Friday, December 13, 2013

ഫേസ്ബൂക് എന്ന നന്മ നിറഞ്ഞ കൂട്ടുകുടുംബം ..

 രണ്ടായിരത്തി പതിമൂന്നു ഡിസംബർ മാസത്തിലെ പതിമൂന്നാം തീയതിയും , വെള്ളിയാഴ്ചയും കൂടി ഒരുമിച്ചു വന്നത് കൊണ്ടാകാം വല്ലാത്ത  ഒരു അലസത .വെറുതെ ഫസിബൂക്കിൽ കയറി , ഇറങ്ങി നോക്കി .അകെ മൊത്തം ഒരു അവിയല് പരുവം .ആരെക്കൊയോ ,എന്തൊക്കെയോ വിളിച്ചു പറയുന്നു ..അവധിക്കാലത്ത്  "എന്നെന്ന്നും കണ്ണേട്ടൻ "എന്ന സിനിമയിലെ കൂട്ട് കുടുംബത്തിൽ എത്തിയപോലെ ..ഓർകൂട്ടിൽ നിന്നും ഇങ്ങോട്ട് വരാൻ എന്തൊരു മടിയായിരുന്നു .പിന്നെ ആരെക്കൊയോ ഉന്തി തള്ളി ഇവിടെ എത്തിച്ചു. സ്കൂളിലെയും , കോളേജിലെയും കൂട്ടുകാരെ കണ്ടുമുട്ടിയതാണ് ഇവിടെ സ്ഥിര താമസമാക്കാൻ പ്രേരിപ്പിച്ചത്. ആദ്യമൊക്കെ ,അയ്യോ, എത്ര നാളുകൾക്കു  ശേഷമാ കണ്ടുമുട്ടുന്നത് ..പിള്ളേരൊക്കെ വലുതായല്ലോ ..നീ ഇപ്പോഴും പഴയതുപോലെ, കൂടുതൽ സുന്ദരിയായി ..അയ്യോ , അല്ല തടിച്ചു വീർത്തു , മുടിയൊക്കെ പോയി .. എന്നാ നാട്ടിൽ  വരുന്നത് , അങ്ങനെ അങ്ങനെ പോയി സംഭാഷണങ്ങൾ ..കുറേപ്പേർ അപ്പോഴും ഫസിബൂക്കിനെ ചീത്ത വിളിച്ചു ..ചുമ്മാ സമയം കൊല്ലി എന്ന് വിളിച്ചു കളിയാക്കി.പഠിക്കുന്ന കാലത്ത് മൂരാച്ചി ആയി  കൂട്ടുകാരൊന്നു മില്ലാതെ നടന്നതിനു ഫസിബൂക് എന്ത് പിഴച്ചു .സുഹൃത്തുക്കൾ  ഇല്ലാതെ ,സുഹൃത്ത് ബന്ധങ്ങളുടെ വിലയറിയാത്ത വിഡ്ഢികൾ എന്ന് വിളിച്ചു ,ഞാനവരെ .... .

പിന്നെ ,പിന്നെ , ചെറിയ ചെറിയ സന്തോഷങ്ങൾ പങ്കു വെക്കലായി ..കുട്ടികൾ എന്തെങ്കിലുമൊക്കെ   നേടുമ്പോഴും,പാടുമ്പോഴും, ആടുംപോഴുമൊക്കെ ഒന്ന് വിളിച്ചു പറയാൻ ഒരു ഇടം , നല്ല ഒരു ആഹാരം ഉണ്ടാക്കുപോഴും , ഹോട്ടലിൽ പോകുമ്പോഴും ഒക്കെ അനുഭവിക്കുന്ന സന്തോഷം കൂട്ടുകാരുമായി പങ്കു വെക്കുമ്പോൾ എന്ത് രസം. അപ്പോഴും വെറുതെ പൊങ്ങച്ചം കാണിക്കുകയാണെന്ന് പറഞ്ഞു ,ആ മൂരാച്ചികൾ കളിയാക്കി , . കൂട്ടുകാരുടെ കൊച്ചു, കൊച്ചു വിജയങ്ങളും സന്തോഷങ്ങളും  കാണുമ്പോൾ ,ഉണ്ടാകുന്ന അസൂയ കൊണ്ടാണ് , അങ്ങനെ തോന്നിയത്  എന്ന് പറഞ്ഞു( മനസിൽ) ഞാനവരോട് ..

