങൾ .എന്തൊരു സന്തോഷമായിരുന്നു ആ പൂമൊട്ടിട്ടു എന്നറിഞ്ഞ ദിവസം .ദാ ഇന്നലെ കഴിഞ്ഞ പോലെ .പിന്നെ പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ചു , കാൽ വളരുന്നോ, കൈ വളരുന്നോ എന്ന് നോക്കി കാത്തിരിക്കുന്പോൾ ഞങ്ങളുടെ കാലും , മേലും ഒക്കെ കയറി അങ്ങ് പടർന്നു പന്തലിച്ചത് ഞങ്ങൾ അറിഞ്ഞില്ല മക്കളെ അറിഞ്ഞില്ലാ .പിന്നെ ഞങ്ങളുടെ കണ്ണിൽ , കണ്ണിൽ നോക്കി പ്രണയിക്കാനുള്ള പകലുകൾ നിങ്ങളുടെ ഭാവിക്കു വേണ്ടിയുള്ള സ്വത്തു തേടുന്നതിലും , രാത്രികൾ ,നിങ്ങളെ ഉറക്കാനുള്ള താരാട്ടു പാട്ടിലും മുങ്ങിപ്പോയി .എങ്കിലും ഞങ്ങൾ നിങ്ങളുടെ കൊച്ചു കൊച്ചു നേട്ടങ്ങളിൽ ഒന്നിച്ചു ചേർന്ന് ആനന്ദത്തിൽ ആറാടി .പ്രണയം വറ്റി വരണ്ടപ്പോൾ ,അവിടെ നിങ്ങൾ ഞങളുടെ പ്രകടങ്ങൾ കാണാൻ തുടങ്ങി .കൊച്ചുകുട്ടി പെട്ടന്നങ്ങ് കേറി വലുതായി .വലുതായപ്പോൾ നിങ്ങൾക്ക് ഞങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നി .നിങ്ങളുടെ ശരികളും ഞങ്ങളുടെ ശരികളും ഏറ്റുമുട്ടുന്ന ഒരു യുദ്ധക്കളം ആയി ജീവിതം . എവിടെയാണ് പിഴച്ചതെന്നു തേടി, ഞങ്ങൾ പരസ്പരം പഴി ചാരി കടിച്ചു കീറി .എവിടെയോ നഷ്ടപ്പെട്ട ആ പ്രണയം തേടി ഞങ്ങൾ അലഞ്ഞു .പക്ഷെ അത് മറ്റെങ്ങും പോയിട്ടില്ല എന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു .അതാ ആ പ്രണയം ,അവിടെ നിങ്ങളുടെ കണ്ണിൽ , പണ്ട് ഞങ്ങളുടെ കണ്ണിൽ കണ്ട അതേ തീവ്രതയോടെ .അത് ഞങ്ങളെ വീണ്ടും പ്രണയിക്കാൻ ഓർമപ്പെടുത്തുന്നു ,പഴയകാലത്തിലേക്ക്‌ മടക്കി കൊണ്ട് പോകുന്നു.മക്കൾ പ്രണയിക്കാൻ ഉള്ള പ്രായമാകുന്പോൾ , പ്രണയം വറ്റി വരണ്ടു ,ജീവിതം ദുസഹമാക്കുന്ന മാതാപിതാക്കളേ ,നമുക്ക് ഒന്നുമില്ലെങ്കിൽ കെട്ടിയ താലിയുടെ ബലത്തിൽ ചുമ്മാ അങ്ങ് തീവ്രമായി, പണ്ടത്തെ കൌമാരക്കാരായി പ്രണയിച്ചാലോ ? 

