"നമുക്ക് എന്തുണ്ടെന്നോ , എങ്ങനെ ജീവിക്കുന്നതോ എന്നുള്ളതല്ല സന്തോഷം തരുന്നത്, മറിച്ച് നമ്മൾ എന്ത് ചിന്തിക്കുന്നു എന്നുള്ളതാണ്" ,ഈയിടെ വായിച്ച ഒരു പുസ്തകത്തിലെ വരികളാണ് കേട്ടോ .ഇതെന്നെ വല്ലാതെ അങ്ങ് ഇരുത്തി ചിന്തിപ്പിച്ചു .ഒന്ന് ചിന്തിച്ചു നോക്കിക്കേ? സംഭവം സത്യമല്ലേ ?ചിലരുടെ ഒക്കെ കൈയിൽ ഉള്ള ഡയമണ്ട് മാല തൊട്ട് പഞ്ചാര ഇട്ട് വെച്ചിരിക്കുന്ന പാത്രം വരെ, ഇങ്ങനെയുള്ള ചിന്തകളുടെ പരിണിതഫലമായി കൈയിൽ എത്തിയതാണ് .അല്ലാതെ ഇതൊക്കെ സന്തോഷം തരുന്നുണ്ടോ എന്ന് ചോദിച്ചാൽ ,ആ ആർക്കറിയാം എന്നുത്തരം .പക്ഷെ നല്ല കാര്യമല്ലേ? ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത് .
നല്ല കാര്യം മാത്രമല്ല ഈ ചിന്തകളിൽ നിന്നും ഉരുത്തിരിയുന്നത് .ചുമ്മാ ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു ആധി കേറി നടന്നു, ജീവിതം കുട്ടിച്ചോർ ആക്കുന്ന എത്രപേർ .ഉദാഹരണത്തിന് , നമ്മുടെ പ്രധാന ആധി , നമ്മുടെ കുട്ടികളുടെ ഭാവി എന്താകും എന്നോർത്തിട്ട് ആണല്ലോ ?അല്ല , ഭാവി പ്രവചിക്കാൻ നമ്മളാര് ?നമുക്ക് ശരി എന്ന് തോന്നുന്നത് മാത്രം അവർക്ക് വേണ്ടി ചെയ്യുക .ഭാവിയെ കുറിച്ച് ചിന്തിക്കണ്ട എന്നല്ല . ചിന്തിച്ചു, ശരിയെന്നു തോന്നുന്നത് ചെയ്യുക.പിന്നെ എന്താകും എന്ന് ചിന്തിച്ചു ആധി പിടിച്ചു നമ്മുടെ ജീവിതം പാഴാക്കാതിരിക്കുക .അല്ലെങ്കിൽ തന്നെ നമ്മുടെ ജീവിതത്തിൽ തന്നെ പണ്ട് ചിന്തിച്ചത് പോലെ ഒക്കെയാണോ ഇപ്പോൾ നടക്കുന്നത് ? ഒരു ഇന്ത്യൻ അമേരിക്കൻ ചിന്താഗതികളുടെ കൂട്ടി കുഴക്കൽ .എന്നിട്ട് നടുവിൽ ഒരു വര വരക്കുക.അതായതു ഇന്ത്യൻ ചിന്താഗതിപോലെ കുട്ടികളെ കുറിച്ചോർത്തു ശിഷ്ട ജീവിതം പാഴാക്കാതിരിക്കുക ,എന്നാൽ അമേരിക്കനെപോലെ , പതിനെട്ടു കഴിഞ്ഞാൽ നിനക്ക് നിന്റെ വഴി എന്ന് പൂർണമായിട്ടങ്ങ് പറഞ്ഞ് നട തള്ളാതെയും ഇരിക്കുക,എങ്ങനെയുണ്ടെന്റെ ചിന്ത ?