ഒത്തിരി ഒത്തിരി കൂട്ടുകാരെ തന്നു ഫസിബൂക് .സമാന ചിധാഗതിക്കാർ ഒത്തു ചേരുന്ന ഒരു വലിയ കൂട്ടുകുടുംബം.പ്രക്രിതിയുടെ  ഒരു പടം ഇട്ടാൽ അവിടെ പ്രകൃതി സ്നേഹികൾ ഇഷ്ടം ഇടും. ഭക്ഷണത്തിന്റെ പടം ഇട്ടാൽ ഭ ക്ഷണ പ്രിയർ ഒത്തുകൂടി വെടിവട്ടം പറയും.. പട്ടിയുടെ പടം ഇട്ടാൽ പട്ടി പ്രേമികൾ കൊഞ്ചി ക്കാൻ വരും.. പിന്നെ ഒരിക്കലും വായിക്കാൻ ഇടയില്ലായിരുന്ന വേദാന്ത ചിന്ഥകൾ, പ്രിയപ്പെട്ട കൂട്ടുകാർ  പങ്കു വെച്ചപ്പോൾ വെറുതെ ഒന്ന് വായിച്ചു   അതിനോട് പതിയെ പതിയെ ഒരിഷ്ടം .. കൂട്ടി ഇടിച്ചാൽ മിണ്ടാത്ത ബന്ധു ക്കാരും, നാട്ടുകാരും  സമാന ചിധാഗതിക്കാർ ആണെന്ന് കണ്ടുപിടിച്ച ഒരു സന്തോഷം..നാടിനെ കുറിച്ചുള്ള ഓർമകളിൽ മനം നോവുമ്പോൾ ഓടി വരാൻ ഒരു സ്ഥലം .. ഇവിടെ വന്നാൽ കൂട്ടുകാര് പങ്കു വെച്ച പാട്ടുകളും കവിതകളും, കഥകളും കാണാം ..അത് വായിക്കുമ്പോൾ എനിക്കും എന്താ ഒന്ന് കുത്തി കുറിച്ചാൽ എന്ന ചിന്ത  .അതാണ് എന്നെ കൊണ്ട് ഇത് കുറിപ്പിച്ചത് ..പിന്നെ നമ്മുടെ മൂരാച്ചികൾ മാറാൻ ശ്രമിക്കുന്നു കേട്ടോ ...പക്ഷെ നല്ല കൂട്ടുകാ രെ കിട്ടാൻ, അവർ ഇനിയും  ഒത്തിരി മാറേണ്ടിയിരിക്കുന്നു. അതായതു അവനവൻ എന്തെങ്കിലും പങ്കു വെക്കാൻ പോകുന്നതിനു അര മണിക്കുറിനു മുൻപ് ഓടി നടന്നു മറ്റുള്ളവരുടെ ഇഷ്ടപ്പെടാതിരിക്കുക, പരസ്യമായി മറ്റുള്ളവരെ കുറ്റം പറയാതെ ,എന്തെങ്കിലും പിടിക്കാത്തത് കണ്ടാൽ രഹസ്യമായി അറിയിക്കുക , ഇതിനെ ഒരു സമയം കൊല്ലി എന്ന് വിളിച്ചിട്ട് സ്വന്തമായി എന്തെങ്കിലും പൊസ്റ്റി കഴിഞ്ഞു പച്ച വെളിച്ചവും കത്തിച്ചു മണിക്കുറുകൾ കാത്തിരിക്കുമ്പോൾ, മറ്റുള്ളവരുടെ പോസ്റ്റുകൾ വെറുതെ ഇഷ്ടപ്പെടുക എന്നിവ ചെയ്യ്താൽ , അടുത്ത വർഷമെങ്കിലും ഒത്തിരി നല്ല കൂട്ട്കാരെ നിങ്ങള്ക്കും കിട്ടും, ഈ കൂട്ട് കുടുംബത്തിൽ നിന്നും..
ഇനി ഞാൻ ഇത് അങ്ങോട്ട്‌ പോസ്റ്റ്‌ ചെയ്യ്തിട്ടു , നെല്ലോക്കെ വെയിലത്ത്‌ ഇട്ടിട്ടു കാത്തിരിക്കുന്ന പോലെ ഒരു ഇരിപ്പാണ് ...കൂട്ടുകാരുടെ ഇഷ്ടങ്ങളും, അഭിപ്രായങ്ങളും കൊണ്ട് ഇതങ്ങു മുറുകി, കുത്തരി  പരുവത്തിലായി , അടിപൊളിയാകട്ടെ ...എല്ലാവർക്കും നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു..


Friday, May 10, 2013

കാത്തിരിക്കുന്നവർ നഷ്ടപ്പെടുമ്പോൾ.......