എന്ത് പറയുന്നു 

Friday, September 19, 2014

അച്ഛനുണാത്ത ഓണം

ഇത്തവണത്തെ ഓണം അങ്ങിനെ ആയിരുന്നു .ജീവിതത്തിൽ ആദ്യമായി ഭക്ഷണ പ്രിയനായ അച്ഛൻ സദ്യ ഉണ്ടില്ല.അച്ഛൻ എന്ന ചിന്ത മനസ്സിൽ വരുംപോഴെകും  ഓടിയെത്തുന്നത് അച്ഛന്റെ ചിട്ടയായ ആഹാര ശീലങ്ങൾ ആണ് .ഒരു പക്ഷെ ജീവതത്തിൽ ആകെ അദ്ധേഹത്തെ അലട്ടിയതും ,ഒരു നേരത്തെ ആഹാരം കഴിഞ്ഞു ,  അടുത്ത നേരം ഏതായിരിക്കും എന്നുള്ളത് ആയിരിക്കണം.കുട്ടിക്കാലത്ത് അച്ഛനും അമ്മയും തമ്മിലുള്ള സഭാഷങ്ങളിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നത് ആഹാര കാര്യം തന്നെ .രാവിലത്തെ ഭക്ഷണം ഒരു ഒൻപതു മണി ആകുംപോഴേക്കും  കഴിയും .
ഇഡ്ഡലി , സാംബാർ / ചമ്മന്തി പ്രധാനം .ഇന്നത്തെപ്പോലെ മിക്സി ഒന്നും ഇല്ലാത്ത കാലം .തലേ ദിവസം കല്ലിൽ അരച്ചെടുത്ത അരിയും ഉഴുന്നും പുളിപ്പിചെടുത്ത ഇഡ്ഡലി .ദോശയും കൊള്ളാം , പക്ഷെ മൊരിച്ച ദോശ പറ്റില്ല .തട്ടു ദോശ പോലെ നല്ല  കട്ടിയുള്ള ദോശ വേണം .ചമ്മന്തിക്ക് നല്ല എരിവു അത്യാവശ്യം .പിന്നെ അച്ഛന്റെ ചായക്ക് , മധുരം വളരെ  കുറഞ്ഞാലും , പാല് നന്നായി കുറഞ്ഞോട്ടെ എന്നൊരു രീതി ആണ് .അത് കുടിക്കാൻ അദ്ദേഹത്തിനു  മാത്രമേ പറ്റൂ .
രാവിലെ ഉറക്കം ഉണരന്നാലുടാൻ ഒരു ചായ .പിന്നെ അടുപ്പും പാതകത്തിന്റെ അടുത്ത് അല്പം കരിപിടിച്ച സ്റ്റീൽ ചരുവത്തിൽ അടച്ചുവെച്ച ചായ ഒരു രണ്ടു തവണ  കൂടി .രാവിലത്തെ പലഹാരത്തിന്റെ കൂടെ വെറും വെള്ളം ആണ് .അത് കഴിഞ്ഞു , പതിവ് മുറുക്കാനും ചവച്ചു  തുപ്പി , പിന്നെ ഒരു കറക്കം. കുട്ടനാട്ടിലെ കൂട്ടുകാരോടൊക്കെ സംസാരിച്ചു , പിന്നെ തോട്ടുകടവിൽ കയറി കൊച്ചമ്മയെയും , കണ്ട് ഒരു സാംബാറിന്റെയും  തോരന്റെയും കഷണങ്ങൾ കടയിൽ  നിന്നും വാങ്ങി തിരിച്ചെത്തും .ഉച്ച ഉണും ഒരു പ്രത്യേക രീതിയിൽ ആണ്. വലിയ വട്ട പ്ലേറ്റിൽ നിരത്തി വിളംബിയ ചോറ് ,അടുത്ത് ഒന്ന് രണ്ടു കൊച്ചു പാത്രങ്ങളിൽ ആയി മീൻകറി , തോരൻ , അച്ചാര് , പപ്പടം തുടങ്ങിയ കറികൾ , പിന്നെ അടുത്തൊരു പാത്രത്തിൽ സാംബാർ . ആദ്യം സാംബാർ ഒഴിച്ച് പാതി കഴിക്കും , പിന്നെ കുറച്ചു ചോറും കൂടി വാങ്ങി, നല്ല പുളിയുള്ള മോരും ഒഴിച്ച് രണ്ടാമത്തെ റൌണ്ട് .