Friday, November 16, 2012

നാലിടങ്ങഴിയോ അതോ രണ്ടുകെട്ടോ....?ഭാഗം ഒന്ന് ....

തകഴിയുടെ രണ്ടിഴങ്ങടി വായിച്ചു തലയ്ക്കു പെരുപ്പ്‌ കേറി , എന്നാല്‍ പിന്നെ എം റ്റി യുടെ നാലുകെട്ട് തന്നെ വായിച്ചു കളയാം എന്ന് വിചാരിച്ചു. ഇതെന്തായാലും കുറച്ചും കൂടി രസംണ്ട്, അതായതു പുലയന്റെയും പറയെന്റെയും ഭാഷ തലയില്‍ സൃഷ്‌ടിച്ച അമ്പരപ്പ് ,നാലുകെട്ടിലെ അപ്പുണ്ണി മാറ്റി എന്ന് പറയാം.ഇത് രണ്ടും കൂടി വായിക്കുമ്പോള്‍ ഉള്ള ഒരു വിഭ്രാന്തി എന്നെ കൊണ്ടു ചെന്നെത്തിച്ചത് ,രണ്ടിഴങ്ങടിയിലെ പുലയന്റെയും, പറയന്റെയും,മാപ്പിള യുടെയും  വീടുകളുടെ നടുവില്‍ ഉണ്ടായിരുന്ന എന്റെ നാലുകെട്ടിലെക്കാണ് .അന്ന് സിന്ധുരാജ് അഭിമുഖത്തില്‍ പറഞ്ഞത് പോലെ മനസില്‍ വെച്ച് ആ ചിന്തകളെ താലോലിച്ചു , താലോലിച്ചു, കൊണ്ട് നടക്കുമ്പോള്‍ പെട്ടെന്ന് ഫസിബുക്കില്‍ ഒരു കുട്ടനാട്ട്‌ കാരന്റെ ചോദ്യം , ചേച്ചി , ഞാന്‍ ചേച്ചിയുടെ  നാട്ടുകാരനാണ്  എന്നെ  ഓര്‍മ്മയുണ്ടോ? ഓര്‍മ കള്‍ എന്നെ വീര്‍പ്പുമുട്ടിക്കുന്നു അനിയാ .അവിടെയും ഞാന്‍ പിടിച്ചു നിന്നു , എന്നാല്‍ പ്രിയ കൂടുകാരി ഭാഗിയുടെ ഒരൊറ്റ ചോദ്യം ....എന്താ ഇപ്പോള്‍ ഒന്നും എഴുതാത്തത് ?ഇനി വയ്യ...എന്തെങ്കിലുമൊക്കെ  കുത്തിക്കുറിക്കാതെ  വയ്യ.എന്‍റെ  പ്രിയപ്പെട്ട നാലുകെട്ടും,എന്നെ ഒത്തിരി ഒത്തിരി  സ്നേഹിച്ചിരുന്ന  കുട്ടനാട്ടിലെ നിഷ്ക്കളഗരായ നാട്ടുകാരും  , ഇതവരുടെ കഥയാണ്‌....

