Friday, September 19, 2014

അച്ഛനുണാത്ത ഓണം

ഇത്തവണത്തെ ഓണം അങ്ങിനെ ആയിരുന്നു .ജീവിതത്തിൽ ആദ്യമായി ഭക്ഷണ പ്രിയനായ അച്ഛൻ സദ്യ ഉണ്ടില്ല.അച്ഛൻ എന്ന ചിന്ത മനസ്സിൽ വരുംപോഴെകും  ഓടിയെത്തുന്നത് അച്ഛന്റെ ചിട്ടയായ ആഹാര ശീലങ്ങൾ ആണ് .ഒരു പക്ഷെ ജീവതത്തിൽ ആകെ അദ്ധേഹത്തെ അലട്ടിയതും ,ഒരു നേരത്തെ ആഹാരം കഴിഞ്ഞു ,  അടുത്ത നേരം ഏതായിരിക്കും എന്നുള്ളത് ആയിരിക്കണം.കുട്ടിക്കാലത്ത് അച്ഛനും അമ്മയും തമ്മിലുള്ള സഭാഷങ്ങളിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നത് ആഹാര കാര്യം തന്നെ .രാവിലത്തെ ഭക്ഷണം ഒരു ഒൻപതു മണി ആകുംപോഴേക്കും  കഴിയും .
ഇഡ്ഡലി , സാംബാർ / ചമ്മന്തി പ്രധാനം .ഇന്നത്തെപ്പോലെ മിക്സി ഒന്നും ഇല്ലാത്ത കാലം .തലേ ദിവസം കല്ലിൽ അരച്ചെടുത്ത അരിയും ഉഴുന്നും പുളിപ്പിചെടുത്ത ഇഡ്ഡലി .ദോശയും കൊള്ളാം , പക്ഷെ മൊരിച്ച ദോശ പറ്റില്ല .തട്ടു ദോശ പോലെ നല്ല  കട്ടിയുള്ള ദോശ വേണം .ചമ്മന്തിക്ക് നല്ല എരിവു അത്യാവശ്യം .പിന്നെ അച്ഛന്റെ ചായക്ക് , മധുരം വളരെ  കുറഞ്ഞാലും , പാല് നന്നായി കുറഞ്ഞോട്ടെ എന്നൊരു രീതി ആണ് .അത് കുടിക്കാൻ അദ്ദേഹത്തിനു  മാത്രമേ പറ്റൂ .
രാവിലെ ഉറക്കം ഉണരന്നാലുടാൻ ഒരു ചായ .പിന്നെ അടുപ്പും പാതകത്തിന്റെ അടുത്ത് അല്പം കരിപിടിച്ച സ്റ്റീൽ ചരുവത്തിൽ അടച്ചുവെച്ച ചായ ഒരു രണ്ടു തവണ  കൂടി .രാവിലത്തെ പലഹാരത്തിന്റെ കൂടെ വെറും വെള്ളം ആണ് .അത് കഴിഞ്ഞു , പതിവ് മുറുക്കാനും ചവച്ചു  തുപ്പി , പിന്നെ ഒരു കറക്കം. കുട്ടനാട്ടിലെ കൂട്ടുകാരോടൊക്കെ സംസാരിച്ചു , പിന്നെ തോട്ടുകടവിൽ കയറി കൊച്ചമ്മയെയും , കണ്ട് ഒരു സാംബാറിന്റെയും  തോരന്റെയും കഷണങ്ങൾ കടയിൽ  നിന്നും വാങ്ങി തിരിച്ചെത്തും .ഉച്ച ഉണും ഒരു പ്രത്യേക രീതിയിൽ ആണ്. വലിയ വട്ട പ്ലേറ്റിൽ നിരത്തി വിളംബിയ ചോറ് ,അടുത്ത് ഒന്ന് രണ്ടു കൊച്ചു പാത്രങ്ങളിൽ ആയി മീൻകറി , തോരൻ , അച്ചാര് , പപ്പടം തുടങ്ങിയ കറികൾ , പിന്നെ അടുത്തൊരു പാത്രത്തിൽ സാംബാർ . ആദ്യം സാംബാർ ഒഴിച്ച് പാതി കഴിക്കും , പിന്നെ കുറച്ചു ചോറും കൂടി വാങ്ങി, നല്ല പുളിയുള്ള മോരും ഒഴിച്ച് രണ്ടാമത്തെ റൌണ്ട് .