Sunday, October 30, 2016


മനക്കണ്ണാടി




ഈ ദീപാവലിക്ക് , വിളക്കുകൾ തെളിക്കുന്നതിനു പകരം ,
അവളുടെ മനക്കണ്ണാടി തുടച്ചു മിനുക്കി , ആയിരം തിരിയിട്ടു കത്തിക്കാൻ ശ്രമിക്കുകയായിരുന്നു അനാമിക .പൊടിപിടിച്ച, ചിന്തകളാണ് അതിനെ ക്ലാവ് പിടിപ്പിക്കുന്നത് ...ആ പൊടിതട്ടാൻ  എന്തെങ്കിലും തേടി ചുറ്റും പരതുന്പോൾ ആണ് ,ചുറ്റുമുള്ള വിവിധതരം കണ്ണാടികൾ ശ്രദ്ധയിൽ പെട്ടത് .അവയെല്ലാം കൂടി അവളെ വളഞ്ഞിരിക്കുകയാണ് .അവളുടെ ഓരോ ചലനങ്ങളും ആവാഹിച്ചു ,ഓരോരോ കണ്ണാടിയിൽ ഉള്ള ചെളി, പൊടി, ക്ലാവ് ,പിന്നെ ജാതി, മതം , അസൂയ, മുതലായ മൂലം ബാധിച്ച തിമിരം , ഇങ്ങനെയുള്ള എല്ലാം അവളുടെ പ്രതിബിംബത്തിൽ കലർത്തി ,മറ്റുള്ളവരിലേക്ക് അവളെ പ്രതിഫലിപ്പിക്കുന്ന ,വളരെ പ്രിയമെന്നു കരുതി സൂക്ഷിക്കുന്ന ആ കണ്ണാടി കൂട്ടങ്ങൾ .തെറ്റായി  പ്രതികരിച്ചപ്പോൾ ഉടഞ്ഞവയും ഉണ്ട് , എപ്പോഴെങ്കിലും പശ ചേർത്ത് ഒട്ടിക്കാമെന്നു വിചാരിച്ചു കൂട്ടി വെച്ചതാണെല്ലാം  .പക്ഷെ ശ്രമിച്ചപ്പോളൊക്കെ  ഹൃദയം മുറിഞ്ഞു  ചോര ഒഴുകിയതല്ലാതെ  ഒന്നായില്ല അവ .ക്ലാവ് പിടിച്ച കണ്ണാടികൾ ഒട്ടില്ല .കളഞ്ഞേക്കൂ.. ആ മുറിവേൽപ്പിക്കുന്ന കഷ്ണങ്ങൾ ..ഉൾകണ്ണാടി അവളോട് ചൊല്ലി ...അനുസരിക്കാതെ തരമില്ല .പക്ഷേ , ഈ കളയുന്ന  കണ്ണാടികളുടെ  പ്രതിഫലനത്തിലൂടെ തന്നെ കാണുന്ന കുറെ കണ്ണാടികൾ അവയ്‌ക്കപ്പുറമുണ്ട് .കൂട്ടത്തിൽ അവയും നഷ്ടപ്പെടില്ലേ.അതായിരുന്നു ആദ്യത്തെ വിഷമം .പിന്നെ കാലം തെളിയിച്ചു , മറ്റു കണ്ണാടിയുടെ പ്രതിഫലനത്തിലൂടെ അല്ലാതെ നേരിട്ട് നമ്മെ കാണാൻ, മനസിലാക്കാൻ അവയൊക്കെ സ്വയം പതിയെയെങ്കിലും  പ്രാപ്‌തരാകുമെന്ന് .അതൊരു വല്ലാത്ത തിരിച്ചറിവായിരുന്നു .എന്റെ കണ്ണാടിയും തുടക്കട്ടെ ഞാൻ , ഒരിക്കലും ആരുടെയും പ്രതിബിംബങ്ങൾ കാണാൻ മറ്റൊരു കണ്ണാടി എനിക്കിനി വേണ്ട ..എന്റെ കണ്ണാടി മാത്രം  മതി 
പിന്നെ  പൊട്ടി മുറിവേൽക്കുന്നതിനു മുൻപ് ക്ലാവ് തേച്ചു മിനുക്കാൻ മിനക്കിടാതെ തന്നെ ഉപേക്ഷിക്കേണ്ട കണ്ണാടികളും ഉണ്ട് .അവയൊക്കെ അവളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് നോക്കാതെ ,ഒരു വശത്തേക്ക് ഒതുക്കി വെച്ചു .പതുക്കെ കളയാം .ചിലപ്പോൾ അവയുടെ അഴുക്കുകൾ അവർ തന്നെ തുടച്ചാലോ ..പൊടിപിടിച്ച കണ്ണാടിയിൽ നോക്കി സ്വന്തം മുഖം ഉരച്ചു വൃത്തിയാക്കാൻ നോക്കിയ വിഡ്ഢി എന്ന് സ്വയം വിളിച്ചു ,വെറുതേ  ആ കണ്ണാടികൾ  വൃത്തിയാക്കാൻ  നോക്കി കൈ മുറിച്ചവൾ .. മറ്റുള്ള പ്രതിഫലങ്ങളെ സത്യമായി പ്രതിഫലിപ്പിച്ചു,തിരുത്താൻ ശ്രമിച്ചു   തല്ലു വാങ്ങിയവൾ .മുന്നിൽ  നിൽക്കുന്നവരെ സുഖിപ്പിക്കുന്ന പ്രതിഫലങ്ങൾ മാത്രം നടത്തി സന്തോഷിപ്പിച്ചു ,അവരിലെ ചീത്തകളെ , തന്റെ വക കുറേ ചെളിയും കൂട്ടി ചേർത്ത് വലുതാക്കി മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്ന വലിയ വലിയ കണ്ണാടികൾ കണ്ടു നടുങ്ങി അവൾ ..
വയ്യ.. ഇനി ഒന്നും ...ഒരു യാത്ര പോകണം ...
പന്പാ നദിയിലെ   തെളിനീരിൽ മുഖം മിനുക്കിയ  അവളിലേക്കൊരു മടക്ക യാത്ര ...