നല്ലത് മാത്രമേ പറയാനുള്ളൂ , അത് കൊണ്ട് ശരിക്കുമുള്ള പേര് തന്നെ ഉപയോഗിക്കുകയാണ്. അവരുടെയൊക്കെ മക്കളും കൊച്ചു മക്കളുമൊക്കെ ഇത്  എന്നെങ്കിലും വായിക്കുമെന്ന  പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ. ആലപുഴയില്‍ നിന്നും ഹൌസ് ബോട്ടില്‍ കയറി നെടുമുടിയിലേക്ക് പമ്പയാരില്‍ക്കൂടി  യാത്രചെയ്യ്താല്‍ ആയിരവേലി ജെട്ടി  കാണാം  .കൈനകരിയും , ചെന്നംകരിയും കൂടി വിഭാഗിക്കുന്ന ഒരു ചെറിയ ഇടതോടുണ്ട് അവിടെ.  നല്ല ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്ല്ക്കുന്ന തോട്. സ്കൂളില്‍ പോകാനായി ബോട്ട് ജെട്ടിയില്‍ നേരത്തെ എത്തി കാത്തിരിക്കുമ്പോള്‍ പ്രധാന വിനോദം ഈ ആമ്പല്‍ പൂക്കള്‍ പൊട്ടിക്കുകയും അതിന്റെ താഴെയുള്ള കായ പറിച്ചു തിന്നുകയും ഒക്കെ ആയിരുന്നു.സുസനും, റീനയും , ജീമോളും , പിന്നെ കുറെ കുട്ടി പട്ടാളങ്ങലുമായി അടിച്ചുപൊളിച്ചൊരു ജീവിതം.ആമ്പല്‍ പു പറിക്കാന്‍ ഇറങ്ങിയപ്പോള്‍ നനഞ്ഞ പാവടയുമായി , ബോട്ടില്‍ കയറുമ്പോള്‍ യാത്ര ക്കാരുടെ ചീത്ത കേട്ടില്ലെന്നു നടിക്കും  പിന്നെ നിറയെ  വയലറ്റ് പൂക്കല്ലുള്ള ഒരു മരം ഉണ്ടായിരുന്നവിടെ. .അതിന്റെ കായ പൊട്ടിച്ചു കടിച്ചാല്‍ വായില് നല്ല കളര്‍ വരും. 
 ആയിരവേലി ജെട്ടിയില്‍ ഇറങ്ങിയ്ല്‍ ആദ്യ കടമ്പ, ആടി ആടി നില്‍ക്കുന്ന ഒരു വലിയ പാലമാണ്. വലിയ പാലം എന്ന് വച്ചാല്‍ വെള്ളപ്പൊക്ക സമയത്തും സ്പെഷ്യല്‍ ബോട്ടിന് താഴെ കൂടി  പോകുവാനുള്ള പാകത്തില്‍ പണിയിപ്പിച്ച പാലം. ആകെ അത് വഴി പോകുന്ന ബോട്ട് കളപ്പുരക്കല്‍ ഈയോച്ചന്‍  അങ്കിളിന്റെ    ആയിരുന്നു. പിന്നെ വല്ലപ്പോഴും വരുന്ന രാഷ്ട്രീയ അറിയിപ്പുകളുടെ ബോട്ടും .പാലം ഇറങ്ങി വലത്തോട്ട് തിരിഞ്ഞാലു  കള്ളു ഷാപ്പാണ്‌ . വളരെ പ്രസിദ്ധമായ ഷാപ്പനത്. ഇടത്തോട്ടു തിരിഞ്ഞാല്‍  കുറെ ദൂരം ചിറയാണ്. അതിലുടെ  വടക്കോട്ട്ടു  നടന്നാല്‍ പതിനാലാമത്തെ  വീടാണ് ഈ നാലുകെട്ട്‌ .

