അവൾ അനാമിക ...ഉണർന്നിരിക്കുന്പോളും അവൾ സ്വപ്നം കാണുകയാണ് ..ചുറ്റിലുമുള്ളവർ ചിന്തിച്ചു കൂട്ടുന്പോൾ, അവൾ മാത്രം സ്വപ്നങ്ങൾ കണ്ട് പൊട്ടിച്ചിരിക്കുന്നു .അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം .ചിന്തകൾ ഇല്ലാത്ത സ്വപ്നങ്ങൾ .കുട്ടിക്കാലത്തു ചുറ്റിലുമുള്ളവർ പറഞ്ഞു , നീ ചിന്തിക്കണം , നിന്നെക്കുറിച്ചു ചിന്തിക്കണം ,നിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കണം.ആയിരം പേർ അവൾക്കായി ചിന്തിച്ചപ്പോൾ ,അവൾ മാത്രം ഒന്നും ചിന്തിച്ചില്ല.പകരം സ്വപ്നങ്ങൾ കാണാൻ തുടങ്ങി . പ്രിയപ്പെട്ടവർ അവൾക്കായി കണ്ട സ്വപ്നങ്ങൾ അവളുടെ സ്വപ്നങ്ങളോട് പിണങ്ങി നിന്നു .ചിന്തകൾ ഇല്ലാത്ത മനസിൽ വിരിയുന്ന സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങളാണ് . ആ സ്വപ്നങ്ങൾ യാഥാർഥ്യം ആയി മാറിയപ്പോൾ , പിന്നെ സ്വപ്നങ്ങൾ ഇല്ലാതെ അവൾ വലഞ്ഞു .ജീവിക്കാൻ ചിന്തകൾ വേണമെന്നറിഞ്ഞപ്പോഴേക്കും ,കൂട്ടിനായെത്തിയ കുഞ്ഞിളം ചിരികൾ വീണ്ടും അവളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു . ചിന്തകളും ,സ്വപ്നങ്ങളും കൂട്ടിക്കലർന്നുള്ള നീരാളി പിടിത്തത്തിൽ അനാമികക്ക് അവളെ തന്നെ നഷ്ടപ്പെടുകയായിരുന്നു .സ്വപ്നങ്ങൾ തകർന്നടിയുന്പോൾ , ചിന്തകളുടെ കരാള ഹസ്തത്തിൽ പെട്ട് ശ്വാസം മുട്ടുന്പോൾ , എല്ലാം കുടഞ്ഞെറിഞ്ഞു കളഞ്ഞിട്ട് ,കുളിച്ചു കയറുന്പോൾ ,അവളിൽ അവശേഷിച്ചത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം ....
ആ സ്വപ്നലോകത്ത് അവൾക്കു ചുറ്റും ഒരു വലിയ വേലി കെട്ടിയവൾ .നിറയെ വിടവുകൾ ഉള്ള ഒരു വേലി .ഭിത്തി കെട്ടാൻ പേടിയാണവൾക്ക് ,കാരണം ഭിത്തികൾക്കെന്നും തരാനുള്ളത് ഒറ്റപ്പെടുത്തലിന്റെ വേദനകൾ മാത്രം .വേലിയുടെ ഇടയിൽ അവൾ നട്ട ആ റോസാചെടികളുടെ മുള്ളുകൊണ്ട് മുറിവേൽക്കാതെ ,പൂക്കളെ പറിക്കാതെ ,കഷ്ടപ്പെട്ട് അവളെ തേടി എത്തിയവർ പങ്ക് വെച്ച സ്വപ്നങ്ങൾ ,അവളുടെ സ്വപ്നങ്ങൾ തന്നെ ആയിരുന്നു ...ആ യാഥാർഥ്യത്തിനു മുൻപിൽ പൊട്ടിച്ചിരിച്ചു കൊണ്ട് അനാമിക സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു ...
അനാമികയുടെ സ്വപ്നങ്ങൾ തുടരും .....
No comments:
Post a Comment