വീണ്ടും ഒരു അവധിക്കാല യാത്ര നാട്ടിലേക്ക്,  രണ്ടര വര്ഷത്തിനു ശേഷമാണ് യാത്ര .കാത്തിരിക്കുവാൻ ഇത്തവണ ആദ്യമായി വാടക്കൽ അച്ഛൻ ഇല്ല. കാര് ചെന്ന് നിൽകുമ്പോൾ  ഖദർ മുണ്ട് മുടുത്തു വാതിലിൽ ഒരു കൈ  താങ്ങായി പിടിച്ചു , കുട്ടികളുടെ തോളിലൊന്ന്  തട്ടി "ഹാ  വന്നല്ലോ " എന്ന് പറയുന്ന അപ്പുപ്പൻ. സ്ഥലത്തെ പ്രധാന ഇംഗ്ലീഷ് വാചകമടിക്കാരന് ,അമേരിക്കൻ ഇംഗ്ലീഷ് കേൾക്കുമ്പോൾ  ഒരൽപം ദേഷ്യം വരുന്നില്ലേ എന്നൊരു സംശയം . പിന്നെ ക്രിക്കറ്റ്‌ മുഴുവൻ കൊച്ചുമക്കളെ അടുത്തിരിത്തി  പഠിപ്പിച്ചു കൊടുക്കും .കണ്ണൊന്നു തെറ്റുമ്പോൾ ചാരുകസേരയിൽ കയരികിടക്കുന്ന കൊച്ചുമോനോട് , "നീ അവിടെ കിടന്നോടാ  " എന്ന് വെറുതെ പറയും, അതിന്റെ അര്ഥം ഒന്ന് മാറെടാ എന്നാണ്.ഉച്ചയൂണ് കഴിയുമ്പോൾ, പലഹാര പാട്ടയിൽ നിന്നും എന്തൊകിലുമൊക്കെ എടുത്തു കഴിക്കുമ്പോൾ എല്ലാവര്ക്കും വീതം   കിട്ടും.ഓരോന്ന് ആലോചിക്കുമ്പോൾ വെറുതെ ഒരു ശൂന്യത . പ്രായമായ അച്ഛനും അമ്മയ്ക്കും എന്താണ് കൊണ്ട് പോകേണ്ടതെന്ന് ആലോചിക്കനില്ലല്ലോ എന്ന സങ്കടം . അമ്മയ്ക്ക് ഒരിക്കലും ആഗ്രഹങ്ങൾ ഇല്ലായിരുന്നു,അച്ഛനും. ഖദർ മുണ്ടും ഷർട്ടും , പിന്നെ ഷവിങ്ങ്  ക്രീമും,ബ്ലേഡും . അത് ഒരിക്കൽ നാടൻ ടൈപ്പു ഇവിടെനിന്നും വാങ്ങി കൊണ്ട് പോയി . പിന്നെ അവസാനമായി കൊടുത്ത പ്രധാന സാധനം ഒരു വടി യാണ് , കൈപിട്ച്ചു നടത്താൻ കൂടെ നില്ക്കാൻ പറ്റാതെ വരുമ്പോൾ ഒരു ഉന്നുവടി സമ്മാനം.
 " എന്നാലും എന്റെ മോനെ നിന്റെ അരി ഇത്രയും ദൂര തായിരുന്നല്ലോ " എന്ന അമ്മയുടെ വിലാപം ചെവിയിൽ മുഴങ്ങുന്നു. സ്വപ്ന സുന്ദര്മ്മായ അമേരികയെ കുറിച്ചാണ് അമ്മ അത് പറഞ്ഞത് .മരുമോൾ ആദ്യമായി ജോലികിട്ടിയ വിശേഷം പറഞ്ഞപ്പോൾ , എന്തിനായിരുന്നു കുഞ്ഞേ അവന്റെയും കുട്ടികളുടെയും കാര്യങ്ങൾ കഷ്ടതിലാകില്ലേ" എന്ന് ചോദിച്ച നിഷ്കളഗയായ ആ അമ്മ.ആശുപത്രി കിടക്കയിൽ അവസാനം കണ്ടപ്പോൾ, ആ മെല്ലിച്ച വിരലുകളുടെ  തണുപ്പ് ഇപ്പോഴും കൈയിൽ  തങ്ങി നില്ല്ക്കുന്നു .കാത്തിരിക്കാൻ ആ അമ്മയും അച്ഛനും ഇല്ലാത്ത വീട്. രണ്ടു വർഷങ്ങൾക്കിടയിൽ കുറച്ചു ദിവസങ്ങളിലേക്ക് കിട്ടിയിരുന്ന ആ സ്വാന്തനം അവിടെ യില്ല എന്നാ അറിവ് ഉത്സാഹം കെടുത്തുന്നു .ഇതു ഇതൊരു  പ്രവാസിയുടെയും നഷ്ട ങ്ങൾ.
പിന്നെ എന്റെ മിനികുഞ്ഞമ്മയെ നഷ്ടപ്പെട്ടത്‌ മനസിനെ വല്ലാതെ ചുട്ടു പൊള്ളിക്കുന്നു.കുഞ്ഞമ്മയനെങ്കിലും വെറും ഏഴു വയസേ മുപ്പ് ഉള്ളായിരുന്നു.അവസാനം സംസാരിച്ചപ്പോഴും പറഞ്ഞതാ  ഞാൻ വരുന്നത് വരെകാത്തു നില്ല്ക്കണമെന്ന്  .പക്ഷെ വയറിൽ തുടങ്ങിയ കാൻസർ ആ സരീരത്തിൽ ഭീകര താണ്ടവം ആടിയപ്പോൾ കുഞ്ഞമ്മ പ്രിയപ്പെട്ട മകളുടെ പരീഷക്ക് പോലും കാത്തു  നില്ല്ക്കാതെ കടന്നു പോയി.കൌമാരത്തിന്റെ വികട ത്തരങ്ങൾ  കണ്ടു അമ്മ നെഞ്ച്  പൊട്ടി ചീത്ത വിളിക്കുമ്പോൾ , " അത് നിന്നോട് അക്കനുള്ള സ്നേഹം കൊണ്ടല്ലേ "എന്ന് പറഞ്ഞു തന്നിരുന്ന ഏക വക്തി , ഉള്ളധികം ഇല്ലെങ്കിലും നന്നായി പരിപാലിച്ചിരുന്ന മുടിയും അല്പ്പം പൌഡർ പൂശി ഒരു വലിയ പൊട്ടും തൊട്ട ആ വട്ട മുഖവും , " രാജി, നീ ഇപ്പം വന്നെടി.. ഇന്ന് പോകേണ്ടെന്നു ചേട്ടനോട് പറ അക്കാ , എന്നുള്ള  ചേര്ത്തല ഭാഷയും മരണം വരെ മനസിലുണ്ട് കുഞ്ഞമ്മേ...എന്റെ സഘൽ പ്പതിലെ രാജകുമാരി , ഒരു രാജകുമാരാൻ വന്നു കെട്ടി കൊണ്ട് പോയി .