തൈര് എന്ന് കേട്ടാലെ കലിപ്പ് വരും. കുറച്ചു കാലം വീട്ടിലുണ്ടായിരുന്ന സുന്ദരി പൂച്ചയും അച്ഛനോടൊപ്പം കുറച്ചു ദിനച്ചര്യകളൊക്കെ പഠിച്ചു .അച്ഛൻ ഉണ്ണാൻ വരുമ്പോൾ അവളും കൂടെ കൂടും , പക്ഷെ പുള്ളിക്കാരിക്കു സാംബാർ അത്ര പിടിത്തമില്ല ,അച്ഛൻ മോര് ചോറിൽ ഒഴിച്ചാൽ  മാത്രം അവൾക്കുള്ള വീതത്തിനായി കരച്ചിൽ തുടങ്ങും .ഒരു വലിയ ഉരുള അവൾക്കു കൊടുത്ത ശേഷമേ അച്ഛന് കഴിക്കാൻ പറ്റുകയുള്ളു .ഊണ്  കഴിഞ്ഞു ഒരു മുറുക്കാൻ, പിന്നെ മുന്നേകാലിനൊരു കടുപ്പ ചായ .നാലുമണിക്ക് പ്രത്യേകം കടികളിലോന്നും താത്‌പര്യമില്ല .പിന്നെ രാത്രിയിൽ മിക്കവാറും കഞ്ഞി , പയര് , ചമ്മന്തി അങ്ങനെ പോകുന്നു .

ഓണത്തിന് ഒരാഴ്ച്ചമുന്പേ ഉപ്പേരി വറക്കൽ തുടങ്ങും .പറംബിൽ  നിൽക്കുന്ന ഏത്തവാഴ വെട്ടി വറത്താൽ തന്നെ ധാരാളം .എന്നാലും മകൾക്ക് കായ്‌ വറത്തത്  ഇഷ്ടമല്ല , കപ്പ വർത്തതേ  പിടിക്കൂ .അകലെയുള്ള കടയിൽ നിന്നും അച്ഛൻ കപ്പയും വാങ്ങി എത്തും . ഓണ സദ്യയെക്കുറിച്ച്‌ പറയുകയാണെങ്കിൽ  , ഉത്രാടത്തിന് അമ്മ പായസം ഒക്കെ വച്ച് അയൽവക്ക കാർകൊക്കെ  കൊടുക്കും .തിരുവോണം തോട്ടുകടവിൽ അമ്മുമ്മയുടെ കൂടെ.അച്ഛൻ സ്വന്തം അമ്മയേക്കാളും അധികം സ്നേഹിച്ചിരുന്ന കൊച്ചമ്മ.അവിടെ നിന്നും ഓണ സദ്യയും കഴിച്ചു കൊച്ചമ്മയുടെ മക്കളായ , വിശ്വ നാഥനും ,സുകുവും, ബാബുവും, കുട്ടനും,രാജമ്മയും, മണിയമ്മയും ഒക്കെ ആയി കഥകളൊക്കെ പറഞ്ഞു തിരുവോണം പൊടിപൊടിക്കും , പിന്നെ പിറ്റേ ദിവസം ആലപ്പുഴ ചേട്ടന്റെ അടുത്താണ് ഓണസദ്യ .അതിന്റെ പിറ്റേന്ന് ചതയത്തിനു പുന്നപ്രയിൽ അമ്മവീട്ടിൽ .അച്ഛന് പ്രത്യേകം വേണ്ട കുത്തരിയും, പുളിയുള്ള തൈരും ഒക്കെ അമ്മയുടെ ബാഗിൽ ഭദ്രം .രണ്ടു ദിവസം അവിടുത്തെ തിമിര്പ്പു കഴിഞ്ഞു തിരികെ കുട്ടനാട്ടിലേക്ക്.