 എം റ്റി നമ്മുടെ മനസ്സില്‍ വരച്ചിട്ട ആ നാലുകെട്ടിന്റെ നേരെ വിപരീതമായൊരു നാലുകെട്ട്. ആളൊഴിഞ്ഞ നാലുകെട്ട്. രണ്ടിഴങ്ങിയിലെ പറയനും , പുലയനും സ്വാതന്ത്ര്യം കിട്ടികഴിഞ്ഞുള്ള കാലത്തെ നാലുകെട്ട്.ഇവിടെയുമുണ്ടൊരു കാരണവര്‍.നാട്ടുകാരുടെ പ്രിയപ്പെട്ട കാരണവര്‍. ശുദ്ധനായ കേശവന്‍ കുഞ്ഞ് . അദേഹത്തിന്റെ ദിനചര്യകള്‍ അതി ഗംഭീരം. രാവിലെ ആറു മണിക്ക് ഉണരും. കിടക്ക മുറിയോട് ചേര്‍ന്നുള്ള ജന്നലിന്‍റെ അടുത്തായി ഒരു മേശ കിടപ്പുണ്ട്. ആ ജന്നല്‍ക്കല്‍ക്കുടെ അദേഹത്തിന് പടിഞ്ഞാറെ മുറ്റത്തൂടെയും, വഴിയില്‍ കുടയും  നടക്കുന്നവരെ കാണാം . ആ മേസപ്പുറത്തു ഒരു പാ ത്രത്തിലാണ് നാലും കൂട്ടിയുള്ള മുറുക്കാന്‍ . പാക്കുവെട്ടി രണ്ടായി ഒടിഞ്ഞു പോയിട്ട് കാലമേറെയായി .  പാക്കുവെട്ടി എന്ന് പറഞ്ഞാല്‍ പാക്ക് വെട്ടാനുള്ള ഒരു സുത്രം . ഒരു പ്രത്യേക രീതിയില്‍ ആണ് അതിരിക്കുന്നത്.. രണ്ടു വാത്തലക്കും ഇടയ്ക്കു പാക്ക് വെച്ച് ശക്തിയില്‍ അമക്കിയാല്‍ പാക്ക് രണ്ടായി പൊളിയും. പിന്നെ അതില്‍ നിന്നും പാക്കിന്റെ ഉള്ളിലെ ഭാഗം പുറത്തെടുത്തു, അതിന്‍റെ  പുറത്തുള്ള കറുത്ത ഭാഗം ചിരണ്ടി കളയണം.പിന്നതിനെ ചെറുതായി മുറിച്ചു , അതായതു ഇറച്ചി യില്‍ ചേര്‍ക്കാന്‍ തേ ങ്ങാ കൊത്തു  മുറിക്കുന്നത് പോലെ മനോഹരമായി അരിഞ്ഞെടുക്കണം .പാക്കുവെട്ടിയുടെ   രണ്ടു വാത്തലയില്‍ ഒന്നു ഒടിഞ്ഞു പോയതിനാല്‍ ഇപ്പോള്‍ അതൊരു കത്തി പോലെ യാണ്.ഒരു വശത്തു പാക്ക് വെച്ചിട്ട് മുന്നില്‍ കിടക്കുന്ന മേശയുടെ വക്കില്‍ ആഞ്ഞു വെട്ടിയാല്‍ പാക്ക് മുറിഞ്ഞു  കിട്ടും. കൂട്ടത്തില്‍  മേശ വിരിയില്‍ ധാരാളം  ചിത്ര പണികളും , മേശ വിരി മുറിഞ്ഞു മേശയില്‍ തന്നെ ചിത്രപണികള്‍ നടത്തി , ഭാര്യയുടെ പരിദേവനങ്ങള്‍ക്ക് ചെവി കൊടുക്കാതെ  കേശവന്‍  കുഞ്ഞു തന്റെ  പാക്ക് വെട്ടു തുടര്‍ന്നു.  .പിന്നെ അത്യാവശ്യത്തിനു കസേര കൈയും ഉപയോഗിചു പോന്നു . .മേശയും കസേരയും തമ്മില്‍ ഒരു സാമ്യം  വേണ്ടേ?
രാവിലെ ഒരു ആരറ  മണിക്ക് വീടുകാര്‍ ഉണരുന്നത് പാക്കുവെട്ടിയുടെ താ ളത്തിലുള്ള ശബ്ദം  കേട്ടാണ്.നല്ല തളിര്‍ വെറ്റിലയുടെ തുമ്പ് മുറിച്ചു കളഞ്ഞിട്ടു ബാക്കി ഭാഗത്ത്‌  നീളത്തില്‍ കലാപരമായി ചുണാമ്പ് തേച്ചു , നേരത്തെ അരിഞ്ഞു  വെച്ചിരിക്കുന്ന പുകയില ഉള്ളില്‍ വെച്ച്  ഭംഗിയായി ചുരുട്ടിയെടുക്കും .അത് വായില്ലിട്ടു ചവച്ചു ഒരു പാകം  വരുമ്പോള്‍ കുറേശയായി പാക്ക് കഷണങ്ങള്‍ വായിലേക്ക് ഏറിയും.എല്ലാം ഒന്ന് ശരിയായി വരുമ്പോഴേക്കും  , അദേഹത്തിന്റെ ഭാര്യയു ടെ വിളിയെത്തും , " ദേ  ചായയെടുത്തേ ...'
ഉടനെ പകുതി മുറുക്കിയ മുറുക്കാന്‍ മുഴുവന്‍ ജന്നലിന്‍റെ അഴികള്‍ക്കിടയിലൂടെ തിണ്ണയില്‍ വീ ഴാതെ മുറ്റത്തേക്ക് നീട്ടി തുപ്പി , ഇരുന്നിരുന്ന കസേര പുറകോട്ട് തള്ളി നീക്കി , അദേഹം ഏഴുനേല്‍കുകയായി.കൂട്ടത്തില്‍ മേശപ്പുറ തിരിക്കുന്ന  വാച്ചും കൈയ്യില്‍ കെട്ടും.ആ മുറുക്കാന്‍  ചണ്ടിയില്‍ നോക്കി നാട്ടു കാര്‍ ഇങ്ങനെ പറഞ്ഞു, "എന്നാലും എന്‍റെ  കേശവന്‍ കുഞ്ഞേ , എത്ര നേരം ഇരുന്നു ഒരിക്കിയെടുത്തതാ , കുറച്ചു കൂടി ചവച്ചിട്ടു തുപ്പമായിരുന്നു, ഹോ, എന്ത് വിലയാ  ഇതിനൊക്കെ ."