അവിടയും ഞാൻ ഒരു ദിനം കഴിച്ചിട്ടുണ്ട്, തളര്ന്നു കിടക്കുന്ന അച്ഛനെയും അമ്മയെയും നോക്കി, അവർ മരിച്ചു മൂന്നു മാസത്തിനുള്ളിൽ കാൻസർ ആക്രമിച്ചപ്പോൾ , " ഈ ലോകത്ത് മിനിയുടെ  ജോലി കഴിഞ്ഞെന്നു ഈശ്വരന്   തോന്നി കാണും' എന്ന് കുഞ്ഞമ്മ ഫോണിലൂടെ പറഞ്ഞപ്പോൾ ആ മുഖത്ത് സ്വതസിദ്ധമായ പുഞ്ചിരി ഉണ്ടായിരുന്നിരിക്കണം.അപ്പോൾ മോളോ എന്നാ മറു ചോദ്യത്തിനു, അവള് മിടുക്കിയല്ലേ അച്ഛന്റെ പൊന്നുമോൾ ..അതെ കുഞ്ഞമ്മ അത് അങ്ങനെ യല്ലേ വരൂ, കുഞ്ഞമ്മയും അച്ഛന്റെ പൊന്നുമോൾ ആയിരുന്നല്ലോ..സ്നേഹം കൊണ്ട് മിനി എന്ന് തികച്ചു വിളിക്കാതിരുന്ന ആ അച്ഛന്റെ അടുത്തേക്ക് പൊന്നുമോൾ യാത്രയായി .എല്ലാവരും പറഞ്ഞു അവസാനം കാണാതിരുന്നത് നന്നായി എന്ന്. കുത്തിയ തോട്ടിലൂടെ പോകുമ്പോൾ ആ പഴയ സുന്ദര മുഖം മനസിൽ ചേർത്ത് പിടിച്ചു വെറുതെ കുഞ്ഞമ്മ " രാജി നീ ഇപ്പം വന്നെടി എന്ന് ചോദിക്കുമെന്നു വിചാരിക്കാമല്ലോ, പിന്നെ സമയ തിരിക്കു കാരണം  അവിടെ ഇറങ്ങാത്തത് കൊണ്ട്  കാണാൻ പറ്റിയില്ല എന്ന് മനസിനു പറഞ്ഞു കബളി പ്പിച്ചിട്ടു ഒരു മടക്ക യാത്ര... അതാവും ഇത്തവണത്തെ ഒഴിവുകാലം.

Friday, March 29, 2013

ഇൻട്രി അപ്പവും പെസഹ പാലും




വീണ്ടും ഒരു ഈസ്റെര്‍ കാലം .എന്റെ   പെസഹ വ്യാഴത്തിനു,പടീത്ര മേരി പെബിളയുടെയും, രണ്ടു മേരിക്കുട്ടിമാരുടെയും ഓർമകളും , പെസഹ പ്പാലിന്റെയും, അപ്പത്തിന്റെയും ഗന്ധവുമാണ്  . ഒരു സംഘം ക്രിസ്ത്യാനി വീടുകൾക്കിടയിലുള്ള  ഉള്ള ഒരു ഹിന്ദു വീട്ടില്‍ ജനിച്ചതുകൊണ്ടുള്ള  ഗുണം. വ്യാഴാഴിച്ച രാത്രിയില്‍ തന്നെ അപ്പവും പാലും വീട്ടില്‍ കിട്ടും. ചൂടോടെ  തന്നെ തന്നാലെ അവര്‍ക്ക് സമാധാനമാവുകയുള്ളൂ.
ആയിരവേലി ജെട്ടിയില്‍ ഇറങ്ങി ആ പാലം കയറി  വടക്കോട്ടു നടന്നു നോക്കൂ. പണ്ടത്തെ ഓരോ വീടും കൈവെള്ളയിലെ രേഖകൾ പോലെ പരിചയം.വെറുതെ ഒരു സാഹിത്യം എഴുതിയതാ കൈവെള്ളയിലെ രേഖയെന്നൊക്കെ. എഴുതിക്കഴിഞ്ഞപ്പോൾ അറിയാതെ കൈവെള്ളയിൽ നോക്കിപ്പോയി. സത്യം പറഞ്ഞാൽ ആ രേഖ ഒന്നും ഒരു പരിചയവുമില്ലാത്ത പോലെ. അതവിടെ നിൽക്കട്ടെ .. നമുക്ക് കഥ തുടരാം.