വീണ്ടും പതിവ് ദിനച്ചര്യകളിലേക്ക് മടങ്ങിപ്പോകുന്ന അച്ഛൻ.തലേദിവസമേ നാളെ കാപ്പിക്കെന്താ , പിന്നെ രാവിലെ കാപ്പി കുടിച്ചു കൊണ്ടിരിക്കുംപോൾ ഉച്ചക്കത്തെ ആഹാരത്തിന്റെ പ്ലാനിംഗ് , പിന്നെ വൈകിട്ട് ഇന്നലെ ചെറുപയർ തോരൻ  ആയതു കൊണ്ട് ഇന്ന് വൻപയർ ആയിക്കോട്ടെ.ചായക്കല്പ്പം പാല് കൂടിയാൽ തുള്ളുന്ന അച്ഛൻ.മീൻ കുട്ടാനു എരിവു കുറഞ്ഞാൽ മുളകുപൊടി അതിലേക്കു കുടയുന്ന അച്ഛൻ , തൈരിനു പുളി  കുറഞ്ഞാൽ അസ്വസ്ഥനാകുന്ന അച്ഛൻ , ആഹാരത്തിന്റെ അവസാനം മാത്രം കുടിക്കുന്ന വെള്ളം, ആദ്യം തന്നെ അടുത്ത് വെച്ചിരിക്കണമെന്നു ശാട്ട്യം പിടിക്കുന്ന അച്ഛൻ, കൈകഴുകാനുള്ള വെള്ളം കിണ്ടിയിൽ കാണാഞ്ഞിട്ട്‌ അടുക്കളയിലെ ചെംബു കുടത്തിലെ വെള്ളം വഴി നീളെ ഉഴിച്ചു വാശി തീർത്ത അച്ഛൻ...ആ അച്ഛൻ ഭക്ഷണം കഴിച്ചിട്ട്  രണ്ടു മാസം കഴിഞ്ഞു .അറിയില്ല ദൈവത്തിന്റെ വികൃതികൾ ഇനിയും  എന്തൊക്കെ എന്ന് .ഓർമ  മുഴുവൻ നഷ്ടപ്പെട്ടിട്ടും  ധര്മ്മ ദൈവങ്ങളെ എന്ന് എന്നും  വിളിച്ചവൻ , അംബലപ്പുഴ കൃഷ്ണന്റെ മുൻപിൽ എല്ലാ ഒന്നാം തീയതിയും മുടക്കാതെ എത്തിയിവൻ , സർപ്പങ്ങൾക്ക് മുടക്കാതെ നൂറും പാലും നേര്ന്നവാൻ ,എല്ലാം ദൈവത്തിൽ അർപ്പിച്ചു ,ഒരു അല്ലലും അലട്ടലും ഇല്ലാതെ , എല്ലാവർക്കും നന്മ വരണേയെന്നു പ്രാർത്ഥിച്ചവൻ .ഞാൻ നല്ലത് ചെയ്താൽ ,എന്റെ കുട്ടിക്ക് നന്മ വരും എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചവൻ ....എന്നിട്ടുമെന്തേ...
ദുഷ്ട സംസർഗത്തിലൂടെ ഇടക്കൊക്കെ ക്രൂരൻ  ആയത് ,ആ ക്രൂരത ഏറ്റു വാങ്ങിയവർ ക്ഷമിച്ചല്ലോ ...പിന്നെയും എല്ലാം അറിയുന്ന ദൈവതിനെന്തേ ക്ഷമിക്കാൻ പറ്റുന്നില്ല.
ഒരു മനുഷ്യ ജന്മത്തിൽ ദൈവം കൊടുത്തിരുന്ന ആഹാരം മുഴുവൻ എന്റെ അച്ഛൻ കഴിച്ചു തീർന്നോ ...ആയുസ് ഇനിയും ബാക്കി , പക്ഷെ ആഹാരം നിനക്കിനിയില്ല എന്ന് പറഞ്ഞു എല്ലാം കാണുന്നവൻ മുകളിരുന്നു ചിരിക്കുംപോൾ  ,ഞാനിനി എന്താ വേണ്ടത് ..ചിരിക്കണോ കരയണോ ...