പൊടിപ്പിടിക്കാത്ത  കണ്ണാടികൾ തേടിയുള്ള യാത്ര  ...  നന്മകൾ മാത്രം പ്രതിഫലിപ്പിക്കുന്ന , തിന്മകൾ  തിരുത്താൻ സഹായിക്കുന്ന കണ്ണാടികൾ


Photo credit: Raji  Location: Evergreen,CA

Monday, October 17, 2016

കൂട്ടുകുടുംബം



കുട്ടനാട്ടിലെ കായലോളങ്ങളിൽ നിന്നും വീശുന്ന  ആ   തണുത്ത കാറ്റ് ,അവളുടെ  മുടിയിഴകളെ തഴുകി കടന്നുപോയി.ഉമിക്കരിയും , ഈർക്കിലിയുമായി പല്ലു തേയ്ക്കാനെന്ന വ്യാജേന പണ്ട്  പറന്പിൽ കറങ്ങി നടന്ന   ആ കൊച്ചുപെൺകുട്ടിയെ തഴുകിയ അതേ  കാറ്റ് ,കിളിച്ചുണ്ടൻ മാവിലെ കണ്ണിമാങ്ങയും ,സേലം മാന്പൂക്കുലയിലെ  തേനും ,മൂവാണ്ടൻ മാവിലെ പഴമാങ്ങയും  അവൾക്കായി ഉതിർത്തു കൊടുത്ത അതേ  കാറ്റ് .വർഷങ്ങൾ പത്തെഴുപതു കഴിഞ്ഞെങ്കിലും കുസൃതികാറ്റിനു അവളുടെ  മനസുപോലെ തന്നെ ഒരു മാറ്റവും ഇല്ല .മുറിയിലെ ജനലിലൂടെ നോക്കിയാൽ സപ്പോർട്ടയും ,പേരക്കയും ,വിവിധതരം മാങ്ങകളും നിറഞ്ഞ പുരയിടം കാണാം. അതിൽ ചെറിയ ചെറിയ വീടുകൾ  ആയിട്ടാണ് തറവാട്  എന്ന പേരിൽ ഉള്ള ഇരുപതോളം വീടുകൾ . മറുനാട്ടിലേക്കു ചേക്കേറിയ മലയാളി,മാതാപിതാക്കൾ നഷ്ടപ്പെട്ടകഴിഞ്ഞാൽ പിന്നെ  പിറന്ന നാട്ടിൽ സമയം  ചിലവഴിക്കാൻ എത്തുന്നത്  അനാഥത്തിന്റെ  നൊന്പരം  ഒന്ന്  ഊട്ടി ഉറപ്പിക്കാൻ മാത്രമാണ് . സഹോദരങ്ങൾ തിരക്കിലും, അവരവരുടെ മക്കളുടെ തണലിലും ജീവിക്കുന്നു . വലിയ ടിക്കറ്റ് ചാർജ് ഒക്കെ കൊടുത്തു നാട്ടിൽ എത്തിയിട്ട് എന്ത് ചെയ്യാനാണ് .എന്നാൽ പിറന്ന നാട് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട് .അവരെ കാത്തിരിക്കുന്ന വീടുകൾ .  .കുട്ടനാടൻ യാത്രയ്ക്ക് ബോട്ടുകളും , പിന്നെ അന്പലം , പള്ളി ഒക്കെ സന്ദർശിക്കാൻ വാഹന സൗകര്യവും ഒക്കെ ഇവിടെ ഉണ്ട്  .