തൈര് എന്ന് കേട്ടാലെ കലിപ്പ് വരും. കുറച്ചു കാലം വീട്ടിലുണ്ടായിരുന്ന സുന്ദരി പൂച്ചയും അച്ഛനോടൊപ്പം കുറച്ചു ദിനച്ചര്യകളൊക്കെ പഠിച്ചു .അച്ഛൻ ഉണ്ണാൻ വരുമ്പോൾ അവളും കൂടെ കൂടും , പക്ഷെ പുള്ളിക്കാരിക്കു സാംബാർ അത്ര പിടിത്തമില്ല ,അച്ഛൻ മോര് ചോറിൽ ഒഴിച്ചാൽ  മാത്രം അവൾക്കുള്ള വീതത്തിനായി കരച്ചിൽ തുടങ്ങും .ഒരു വലിയ ഉരുള അവൾക്കു കൊടുത്ത ശേഷമേ അച്ഛന് കഴിക്കാൻ പറ്റുകയുള്ളു .ഊണ്  കഴിഞ്ഞു ഒരു മുറുക്കാൻ, പിന്നെ മുന്നേകാലിനൊരു കടുപ്പ ചായ .നാലുമണിക്ക് പ്രത്യേകം കടികളിലോന്നും താത്‌പര്യമില്ല .പിന്നെ രാത്രിയിൽ മിക്കവാറും കഞ്ഞി , പയര് , ചമ്മന്തി അങ്ങനെ പോകുന്നു .

ഓണത്തിന് ഒരാഴ്ച്ചമുന്പേ ഉപ്പേരി വറക്കൽ തുടങ്ങും .പറംബിൽ  നിൽക്കുന്ന ഏത്തവാഴ വെട്ടി വറത്താൽ തന്നെ ധാരാളം .എന്നാലും മകൾക്ക് കായ്‌ വറത്തത്  ഇഷ്ടമല്ല , കപ്പ വർത്തതേ  പിടിക്കൂ .അകലെയുള്ള കടയിൽ നിന്നും അച്ഛൻ കപ്പയും വാങ്ങി എത്തും . ഓണ സദ്യയെക്കുറിച്ച്‌ പറയുകയാണെങ്കിൽ  , ഉത്രാടത്തിന് അമ്മ പായസം ഒക്കെ വച്ച് അയൽവക്ക കാർകൊക്കെ  കൊടുക്കും .തിരുവോണം തോട്ടുകടവിൽ അമ്മുമ്മയുടെ കൂടെ.അച്ഛൻ സ്വന്തം അമ്മയേക്കാളും അധികം സ്നേഹിച്ചിരുന്ന കൊച്ചമ്മ.അവിടെ നിന്നും ഓണ സദ്യയും കഴിച്ചു കൊച്ചമ്മയുടെ മക്കളായ , വിശ്വ നാഥനും ,സുകുവും, ബാബുവും, കുട്ടനും,രാജമ്മയും, മണിയമ്മയും ഒക്കെ ആയി കഥകളൊക്കെ പറഞ്ഞു തിരുവോണം പൊടിപൊടിക്കും , പിന്നെ പിറ്റേ ദിവസം ആലപ്പുഴ ചേട്ടന്റെ അടുത്താണ് ഓണസദ്യ .അതിന്റെ പിറ്റേന്ന് ചതയത്തിനു പുന്നപ്രയിൽ അമ്മവീട്ടിൽ .അച്ഛന് പ്രത്യേകം വേണ്ട കുത്തരിയും, പുളിയുള്ള തൈരും ഒക്കെ അമ്മയുടെ ബാഗിൽ ഭദ്രം .രണ്ടു ദിവസം അവിടുത്തെ തിമിര്പ്പു കഴിഞ്ഞു തിരികെ കുട്ടനാട്ടിലേക്ക്.