കിടപ്പുമുറിയില്‍ നിന്നും വടക്കൊട്ടിറങ്ങുന്നത് വലിയ തള ത്തിലേ ക്കാണ് . തളത്തിന്റെ ഒറ്റ നടുക്കാണ് നാല് കെട്ട്  . വലിയ പൊക്കമുള്ള വീടാണ്. മുറിയുടെ നടുക്ക് ചതുരാകൃതിയില്‍ ഒരു കുഴി.കുഴിയില്‍ നിന്നും, പുറത്തേക്കു ഒരു ഓവ് ഉണ്ട്, അതിലൂടെ തവളകള്‍ വന്നു  അവിടിരുന്നു, പേക്രോം , പേക്രോം കരഞ്ഞു. പലപ്പോഴും തവളയെ പിടിക്കാന്‍ നീര്‍ക്കോലിയും അങ്ങോട്ടൊക്കെ എത്തി നോക്കുമായിരുന്നു. " അതൊക്കെ ക്ഷുദ്ര  ജീവികളാണ്, അത് വന്നിട്ട് പൊയ്ക്കോളും, നീ ചുമ്മാ കിടന്നു ബഹളം വെയക്കേണ്ട ," അദ്ദേഹം പട്ടണത്തില്‍ നിന്നും വന്ന ഭാര്യയേ ചുമ്മാ സമാധാനിപ്പിച്ചു .ചുറ്റിനും പൊക്കത്തില്‍ അരപ്ലേസ് കെട്ടിയിട്ടുണ്ട്. പിന്നെ നാല് തുണും , മുകള്‍ ഭാഗം തുറന്നു കിടക്കുന്നു. മഴ പെയ്യുമ്പോള്‍  വെള്ളം നേരിട്ടു അകത്തേക്ക് വീഴും.നല്ല കാറ്റു ഉണ്ടെങ്കില്‍ മുറിയിലൊക്കെ    വെള്ളമാകും. നല്ല കാറ്റും വെളിച്ചവും ഇത്രയും കൊണ്ട് പോരെങ്കില്‍ പടിഞ്ഞാറ് ഭാഗത്തും ,കിഴക്ക് ഭാഗത്തുമായി നാല്  ജന്നലും രണ്ടു  വാതിലും വീതം ഉണ്ട് ഈ  മുറിക്കു. മുറിയുടെ ഒരു മൂലക്കാണ്‌ നിലവിളക്ക് വെച്ചിരിക്കുന്നത് . നിലവിളക്കിന്റെ മേലെ ആ വര്‍ഷത്തെ കലണ്ടര്‍ കിടപ്പുണ്ട്, കലണ്ടറില്‍ തയ്യല്‍ സൂജി കുത്തിയിട്ടിരിക്കുന്നു .പിന്നെ ഒരു വട്ടമേശയും കിടപ്പുണ്ട് തെക്ക് കിഴക്കേ മൂലയിലായി .വട്ടമേ ശ യുടെ  താഴത്തെ തട്ടില്‍ പൊടിപിടിച്ച പഴയ മാസികകള്‍ കൂട്ടി ഇട്ടിരിക്കുന്നു.നാല് കെട്ടിന്‍റെ  അരപ്ലെസില്‍ ഒരു ചെറിയ കിണ്ടിയില്‍ കൈ കഴുകാനുള്ള വെള്ളം കാണും, അല്ലെങ്കില്‍ വെള്ളം കാണണം .അത് അദേഹത്തിന്റെ നിയമമാണ് . ഇനി എങ്ങാനും കണ്ടില്ലെങ്കിലോ , പഴയ കഥകളി നടന്റെ ഭാവ  പകര്‍ച്ച അവിടെ മനോധര്‍മമാടും.അമര്‍ത്തിയ ഒരു അലര്‍ച്ചയില്‍ വെള്ളവുമായി ഭാര്യ എത്തിയില്ലെകില്‍, പിന്നെ ഒരു പാച്ചിലാണ് അടുക്കളയിലേക്കു, അവിടിരിക്കുന്ന ചെമ്പ് കുടം വലിച്ചെടുത്തു, അത് ചരിച്ചു പിടിച്ചു ഊ ണ് മുറിയില്‍ നിറയെ വെള്ളം ഒഴിച്ച് ആ യാത്ര കിണ്ടിയ്ക്കടുത്തു അവസാനിക്കും. കൂടെ മുരള്‍ച്ചയും, അലര്‍ച്ചയും ഒക്കെ കേള്‍ക്കാം.കിണ്ടിയിലെ വെള്ളം  വച്ച് വായ നന്നായി കഴുകി , ചാ യ്കുടിക്കനെത്തു കയായി. ചായക്ക്മുണ്ട് പ്രത്യേകതകള്‍.തൊഴുത്തിലെ പശുവിന്‍റെ  വെള്ളം ചേര്‍ക്കാത്ത പാല് വീട്ടില്‍ ഇരിപ്പുന്ടെങ്കിലും , പാലധികം  ചേര്‍ക്കാത്ത , തേയില നന്നായി ചേര്‍ത്ത, മധുരം വളരെ കുറച്ചിട്ട ഒരു പ്രത്യേക തരം  കഷായം.അതാണ്‌ അദേഹത്തിന്റെ ചായ .ചായ കുടി കഴിഞ്ഞാല്‍ പിന്നെ കുറേ സമയം , നടുതളത്തിലെ കിഴക്കോട്ടുള്ള വാതിലിലോ , പടിഞാട്ടുള്ള വാതിലിലോ , അതിന്‍റെ  അര വാതിലില്‍ കൈയും കെട്ടിവെച്ചു ഒരേ നില്‍പ്പാണ്. എന്താണ് ആ തലയില്‍ കൂടെ ആ സമയത്തു ഓടിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല...