കണ്ണിനും മനസിനും കുളിർമ്മയായി, മനോഹരമായ കടലോരവും ,കായലോരവും, തെരുവോരവും ഉള്ള സ്വർഗ്ഗതുല്യമായ ആലപ്പുഴ നാട്ടിൽ,പിറന്ന  വീട് അന്യമായ വിദേശ മലയാളികളെ മാടി വിളിക്കുന്ന ഒരു സംരംഭം.ജീവിത സായാഹ്നത്തിൽ ,നാട്ടിലേക്ക് ഓടിയെത്താൻ കൊതിക്കുന്നവരെ കാത്തിരിക്കുകയാണ് ഈ വീടുകൾ , വെറും വീടുകൾ മാത്രമല്ല അവയോടു ചേർന്നുള്ള വീടുകളിൽ  വിധി  അനാഥമാക്കിയിട്ടും , മനുഷ്യർ സനാഥർ ആക്കിയ ഒരു കൂട്ടം  ആളുകളും  .
ഈ വീടുകളോട്  ചേർന്ന്‌ തന്നെ അടുത്ത പറന്പിൽ ഒരു വലിയ കെട്ടിടത്തിൽ ആണ് , ആലപ്പുഴയിലെ കുറെ നല്ല മനുഷ്യർ   മുപ്പത് വർഷം മുൻപ് കണ്ട ആ സ്വപ്നം .ആലപ്പുഴയിലെ അനാഥജീവിതങ്ങളെ സനാഥം ആക്കണമെന്നുള്ള ആ സ്വപ്നം .വെറുമൊരു ഫേസ്ബുക്ക് ഗ്രൂപ്പിനെ വിശ്വസിച്ചു കൂടെ കൂടിയ ഒരു പറ്റം ആളുകൾ ,സ്വപ്നങ്ങൾ പങ്ക് വെച്ചപ്പോൾ , അവരുടെ സ്വപ്നങ്ങൾ ഒന്നായപ്പോൾ, ജന്മമെടുത്ത ഒരു പുണ്യ ഭൂമി .തറവാട്ടിൽ നിന്നും ഉണ്ടാക്കുന്ന ലാഭം ആണ്, ഈ പാവങ്ങളുടെ സഹായതിനായി ഇവിടെ ഉപയോഗിക്കുന്നത്.പിന്നെ ധാരാളം നല്ല മനുഷ്യരുടെ സഹായ സഹകരണങ്ങളും . അത്താഴക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ഒരു ചെറിയ കൂട്ടായ്മ ,പുണ്യവീടും, പുണ്യഭൂമിയും ഒക്കെയുള്ള   ഒരു വലിയ സ്വപ്നം ആയി വളരുകയായിരുന്നു  .ഏകദേശം മുപ്പതു വർഷങ്ങൾക്കു മുൻപാണ് ,ആലപ്പുഴയിലെ ഒരു ചെറിയ കൂട്ടായ്മ രൂപം കൊണ്ടത് . ജീവിച്ചിരിക്കുന്പോൾ എന്തെങ്കിലും ഒക്കെ ആർക്കെങ്കിലും വേണ്ടി ചെയ്യണമെന്ന ആഗ്രഹം ഉള്ളവർ ,ജാതി മത ഭേദമെന്യേ ആ കൂട്ടായ്മയിലേക്ക് ചേർന്നപ്പോൾ ,അവർ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി .അതിന്റെ അമരക്കാരന്റെ  ആ വലിയ സ്വപ്നം "വഴിവീട് " .