വീണ്ടും പതിവ് ദിനച്ചര്യകളിലേക്ക് മടങ്ങിപ്പോകുന്ന അച്ഛൻ.തലേദിവസമേ നാളെ കാപ്പിക്കെന്താ , പിന്നെ രാവിലെ കാപ്പി കുടിച്ചു കൊണ്ടിരിക്കുംപോൾ ഉച്ചക്കത്തെ ആഹാരത്തിന്റെ പ്ലാനിംഗ് , പിന്നെ വൈകിട്ട് ഇന്നലെ ചെറുപയർ തോരൻ  ആയതു കൊണ്ട് ഇന്ന് വൻപയർ ആയിക്കോട്ടെ.ചായക്കല്പ്പം പാല് കൂടിയാൽ തുള്ളുന്ന അച്ഛൻ.മീൻ കുട്ടാനു എരിവു കുറഞ്ഞാൽ മുളകുപൊടി അതിലേക്കു കുടയുന്ന അച്ഛൻ , തൈരിനു പുളി  കുറഞ്ഞാൽ അസ്വസ്ഥനാകുന്ന അച്ഛൻ , ആഹാരത്തിന്റെ അവസാനം മാത്രം കുടിക്കുന്ന വെള്ളം, ആദ്യം തന്നെ അടുത്ത് വെച്ചിരിക്കണമെന്നു ശാട്ട്യം പിടിക്കുന്ന അച്ഛൻ, കൈകഴുകാനുള്ള വെള്ളം കിണ്ടിയിൽ കാണാഞ്ഞിട്ട്‌ അടുക്കളയിലെ ചെംബു കുടത്തിലെ വെള്ളം വഴി നീളെ ഉഴിച്ചു വാശി തീർത്ത അച്ഛൻ...ആ അച്ഛൻ ഭക്ഷണം കഴിച്ചിട്ട്  രണ്ടു മാസം കഴിഞ്ഞു .അറിയില്ല ദൈവത്തിന്റെ വികൃതികൾ ഇനിയും  എന്തൊക്കെ എന്ന് .ഓർമ  മുഴുവൻ നഷ്ടപ്പെട്ടിട്ടും  ധര്മ്മ ദൈവങ്ങളെ എന്ന് എന്നും  വിളിച്ചവൻ , അംബലപ്പുഴ കൃഷ്ണന്റെ മുൻപിൽ എല്ലാ ഒന്നാം തീയതിയും മുടക്കാതെ എത്തിയിവൻ , സർപ്പങ്ങൾക്ക് മുടക്കാതെ നൂറും പാലും നേര്ന്നവാൻ ,എല്ലാം ദൈവത്തിൽ അർപ്പിച്ചു ,ഒരു അല്ലലും അലട്ടലും ഇല്ലാതെ , എല്ലാവർക്കും നന്മ വരണേയെന്നു പ്രാർത്ഥിച്ചവൻ .ഞാൻ നല്ലത് ചെയ്താൽ ,എന്റെ കുട്ടിക്ക് നന്മ വരും എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചവൻ ....എന്നിട്ടുമെന്തേ...
ദുഷ്ട സംസർഗത്തിലൂടെ ഇടക്കൊക്കെ ക്രൂരൻ  ആയത് ,ആ ക്രൂരത ഏറ്റു വാങ്ങിയവർ ക്ഷമിച്ചല്ലോ ...പിന്നെയും എല്ലാം അറിയുന്ന ദൈവതിനെന്തേ ക്ഷമിക്കാൻ പറ്റുന്നില്ല.
ഒരു മനുഷ്യ ജന്മത്തിൽ ദൈവം കൊടുത്തിരുന്ന ആഹാരം മുഴുവൻ എന്റെ അച്ഛൻ കഴിച്ചു തീർന്നോ ...ആയുസ് ഇനിയും ബാക്കി , പക്ഷെ ആഹാരം നിനക്കിനിയില്ല എന്ന് പറഞ്ഞു എല്ലാം കാണുന്നവൻ മുകളിരുന്നു ചിരിക്കുംപോൾ  ,ഞാനിനി എന്താ വേണ്ടത് ..ചിരിക്കണോ കരയണോ ...