 ചിറ മുഴുവന്‍ നടന്നു തീര്‍ന്നാല്‍ പിന്നെ അട്ടിയാണ്. അട്ടി എന്ന് വെച്ചാല്‍ തേങ്ങ കൂട്ടിയിട്ടു ഉണക്കി , അതിന്റെ എണ്ണ എടുത്തു വില്ല്ക്കുന്ന കച്ചവടം. മഴക്കാലമായാല്‍ അതുവഴിയുള്ള നടപ്പ് വളരെ കഷ്ടമാണ് . അട്ടിക്കും തോടിനും ഇടയിലുള്ള വഴിക്ക് വീതി വളരെ കുറവാണ് . അതിന്റെ കൂടെ " ഇവന്മാര്‍ക്കൊക്കെ കട്ട കുത്തിയിടാൻ  മഴക്കാലമേ കണ്ടോള്ലോ " എന്ന അച്ഛന്റെ പരിദേവനം . പിന്നെ വേലി കന്പിൽ  പിടിച്ചു ഒരു സര്‍ക്കസ്  കാരിയെപ്പോലെയാണ് നടപ്പ്. 
 കുറച്ചു കൂടി ചിറയില്‍ കൂടി നടന്നാല്‍ തെക്കേ അറ്റത്തു പെണ്ണമ്മയുടെ വീടെത്തും. അതാണ് ആദ്യത്തെ വീട്. രണ്ടാമത്തെ വീടെത്താന്‍ കുറച്ചു നടക്കണം. അതാണ് തങ്കമ്മയുടെ  വീട്. വലിയ വലിയ കൊഞ്ചു കളാണ് ആ വീടിനെക്കുരിച്ചലോചിക്കുമ്പോള്‍ മനസിലേക്ക് വരുന്നത്. അവരുടെ പ്രധാന കച്ചവടമാണ്  . പിന്നെ വലിയ വലിയ ഇല്ലികള്‍ നിറഞ്ഞതാണ്‌ അവരുടെ കടവ്. വല്ലപ്പോഴും ഒന്ന് കേണു അപേക്ഷിച്ചാൽ  നല്ല വടി വെട്ടി ചീകിമിനുക്കി തരും അവിടുത്തെ രാജു .അതും കൊണ്ട് സ്കൂളില്‍ പോയാല്‍ നല്ല ഗമയാണ്‌. സ്വന്തമായി കൊണ്ടുകൊടുത്ത വടി കൊണ്ട് അടി മേടിച്ചവൾ  എന്ന റിക്കാർഡും  എനിക്ക് സ്വന്തം.ആ കഥ അടുത്ത ലക്കത്തിൽ .
 അടുത്തവീട് വര്ഘീസു മാപ്പിള്ളയുടെ ആണ്. ചാണകപ്പൊടി കച്ചവടക്കാരൻ ആയിരുന്നു  അദ്ദേഹം . എല്ലാ വീടുകളിലും  കയറി ഇറങ്ങി  ഉണങ്ങിയ ചാണകപ്പൊടി ശേഖരിക്കും . പിന്നെ മാസത്തിലൊരിക്കല്‍ എല്ലാം കൂടി വലിയ കെട്ടുവള്ളത്തില്‍ കയറ്റി തനിയെ തുഴഞ്ഞു ദൂരെ കൊണ്ടുപോയി  വിൽക്കും . തല്ക്കാലം ഒരാൾക്ക് താമസിക്കാനുള്ള സൌകര്യങ്ങളൊക്കെ ഉള്ള  ഒരു  കെട്ടുവള്ളം . ചാണക പൊടി  ഇടുന്ന ഭാഗം തിരിച്ചു മാറ്റി , കഞ്ഞിയും കറിയും വെക്കാനുള്ള സ്ഥലം .പിന്നെ ഒന്ന് തല ചായിക്കാൻ വല്ല തലപ്പും.അദേഹത്തിന്റെ ഭാര്യ മരിച്ചു പോയി. രണ്ടു സുന്ദരി പെണ്മക്കളുടെ സ്നേഹം ആയിരുന്നു ആ കൊച്ചു വീട്ടിന്റെ സ്വര്‍ഗം . തൊട്ടടുത്ത വീട് വര്ഘീസു മാപ്പിളയുടെ ചേട്ടന്റെ യാണ്. അവിടെ എന്റെ കൂടെ കളിയ്ക്കാന്‍ കൂട്ടുകാരെ യൊക്കെ കിട്ടിയിരുന്നു. പിന്നെ ത്രെസ്യകുട്ടി യുടെ വീട്. അടുത്ത വീട് കുറച്ചു ഉള്ളിലേക്ക് കയറിയിട്ടാണ്. കൊച്ചു കൊച്ചും, പപ്പനും , ദേവകിയും, വിനീതയും ഒക്കെയുള്ള എന്റെ പ്രിയപ്പെട്ട വീട്. കൊച്ചു കൊച്ചാണ്‌  അമ്മയുടെ സഹായി.പിന്നെ വിനീത എന്റെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരി. ഒന്നാം ക്ലാസ്സില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ചേര്‍ന്നത്‌.മൂന്നു വർഷങ്ങൾ ഇണ പിരിയാത്ത കൂട്ടുകാർ . പാട വരംന്പിലൂടെ , ഇളം കതിരുകൾ ഊരി എടുത്തു തിന്നുകൊണ്ടുള്ള  യാത്രകൾ , കമ്മലു മോഷ്ടിക്കാൻ വന്ന രമേസനിൽ നിന്നും രക്ഷപെടാൻ ജീവന് കൈയ്യിലെടുത്തുള്ള ഓട്ടം  ഒക്കെ എങ്ങനെ മറക്കാനാവും.