ഒരു നീണ്ട കഥയുടെ ആമുഖം മാത്രേ എത്തിയുള്ളൂ, ഇന്നത്തെ ക്കിവിടെ നിര്‍ത്താം .എല്ലാ വാര്യാധ്യത്തിലും ഇതിന്റെ അടുത്ത ലഖങ്ങള്‍ പ്രതീക്ഷിക്കുക,...അവസാനം ആരെങ്കിലും ഇതൊരു സിനിമ ആക്കുമെന്ന പ്രതീക്ഷയോടെ ...
തുടരും............ 
 --------------------------------------------------------------------------------------------------------------------
ഇത് വായിച്ചിട്ട്  റാണി ചേച്ചി എഴുതിയ ഓര്‍മ്മകള്‍ ഇവിടെ ചേര്‍ക്കുന്നു...
 റാണി ചേച്ചി എന്ന് പറഞ്ഞാല്‍  അച്ഛന്‍റെ   മൂത്ത പെങ്ങളുടെ മകള്‍.
 -------------------------------------------------------------------------------------
എന്റെ ഓര്മ്മ വാഴപ്പറ മ്പിലെത്തുന്നത് ആറു വയസ്സുള്ള ഞാന് അച്ഛനമ്മാമാരുടെ കൂടെ വടക്കെ ഇന്ത്യയില് നിന്നും അവധിക്കു വരുമ്പോഴാണ് .ശീലച്ചേ ച്ചിയും ഉണ്ണി ച്ചേട്ടനും അപ്പൂ പ്പനമ്മൂമ്മ മാരുടെ കൂടെ നിന്ന് ചേ ന്നംകരി തോട്ടു കടവില് സ്കൂളില് പഠിക്കുന്നു അന്ന് .ഞാനും മോഹനും ഒരു വയസ്സുള്ള സതീശനും അന്ന് അച്ഛന്റെ യും അമ്മയുടെയും കൂടെ വടക്കേ ഇന്ത്യയില് അച്ഛന്റെ ആര്മി പോസ്റ്റിങ്ങ് ഉള്ളിടത്താണ് .അവധിക്കു വാഴപ്പറ മ്പില് വരുന്നത് ഉത്സവമായിരുന്നു.ഓടി നടക്കാന് ധാരാളം സ്ഥലം .വീടിനു മുമ്പില് പച്ച പ്പാടങ്ങളും കുളവും പിറകില് ഒഴുകുന്ന തോടും .പറമ്പില് നിറയെ മാവും മരങ്ങളും.തൊഴുത്തില് നിറയെ പശുക്കള് .പറമ്പില് കോഴികളും ,ടാര്സന് എന്ന് പേരുള്ള പട്ടി.കലവറക്കാരന് അവനെ രാക്ക് ഷ സന് എന്നു വിളിക്കു മായിരുന്നു.
അപ്പൂപ്പന് കൊച്ചുമക്കളെ കൊഞ്ചിച്ചു വഷളാ ക്കുന്നതില് സന്തോഷം കൊണ്ടിരുന്നു .അമ്മൂമ്മ വളരെ കാര്യമാത്ര പ്രസക്ത യായിരുന്നു .പക്ഷെ വീട്ടിലെ കാര്യങ്ങള് എല്ലാം നാരായണന് നായരേ കൊണ്ട് ചെയ്യിപ്പിക്കയും ,കൃഷിയുടെ കണക്കെഴുതുകയും,കറിക്കുള്ള കഷണങ്ങള് ഒരു മെഷീനെ ക്കാള് ഭംഗിയായി അരിഞ്ഞു വെക്കുകയും ഒക്കെയായി വളരെ ശാന്തമായി ചെയ്തിരുന്നു .ഒന്നാംതരം ഒരു അടുക്കളത്തോട്ടം അമ്മൂമ്മ വെച്ചുപിടിപ്പിച്ചിരുന്നു.എല്ലാ തരം പച്ചക്കറികളും,വാഴയും നല്ല ഇനം മാങ്ങകളും ഒക്കെയുള്ള ആ വീട് ഒരു ചെറിയ സ്വര്ഗമായിരുന്നു
ഞങ്ങള്ക്ക് .അന്നന്നു കറന്ന പാലും ,നമ്മുടെ കോഴിയിട്ട മുട്ടയും,അടുക്കള തോട്ടത്തില് നിന്നുള്ള പച്ചക്കറികളും ,നമ്മുടെ പാടത്തു നിന്നുള്ള അരിയും പറമ്പില് നിന്നുള്ള തേങ്ങയും ധാരാളം പച്ചമീനുകളും എല്ലാമായി സുഭിക്ഷമായ ഒരു ജീവിതരീതിയായിരുന്നു,ഞങ്ങള് കുട്ടികള്ക്ക്.
അപ്പൂപ്പന്,അമ്മൂമ്മ,മൂന്നു കുഞ്ഞമ്മമാര് മൂന്നു അമ്മാവന്മാര്,പിന്നെ കൂടെക്കൂടെ വന്നിരുന്ന പുരുഷന് മാമന് ,മുന്ഷി സര്,നാരായണന് നായര് അടുക്കളയില്,പണിക്കത്തി ,പപ്പച്ചോവന് ,കുഞ്ഞുണ്ണി പുലയന് എന്നിവര് വെളിയിലെ യും കൃഷിപ്പണിയിലും ഒക്കെയായി വീട്ടിനകത്തും പുറത്തും നിറയെ ആള്ക്കാര് .എന്ത് രസമായിരുന്നു വാഴപ്പറമ്പിലെ കുട്ടിക്കാലം!എഴുതിയിട്ട് തീരുന്നില്ല.ബാക്കി അടുത്ത ലക്കം എന്താ?