അതാണ്  ജീവിതയാത്രയിൽ വഴിതെറ്റി ഒറ്റപ്പെട്ടുപ്പോയവർക്കായി ഒരുക്കിയ ഈ ഇടത്താവളം . പൊട്ടിച്ചിരികളും , കളികളും ,സ്നേഹവും മാത്രമാണിവിടുത്തെ അന്തേവാസികൾ . ഇതിലെ പ്രവർത്തകർ ആദ്യ നാളുകളിൽ വേദനകൾ ഒരുപാട് സഹിച്ചിട്ടുണ്ട് .വേറെ പണിയൊന്നുമില്ലേ ഇവർക്ക് , എന്തെങ്കിലും വർഗ്ഗീയ സംഘടനകൾ ആണോ ഇതൊക്കെ , ഇവർക്കൊക്കെ എന്താ വട്ടാണോ ,ചുമ്മാ ആളാകാൻ ഓരോ വഴികൾ ,അങ്ങനെ പോയി ആ കുത്തുവാക്കുകൾ .എന്നാൽ അവയെയെല്ലാം നിഷ്‌പ്രഭമാക്കുന്ന വിധം , നല്ലവരായ നാട്ടുകാർ ഇത് മനസിലേക്കെടുത്തപ്പോൾ ,ഒരിക്കലൂം നടക്കില്ല എന്ന് വിചാരിച്ച ഈ സ്വപ്നം ഒരു യാഥാർഥ്യം ആയി മാറി .
കൂട്ടുകുടുംബത്തിന്റെ അവസാന കണ്ണിയായ അവളെ അങ്ങനെ  നാട്ടിൽ കാത്തിരിക്കുകയാണ് ഈ സ്നേഹകുടുംബം  .എല്ലാം ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോയ വിദേശ മലയാളിയും , വയസായവരും , അനാഥരും ഒക്കെ കൂടിയ ഒരു സ്വർഗ്ഗഭൂമി .ഓരോ വർഷത്തിലും പല സമയങ്ങളിലായാണ് അവളിവിടെ എത്താറുള്ളത് . ചക്കയും , മാങ്ങയും വിളഞ്ഞു പഴുക്കുന്ന കാലവും , കണ്ണിമാങ്ങാ കാലവും ഒക്കെ മാറി മാറി വിളിക്കാറുണ്ടവളെ ഇങ്ങോട്ട് .അമ്മയും അച്ഛനും ഒക്കെ കൊടുക്കാനെന്നപോലെ പെട്ടി നിറച്ചു സാധനങ്ങളുമായാണ് ,ഇവിടെ ഓരോരുത്തരും എത്താറുള്ളത്  .വഴിവീട്ടിലെ സഹോദരങ്ങൾക്കുള്ള സമ്മാനങ്ങൾ .മക്കളൊക്കെ വലുതായി പറന്നുപോയപ്പോൾ തനിച്ചായ വാർദ്ധക്യത്തിനും , വിദേശത്തു ഒറ്റപ്പെട്ടുപോയ വാർദ്ധക്യത്തിനും, വിധിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട വാർദ്ധക്യത്തിനും ഒക്കെ ഒറ്റപ്പെടലിന്റെ വേദന  ഒരുപോലെയല്ലേ ? ഇവരെല്ലാം കുട്ടനാടൻ കായലിലെ  കുസൃതി കാറ്റിന്റെ തലോടലിൽ ഒന്നിച്ചങ്ങനെ ജീവിത സായാഹ്ന തോണി തുഴയുകയാണ് ഇവീടെ .അടുത്ത തൊടിയിൽ നിന്നും ആരൊക്കെയോ പാടുന്നു ," കുട്ടനാടൻ പുഞ്ചയിലെ.....അവളും അറിയാതെ അതേറ്റു പാടി .തിത്തിത്താരാ തിത്തിതെയ് ....