വാഴയില വെട്ടിയെടുത്തു, പള്ളിക്കൂട വരാന്ദയിൽ  ഉപ്പുമാവ് തിന്നാനിരുന്ന എന്നെ ചെവിക്കു തൂക്കിയെടുത്ത വിശ്വം ചിറ്റപ്പനോടു അലറി ചോദിച്ചത് , വിനീതക്കു ചെയ്യാവുന്നത്, എന്തുകൊണ്ട് എനിക്കായിക്കൂട എന്നായിരുന്നു. ഈ ലോകത്ത് സമത്യം ഇല്ലെന്നുള്ള ആദ്യ പാഠം അങ്ങനെ പഠിച്ചു .  വിനീതയുടെ  വീട്ടിലെ  പ്രധാന വിഷയം അമ്മുമ്മ ,കുട്ടി ചോവത്തിയാണ് .കുട്ടി ചോവത്തിക്കെന്താ പ്രത്യേകത? അയ്യോ പ്രത്യേകതയോന്നുമില്ല, പിന്നെ പുള്ളിക്കാരി ബ്ലൌസ് ഉപയോഗിക്കാറില്ല.അത്രേയുള്ളൂ. ഒരു കൈലി മാത്രമാണ് വേഷം. മുറിയടച്ചു അകത്തിരിക്കുകയൊന്നുമല്ല കേട്ടോ.  പെണ്‍കുട്ടികൾ മാന്യമായി വേഷം ധരിച്ചില്ലെങ്കിൽ അവരെ ആക്രമിക്കുന്ന നാട്ടുകാരെ , ഇത് സത്യം ,എന്റെ നാട്ടിൽ   ഒരു മാറ് മറക്കാത്ത സ്ത്രീ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്വര്‍ഗ്ഗ നാട്ടില്‍ ആര്‍ക്കും അതൊരു വിഷയമല്ലായിരുന്നു. അത്രയ്ക്ക് പുണ്യം നിറഞ്ഞ നാടായിരുന്നു അത്.ഇനിയും ഉണ്ട് കുറേ വീടുകൾ ക്രിസ്ത്മസ് ആകുന്പോഴേക്കും അതൊക്കെ കുറിക്കാം ..  അറിയില്ല എന്റെ ആദ്യ കൂട്ടുകാരി ഇപ്പോൾ എവിടെയാണെന്ന് . ആ ഓർമയിൽ മറ്റൊന്നും എഴുതാൻ കഴിയുന്നില്ല.. ഈ ഈസ്റെർ ആ ഓർമയിൽ ആഘോഷിക്കട്ടെ ... 

Friday, January 11, 2013

കേശവ ചോവനും , പിറന്നാള്‍ വിശേഷങ്ങളും... നാലിടങ്ങഴിയോ അതോ രണ്ടുകെട്ടോ....?രണ്ടാം ഭാഗം

കേശ വന്‍ കുഞ്ഞു കയ്യും കെട്ടി നില്ല്ക്കുന്നിടത് നിന്നും നമുക്ക് രണ്ടാം ഭാഗം തുടങ്ങാം . ഈ ഭാഗത്തില്‍ ആ നാലുകെട്ടിലേക്ക് എന്നും വിരുന്നു വരുന്ന നാടുകാര്‍ക്കും, പ്രകൃതി ഭംഗിക്കും പ്രാധാന്യം കൊടുക്കാം എന്ന് വിചാരിക്കുന്നു. കേശവ ചോവനില്‍ നിന്നും തുടങ്ങണം ആ കഥ. നീണ്ടു മെലിഞ്ഞ രൂപം,കക്ഷത്തില്‍ ഒരു വടി, മടക്കി കുത്തിയ കൈലി . നീണ്ട മീശ, തെറുത്തു വെച്ച കൈയോടുകൂടിയ ഷര്‍ട്ട്‌ ,ചിരിക്കുമ്പോള്‍ കാണാവുന്ന വെളുത്ത പല്ലുകള്‍, ഇത്രയുമായാല്‍ കേശവാ ചോവനായി .അതിരാവിലെ വരും വീട്ടില്‍, അംബികാമ്മെ  , ചൂട് വെള്ളമുണ്ടോ , കട്ടന്‍ ചായ ക്ക് വേണ്ടി ആണാ  ചോദ്യം. പിന്നെ  ബീഡി കത്തിക്കാന്‍ ഇത്തിരി തീയും.അത്യാവശ്യം സാധനഗല്‍ കടയില്‍ നിന്നും വാങ്ങിപ്പിക്കാന്‍ പുള്ളിക്കാരന്‍ ധാരാളം . മിച്ചമുള്ള പൈസ ഒരു അണ കുറയാതെ കൊണ്ട് തരും . അമ്മ പറയാറുള്ളതാണ് കേട്ടോ. പക്ഷെ ഒരൊറ്റ കുഴപ്പമേ യുള്ളൂ. ചില ദിവസങ്ങളില്‍ പുള്ളിക്കാരനെ പച്ച പട്ടുടുത്തു കിടക്കുന്ന വയലിലെ കാണതുള്ളൂ . വലത്തേക്കാല്‍ ഒന്ന് ചരിച്ചു പിടിച്ചു കഷ് ത്തി ലി രുന്ന വടി വലത്തെ കൈ കൊണ്ട് കറക്കി, ഒരു പ്രത്യേക താളത്തില്‍ അന്ദേഹം പാട്ട് തുടങ്ങും. പാട്ടെന്നു വച്ചാല്‍ പല്ലവി വെറും "ഇല്ലാ, ഇല്ലാ , ഇല്ലാ ....