റാണി ചേച്ചി  


Tuesday, September 11, 2012

കുറുപ്പ് സാര്‍ എന്ന എന്‍റെ അപ്പുപ്പന്‍ ....

"കുഞ്ഞുങ്ങള്‍ അന്യ നാട്ടില്‍ പോയി കഷ്ടപ്പെട്ടിട്ടു   അയച്ചു  തരുന്ന പൈസ മുഴുവന്‍ പേപ്പറും  പേനയും മേടിച്ചു   തീര്‍ക്കും,  എന്താ ചെയ്യുകാ"  , അമ്മച്ചി അമ്മയുടെ ഉച്ചത്തിലുള്ള സംസാരമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.  എല്ലാം വെറും സ്വപ്നം .ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ അപ്പുപ്പനായിരുന്നു   മനസു മുഴുവന്‍. നോയിപ്പിലും , ചായിപ്പിലും , തെക്കെമുറിയിലുമൊക്കെ , കൂനി കൂടിയിരുന്നു , കൈയ്യില്‍ കിട്ടുന്ന കടലാസ്സില്‍ മുഴുവന്‍ അതി ബുദ്ധിപരമായ ഗണിത ശാസ്ത്ര ചോദ്യങ്ങള്‍ എഴുതാറുണ്ടായിരുന്ന എന്റെ അപ്പുപ്പന്‍. നാട്ടുകാരുടെ മുഴുവന്‍ കുറുപ്പ് സാര്‍.
 നാലാം ക്ലാസ്സിലെ സ്കോളര്‍ഷിപ്പ്‌ പരീക്ഷ മുതലാണ്‌ ഞാനും അപ്പുപ്പനുമായുള്ള   സംവാദങ്ങള്‍ തുടങ്ങുന്നത്. സ്വന്തം മക്കളെയൊന്നും പഠിത്തകാര്യങ്ങളില്‍ അന്ദേഹം  അത്രയ്ക്ക് ശ്രദ്ധി ച്ചതായി അറിയില്ല. പക്ഷെ എന്നെ ഞാനാക്കിയതില്‍ അദേഹത്തിന്റെ പങ്കു ഏറെയാണ്‌.കുട്ടികള്‍ സഭാ കന്പമില്ലാത്തവർ  ആയി വളരണമെന്ന വിശ്വാസം എന്നില്‍ അടിവരയിട്ടുരപ്പിച്ച  അദ്ദേഹം , എത്ര എത്ര പ്രസംഗ   മത്സര വേദികളിലാണ് എന്നെയും കൊണ്ട് പോയിട്ടുള്ളത്. " ചാച്ചജിയുടെ ജന്മദിനമാണല്ലോ, നമ്മള്‍ ശിശു ദിനമായി  ആഘോഷിക്കുന്നത്", ആദ്യമായി  കൈനകരി സ്കൂളില്‍ ഹെട്മിസ്ട്രെസ്സ്  ത്രെസോലാമ്മയുടെ കൈയ്യില്‍ നിന്നും സോപ്പ് പെട്ടി സമ്മാനമായി കിട്ടിയ പ്രസംഗം മുതല്‍  എട്ടാം ക്ലാസ്സില്‍ ചെയ്യ്ത ഷേക്ക്‌ സ്ഫിര്‍ നാടകത്തിലെ " ഫ്രെണ്ട്സ് , റോമന്‍സ് , കണ്ട്രിമെന്‍ ....വരെ ആ ലിസ്റ്റ് നീളുന്നു. അപ്പുപ്പന് പാട്ടറിയില്ല, എനിക്ക് പാടാനുള്ള കഴിവ് ദൈവം തന്നിട്ടുമില്ല..( അട്ടക്ക് കണ്ണും, കുതിരക്ക് കൊമ്പും , രാജലെക്ഷ്മിക്ക് കലാവാസനയും  ദൈവം മനപൂര്‍വം കൊടുക്കാത്ത  ഉപകഥ പിന്നെ പറയാം).അപ്പോള്‍ പിന്നെ പദ്യപാരായണം ആണ് അപ്പുപ്പന്‍ എനിക്കായി കണ്ടുപിടിച്ചത് .ഉള്ളുരിന്റെ പ്രേമസംഗീതം കുറെ കാണാതെ പഠിപ്പിച്ചു  ചൊല്ലി ക്കലായിരുന്നു   പതിവ്.അപ്പുപ്പന്‍ വഴക്ക് പറയാറില്ലായിരുന്നു. വല്ലാത്ത ഒരു വാത്സല്യം. നീ മിടുക്കിയാണ് , നിന്നെ ക്കൊണ്ടിത് ചെയ്യാന്‍ പറ്റും എന്നാ ആത്മ വിശ്വാസം തരുന്ന ഒരു പ്രത്യേക അധ്യാപന ശൈലി ആയിരുന്നു  ,അധ്യാപനത്തില്‍ ഒരു പരിശീലനവും നേടാത്ത അദേഹം പാലിച്ചിരുന്നത്.