~ രാജി 

Monday, June 20, 2016

അനാമികയുടെ സ്വപ്നങ്ങൾ -1



അവൾ അനാമിക ...ഉണർന്നിരിക്കുന്പോളും അവൾ  സ്വപ്നം കാണുകയാണ് ..ചുറ്റിലുമുള്ളവർ ചിന്തിച്ചു കൂട്ടുന്പോൾ, അവൾ മാത്രം സ്വപ്നങ്ങൾ കണ്ട് പൊട്ടിച്ചിരിക്കുന്നു .അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം .ചിന്തകൾ ഇല്ലാത്ത സ്വപ്നങ്ങൾ .കുട്ടിക്കാലത്തു ചുറ്റിലുമുള്ളവർ  പറഞ്ഞു , നീ ചിന്തിക്കണം , നിന്നെക്കുറിച്ചു ചിന്തിക്കണം ,നിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കണം.ആയിരം പേർ അവൾക്കായി ചിന്തിച്ചപ്പോൾ ,അവൾ മാത്രം ഒന്നും ചിന്തിച്ചില്ല.പകരം സ്വപ്നങ്ങൾ കാണാൻ തുടങ്ങി . പ്രിയപ്പെട്ടവർ അവൾക്കായി കണ്ട സ്വപ്നങ്ങൾ  അവളുടെ സ്വപ്നങ്ങളോട് പിണങ്ങി നിന്നു .ചിന്തകൾ ഇല്ലാത്ത മനസിൽ വിരിയുന്ന  സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങളാണ് . ആ സ്വപ്നങ്ങൾ യാഥാർഥ്യം ആയി മാറിയപ്പോൾ , പിന്നെ സ്വപ്നങ്ങൾ ഇല്ലാതെ അവൾ വലഞ്ഞു .ജീവിക്കാൻ ചിന്തകൾ വേണമെന്നറിഞ്ഞപ്പോഴേക്കും ,കൂട്ടിനായെത്തിയ  കുഞ്ഞിളം ചിരികൾ വീണ്ടും അവളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു . ചിന്തകളും ,സ്വപ്നങ്ങളും കൂട്ടിക്കലർന്നുള്ള നീരാളി പിടിത്തത്തിൽ അനാമികക്ക്  അവളെ തന്നെ നഷ്ടപ്പെടുകയായിരുന്നു .സ്വപ്നങ്ങൾ തകർന്നടിയുന്പോൾ  , ചിന്തകളുടെ കരാള ഹസ്തത്തിൽ പെട്ട് ശ്വാസം മുട്ടുന്പോൾ , എല്ലാം കുടഞ്ഞെറിഞ്ഞു കളഞ്ഞിട്ട് ,കുളിച്ചു കയറുന്പോൾ  ,അവളിൽ അവശേഷിച്ചത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം ....
ആ സ്വപ്നലോകത്ത് അവൾക്കു ചുറ്റും ഒരു വലിയ വേലി കെട്ടിയവൾ .നിറയെ വിടവുകൾ ഉള്ള ഒരു വേലി .ഭിത്തി കെട്ടാൻ പേടിയാണവൾക്ക് ,കാരണം ഭിത്തികൾക്കെന്നും തരാനുള്ളത് ഒറ്റപ്പെടുത്തലിന്റെ  വേദനകൾ  മാത്രം  .വേലിയുടെ ഇടയിൽ  അവൾ നട്ട ആ റോസാചെടികളുടെ  മുള്ളുകൊണ്ട് മുറിവേൽക്കാതെ  ,പൂക്കളെ പറിക്കാതെ  ,കഷ്ടപ്പെട്ട് അവളെ തേടി എത്തിയവർ  പങ്ക് വെച്ച  സ്വപ്നങ്ങൾ ,അവളുടെ സ്വപ്നങ്ങൾ തന്നെ ആയിരുന്നു ...ആ യാഥാർഥ്യത്തിനു മുൻപിൽ പൊട്ടിച്ചിരിച്ചു കൊണ്ട്   അനാമിക സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു ...

അനാമികയുടെ സ്വപ്നങ്ങൾ തുടരും .....