പിന്നെ ഇതിലും അതിഭീകരമായി ചിന്തിച്ചു , ചിന്തിച്ചു ജീവിതം പാഴാക്കുന്ന വേറെ ഒരു കൂട്ടരുണ്ട് .ഇവർ സ്വന്തമായി ഒന്നും ചെയില്ല .എപ്പോഴും ചിന്ത മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നുള്ളതാണ് .ഇപ്പോൾ പിന്നെ ഈ സോഷ്യൽ മീഡിയകൾ കൂടി ആയപ്പോൾ പറയുകയും വേണ്ട .ഒറ്റക്കിരിക്കുന്പോൾ ഇവരിങ്ങനെ ഇതിലൊക്കെ മിണ്ടാതെ പതുങ്ങിയിരിക്കും .പിന്നെ നാലാളെ കാണുന്പോൾ ," ഇല്ലേ ,അവൾക്കു അല്ലെങ്കിൽ അവനു വേറെ ഒരു പണിയുമില്ലേ "എന്നൊരു ഒറ്റ കമെന്റു മതി മറ്റൊരാളുടെ ജീവിതം തേജോവധം ചെയ്യാൻ .സമാന ചിന്താഗതിക്കാർ ഒത്തുചേർന്നു അതൊരു ആഘോഷമാക്കി മാറ്റും .സോഷ്യൽ മീഡിയയിൽ അറുമാദിച്ച സുഹൃത്ത് , കിട്ടിയ ലൈക്കും പോസിറ്റീവ് കമന്റും വായിച്ചു സന്തുഷ്ടനായി ,അവനവന്റെ ജോലി നോക്കി സന്തോഷവാനായി ജീവിക്കുന്പോൾ , ഈ സഹജീവികൾ നെഗറ്റീവ് ചിന്തകളിൽ മുഴുകി , കുറ്റം പറയാനുള്ള പുതിയ ആൾക്കാരെയും തേടി, തേടി ജീവിതം പാഴാക്കുന്നു .കലികാലം അല്ലാതെന്തു പറയാൻ .
ഇനിയും ഉണ്ട് വേറെ ചിലർ , എല്ലാ സൌഹൃത സംഭാഷണത്തിനും ,അവർ ചിന്തിച്ചു ചിന്തിച്ചു വേറെ അർത്ഥങ്ങൾ തേടും .മറ്റുള്ളവർ എന്തായിരിക്കും അങ്ങനെ പറഞ്ഞത് , അവർ എന്നെക്കുറിച്ച് മോശം ആയിട്ടാണോ വിചാരിക്കുന്നത്. അവർ എന്താ എന്നെ മനസിലാക്കാത്തത് , അങ്ങനെ പോകും ആ ചിന്തകൾ .ഓരോരുത്തരും അവരവർക്ക് തോന്നുന്നത് പറയുന്നു , ഞാൻ തെറ്റൊന്നും ചെയ്യ്തിട്ടില്ലെങ്കിൽ അവർ എന്നെക്കുറിച്ച് മറ്റെന്തു വിചാരിക്കാൻ , അവർ എന്നെ മനസിലാക്കുന്ന വിധത്തിൽ തുറന്നു സംസാരിക്കണം അടുത്ത തവണ .ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ജീവിതം സുഖം സുഖകരം.നമുക്ക് നമ്മുടെ സ്വതന്ത്ര ചിന്തകളെ വളരെ പോസിറ്റീവ് ഊർജ്ജ ത്തോടെ കാര്യക്ഷമതയുള്ള രീതിയിൽ തിരിച്ചു വിട്ടാൽ , അവ നമുക്ക് സന്തോഷവും, സമാധാനവും കൊണ്ടുതരുന്നതായി കാണാം .അല്ലാതെ ഇതു മുഴുവൻ വായിച്ചിട്ട് ഈ പെണ്ണിനു വേറെ ഒരു പണിയുമില്ലേ എന്നാണ് ചിന്തിക്കാൻ പോകുന്നതെങ്കിൽ , ഇത് വായിച്ച നിങ്ങളുടെ സമയം വേസ്റ്റ് .അപ്പോൾ നല്ല ചിന്തകൾ നിറഞ്ഞ ഒരു സന്തുഷ്ടകുടുംബ ജീവിതം എല്ലാവർക്കും നേരുന്നു .എനിക്കും തിരിച്ചൊന്നു നേർന്നേക്കണേ.ഇതൊക്കെ വാരി വലിച്ചു എഴുതാൻ എളുപ്പം ,പക്ഷെ പ്രവർത്തിയിൽ കൊണ്ട് വരാൻ എല്ലാവരുടെയും ആശംസകൾ വേണം . ഇനി ഇതു വായിച്ചു നിങ്ങൾ എന്തൊക്കെയാണ് ചിന്തിക്കുന്നത് ,എന്നും ചിന്തിച്ചു കൊണ്ട് ഞാനെന്റെ ദിവസങ്ങൾ പാഴാക്കുമോ എന്തോ?????