എന്നും ഒരു നിഴലായി ,എന്റെ കൂടെ കോളേജിലെ കഥകള്‍ വരെ കേള്‍ക്കാനുള്ള ചെറുപ്പം മനസില്‍ സൂക്ഷിച്ച അപ്പുപ്പന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു , താനെഴുതിയ  കണക്കിലെ വളരെ അധികം ബുദ്ധി പ്രയോഗിക്കേണ്ട ചോദ്യങ്ങള്‍ എല്ലാം ചേര്‍ത്ത ഒരു പുസ്തകം  അച്ചടിച്ചി റക്കുക എന്നത്. അതിനായി അദ്ദേഹം  വളരെ നാളുകള്‍ കൊണ്ട് എഴുതി തയാറാക്കിയ  ചോദ്യങ്ങള്‍, അതിന്റെ ഒരു കോപ്പി പോലും സൂക്ഷിക്കാതെ പ്രെസ്സുക്കാര്‍ക്ക് കൊണ്ട് കൊടുത്തതാണ് അന്ദേഹം ചെയ്യ്ത ഏറ്റവും വലിയ ബുദ്ധിമോശം . എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ പോയപ്പോള്‍ , വല്ലാത്ത ഒരു നിസംഗ തയാണ്  ആ മുഖത്ത് കണ്ടത്.

ഇന്നലെ ഒരു ചെറിയ കണക്കു പുസ്തകം  അച്ചടിക്കാന്‍ കൊടുത്തപ്പോൾ ,കുറെ കുഞ്ഞുങ്ങളെ കണക്കിൽ മിടുക്കൻ മാരാക്കാൻ  ശ്രമിക്കുമ്പോൾ ,അപ്പുപ്പാ, അങ്ങ് പടി പ്പിച്ചതൊന്നും വെറുതെ ആയില്ല  എന്നീ കൊച്ചുമകള്‍ തെളിയിക്കാന്‍ ശ്രമിക്കുകയാണെന്ന്, വെറുതെ വേണമെങ്കില്‍ പറയാം. വിജിയെയും , എന്നെയും ഒക്കെ കൊണ്ട് അമ്മച്ചിയമ്മ അറിയാതെ അപ്പുപ്പന്‍  മേടിപ്പിച്ച ആ കടലാസുകള്‍ക്കും , പേനകള്‍ക്കും ഒരു പുതു ജീവന്‍ വരുന്നതുപോലെ ഒരു തോന്നല്‍. എന്തോ പറയാനുണ്ട്  നീ ഒന്ന്  ഇവിടം വരെ വരൂ എന്നെഴുതിയ അപ്പുപ്പന്റെ എഴുത്തു കിട്ടിയിട്ടു , ഞാന്‍ മദ്രാസില്‍ നിന്നും അമ്മാവന്‍റെ പാതി സമ്മതത്തോടെ തനിയെ ട്രെയിനില്‍ യാത്ര ചെയ്യ്തു നാട്ടില്‍ എത്തിയിരുന്നു. അപ്പോഴേക്കും ഒരു ചെറിയ പനിയായിട്ടു അപ്പുപ്പനെ ആശുപത്രിയില്‍ ആക്കിയിരുന്നു. അപ്പുപനറിയുമോ, ഞാന്‍ ട്രെയിന്‍ ഇറങ്ങി നേരെ ആശു പത്രിയിലെക്കാണ്  വന്നത്. അപ്പോള്‍ അവിടെ എല്ലാവരും പറഞ്ഞു അപ്പുപ്പന്‍ ചെറിയ ഒരു മയക്കത്തിലാണെന്ന്. മരുന്ന് കൊടുത്തു ,അതുകൊണ്ടാണ് എന്നൊക്കെ. ഉണരട്ടെ എന്ന് വിചാരിച്ചു പുറത്തെ കസേരയില്‍ കാത്തിരുന്ന ഈ കൊച്ചുമോളെ പറ്റിച്ചിട്ട് , പത്തു മിനിട്ടിനുള്ളില്‍ ഒന്നും പറയാതെ അപ്പുപ്പന്‍ പോയി.അപ്പുപ്പന്റെ സ്വപനം ഒരു പുസ്തകത്തിലൂടെ സഫല്മാകിയ ഈ പെരകുട്ടിയുടെ ഒരു സ്വപ്നത്തിലെങ്കിലും അപ്പുപ്പന്‍ വന്നു പറയില്ലേ എന്തായിരുന്നു അന്നെനോട് പറയാനുണ്ടായിരുന്നതെന്ന്.ഒത്തിരി പ്രതീക്ഷയോടെ കാത്തിര്ക്കുന്നു ഈ കൊച്ചുമകള്‍....