പിന്നെ ചിലദിവസങ്ങളില്‍ അനുപല്ലവിക്കു ഏതെങ്കിലും വീട്ടു കാരെ തിരഞ്ഞെടുക്കും, എന്നിട്ട് അവരുടെ അച്ഛന്‍, അമ്മ, മക്കള്‍ എല്ലാവരുടെടും പേര് നിരയായി പറഞ്ഞു അവസാനം  എല്ലാവരും ഭൂമിക്കടിയില്‍ എന്ന് പറഞ്ഞവസാനിപ്പിക്കും. പുള്ളിക്കാരന്റെ മക്കളും ഈ പാട്ടില്‍ പെടും. ഇപ്പോഴും ആ വരികള്‍ കാണാപ്പാടം.... മൂത്ത മകന്‍ ദാസന്‍, രണ്ടാമത്തവന്‍ വിജയന്‍ , മൂത്ത മകള്‍ ഓമന, രണ്ടാമത്തവള്‍ വിലാസിനി, അവസാനത്തവന്‍ സതി, പിന്നെ ചേര്‍ത്തല പങ്കജാക്ഷി ( അത് അദേഹത്തിന്റെ  ഭാര്യ ആയിരുന്നു.) , എല്ലാവരും ഭൂമിക്കടിയില്‍. മനുഷ്യ മനസിന്റെ താളം തെറ്റല് കളെ ക്കുറിച്ച് പറഞ്ഞു തരാന്‍ ആരും ഇല്ലായിരുന്നു, ചിരിക്കണോ വേണ്ടയോ എന്നൊരു ചിന്ത  ആദ്യമൊക്കെ, പിന്നെ പിന്നെ അത് നിത്യ ജീവിതത്തിന്‍റെ  ഭാഗമായി .രാജിമോളെ ഒത്തിരി ഇഷ്ടമായിരുന്നു , കേശ വ ചോവന്  .തന്‍റെ  കൊച്ചംബ്രാന്‍റെ മോള്‍ക്ക്‌ ഒരു പട്ടികുട്ടിയെ സമ്മാനിച്ചാണ് അന്ദേഹം ആ സ്നേഹം പ്രകടിപ്പിച്ചത്. കറുമ്പന്‍ എന്നാ കുട്ടുകാരന്‍ പട്ടിയെ    നന്മ നിറഞ്ഞ നാട്ടുകാര്‍  ചൊറിച്ചു മല്ലി, "പാട്ടുകാരന്‍ കുട്ടിയാക്കി". മാനസിക  വിഭ്രാന്ധികള്‍ സ്നേഹത്തിനും, തിരിച്ചറിയലിനും  ഒരു തടസമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ വീണ്ടും ഉണ്ടായിട്ടുണ്ട്.പതിമൂന്നു വര്‍ഷങ്ങള്ള്‍ക്ക് ശേഷം സാധാരണ നാട്ടുകര്‍ക്കുപോലും തിരിച്ചറിയാത്ത വിധം മാറിപ്പോയ  രാജി മോളെ  നെടുമുടി ബോട്ട് ജെട്ടിയിലെ തിരക്കിനിടയില്‍   ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ പ്രിയപ്പെട്ട കേശോചോവാ  , എനിക്കും നിങ്ങളെ ഒത്തിരി ഇഷ്ട മായിരുന്നു കേട്ടോ. പങ്കജാക്ഷിയും , ഓമനയും, വിലാസിനിയും എല്ലാം   എനിക്ക് ഒത്തിരി വാത്സല്യം പകര്‍ന്നു തന്നിരുന്നു.പിറന്നാള്‍ പ്രമാണിച്ച് കുട്ടുംമേല്‍ അമ്പലത്തില്‍ തൊഴാന്‍ പോകുമ്പോള്‍ , വിലാസിനി ടീച്ചറിന്റെയും , തങ്കപ്പന്‍ സാറിന്റെയും വീടിന്റെ അക്കെരയിലേക്ക് ചൂണ്ടി  കാണിച്ചു അച്ഛന്‍ പറയും , ദാ , അവിടെയാണ് ലക്ഷം വീട് കോളനി, കേസവ ചോവന്റെ വീട്...പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് , പക്ഷെ എന്തോ ആരോടും ആ  ആ ഗ്രഹം അവതരിപ്പിച്ചിട്ടില്ല ഇതുവരെ.
വീടിന്നു മുന്‍പില്‍ പുല്ലാട്ട് പടം ആണ്.രാവിലെ എഴുന്നേറ്റു കിഴക്കോട്ടു നോക്കിയാല്‍ അതി മനോഹരമായ സൂര്യോദയം കാണാം. ആകാശം സ്വര്‍ണ വര്‍ണത്തില്‍ കിടക്കുന്നത് കണ്ടാല്‍ ഇപ്പോഴത്തെ ഫോട്ടോ ഭ്രാന്തന്‍ മാര്‍ സ്ഥിരംമായി കുട്ട്നാട്ടില്‍ കൂടികളയും.മഞ്ഞു തുള്ളികള്‍ ഇറ്റിട്ടു വീഴുന്ന വയലോലകള്‍.കിഴക്കെ കരയില്‍ കൂട്ടുമേല്‍ അമ്പലം .പിറന്നാളിനും , താലപ്പൊലിക്കും ആണ് അങ്ങോട്ട്‌ പോകുന്നത് . മകളുടെ പിറന്നാളുകള്‍ കേസവ പിള്ളക്കെന്നും ഉത്സവങ്ങള്‍ ആയിരിന്നു. ഡിസംബര്‍ മാസത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള കലണ്ടര്‍ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും വാങ്ങിക്കുമ്പോള്‍ മുതല്‍ അത് തുടങ്ങുന്നു.വീട്ടിലെത്തി പതിവ് പോലെ മിക്സ്ചെരും,ബാലരമയും മകളെ ഏല്‍പ്പിച്ചിട്ട് , അന്ദേഹം ആ കലെന്ടെര്‍ ചുരുള്‍ അഴിക്കും.ആദ്യമായി അതിന്റെ പുതു മണം മൂക്ക് വിടര്‍ത്തി നന്നായി ഒന്ന് ആസ്വദിക്കും.പിന്നെ കുഭമാസത്തിലെ  പൂയം നാള്‍ കണ്ടു പിടിക്കലായി,"എടി അംബികേ , ഇത്തവണ ഇവളുടെ പിറന്നാള്‍ വ്യാഴാഴിച്ച ആണ് നന്നായി.ഇനി സനിയാഴിച്ച ആണെങ്കിലോ പ്രത്യേക വഴിപാട്  ശിവന്റെ നടയില്‍ കഴിക്കണം.അങ്ങനെ പോകുന്നു ആ വിസകലനം.പിറന്നാള്‍ തലേ ദിവസം, കുട്ടുംമേല്‍ അമ്പലത്തില്‍ പായസ്ത്തി നുള്ള അരി യും, തേങ്ങയും, ശ ര്‍ക്കരയും പിന്നെ കൊതുമ്പും ,കാലേകൂട്ടി കൊടുക്കണം.അതിനായി പോകുമ്പോള്‍ അന്ദേഹം മകളെയും കൂട്ടും. അച്ഛന്റെ പുറകെയുള്ള ആ യാത്ര എന്നും ഒരു അനുഭവമായിരുന്നു. വൈകിട്ടും ചെറിയ നനവ്‌ നിറഞ്ഞു നില്ല്ക്കുന്ന പാ ടം. വരമ്പിന്റെ ഇടയ്ക്കു മട വീണ സ്ഥലങ്ങള്‍ ചാടി കടക്കണം.പിന്നെ നെല്ല് കതിരിട്ടു വരുന്ന സമയമാണെങ്കില്‍ ഇളം  കതിര് വലിച്ചൂരി തിന്നാല്‍ നല്ല രസമാണ്.തിരിഞ്ഞു നോക്കാതെ ഇടയ്ക്കിടയ്ക്ക്, അന്ദേഹം മകളെ ശാസി ക്കും, വെറുതെ കതിര് നശിപ്പിക്കാതെ എന്ന്. പിന്നെ പാടം  തീര്‍ന്നു  കിഴക്കേ കരയില്‍ എത്തിയാല്‍ പിന്നെ എല്ലാ വീടുകാരോടും അന്ദേഹം ഉച്ചത്തില്‍ പ്രഖ്യാപിക്കും ,നാളെ മോളുടെ പിറന്നാള്‍ ആണ് , അമ്പലത്തില്‍ പോവുകയാണ്. ഇവിടെയാണ്‌ നന്മ നിറഞ്ഞ നാട്ടുകാരുടെ  എല്ലാ അനുഗ്രഹങ്ങളും ആ മകളെ തേടി എത്തിയിരുന്നത്.കേശവന്‍ കുഞ്ഞിന്നു  ആറ്റു  നോറ്റു ഉണ്ടായ മകളക്ക് ,അദേഹത്തിന്‍റെ  അമ്മയുടെ അതെ നിറമാണ് കിട്ടിയിരിക്കുന്നതെന്ന്, നാട്ടുകാരുടെ അടക്കം പറഞ്ഞു. പിറന്നാള്‍ ദിവസം കേസവ ചോവനും, മീശ ആശാനും, കുഞ്ഞപ്പിയും,കൊച്ചുകൊച്ചും, ഒക്കെയായി വിഭവ സമര്‍ഥമായ സദ്യയും, നാട്ടു കാര് എല്ലാം  പായസവും... അങ്ങനെ അന്ദേഹം മകളുടെ പന്ത്രണ്ടു പിറന്നാളുകള്‍ ആഘോഷിച്ചു.
 അമ്മ ഇന്നലെ പറഞ്ഞു നീ അച്ഛനെ ക്കുറിച്ച് എഴുതുനെന്നു.ഇത് അച്ഛനെ ക്കുറിച്ച് മാത്രമല്ല എന്നെ ഞാനാക്കിയ എന്റെ നാടിനെക്കുരിച്ചാണ്.ഇനിയും ഒതിരി കുത്തി കുറിക്കാനുണ്ട് . വായിച്ചു അഭിപ്രായം പറയുന്ന എല്ലാ കൂടുകാരക്കും, വീട്ടുകാര്‍ക്കും   ഒത്തിരി നന്ദി .....
തുടരും....