Wednesday, August 8, 2012

നക്ഷത്ര ലോകത്തെ കളിക്കുട്ടുകാര്‍....

പ്രിയപ്പെട്ട ബക്കി കുഞ്ഞേ

നീ എന്നാണു മോളെ എന്‍റെ പ്രിയപ്പെട്ടവളായത് ? ഒന്‍പതാം ക്ലാസ്സില്‍ പുതിയ സ്കൂളിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ വിങ്ങുന്ന മനസിനൊരു കുളിര്‍ തെന്നെലയാണ് നീ വന്നത്. സനിയാഴ്ച്ചകളെ മനോഹരമാക്കിയിരുന്ന ഹൌസ് മീറ്റിംഗില്‍ വെച്ചാണ്‌ റീന അലക്സാണ്ടര്‍ എന്‍റെ കൂട്ടുകാരിയായത് .എന്നെക്കാളും പൊക്കം കുറഞ്ഞ വിട൪ന്ന വലിയ കൺകളുള്ള റീന.സഹോദര്ങ്ങില്ലാത്ത എനിക്ക് റീനയുടെ ഒരിക്കലും കണ്ടിടില്ലാത്ത ചിക്കു ചാച്ചനും , കുക്കു ചാച്ചനും സങ്കല്‍പ്പത്തിലെ ആരും കൊതിക്കുന്ന ചേട്ടന്മാരായി . എന്‍റെ ഓര്‍മകള്‍ എന്നെ കബളിപ്പിക്കുകയില്ലെങ്കില്‍ , അവര്‍ രണ്ടുപേരും രീനയെക്കളും വളരെ മുതിര്‍ന്നവരായിരുന്നു . അവളവരുടെ പ്രിയപ്പെട്ട ബക്കി കുഞ്ഞും .ചെറിയ ചെറിയ സന്ദര്സനങ്ങല്കു ശേഷം അവര്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ എന്‍റെ കൈയില്‍ പിടിച്ചവല്‍ വിങ്ങിപൊട്ടി.ഞാനവളെ ബക്കി കുഞ്ഞേ എന്ന് വിളിച്ചു കളിയാക്കി. പിന്നെ സാറ കൊച്ചമ്മയുടെയും, തന്കൊച്ചമ്മയുടെയും പ്രിയപ്പെട്ട പട്ടികുട്ടികളായ ബ്ലാക്കിയെയും റുബിയെയും കളിപ്പിച്ചിട്ട് , ഗ്രൗണ്ടിലെക്കൊരു യാത്ര .... കുപ്രസിദ്ധമായ കരിക്കന്‍ വില്ല കൊല നടന്ന കരിക്കന്‍ വില്ലയോട് ചേര്‍ന്നുള്ള മൈതാനതില്ലോടെയൊരു കറക്കം.
ഞങ്ങള്ലുടെ സൌഹൃദം തളിര്‍രിട്ടതും പൂവിട്ടതും അങ്ങനെയാണ്. പത്താം ക്ലാസ്സില്‍ ആയപ്പോള്‍ സുസമ്മ കൊച്ചമ്മ ഞങ്ങളെ ഒരു സ്റ്റഡി ഗ്രൂപ്പില്‍ ആക്കി.രണ്ടു മടിച്ചികളൃ൦ കൂടി കുടിയപ്പോള്‍ പഠിതമൊന്നും നടന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്കൂള്‍ ജീവിതം കഴിഞ്ഞു യാത്രപറഞ്ഞു പിരിഞ്ഞപ്പോള്‍ വീണ്ടും കാണുമെന്നു പറഞ്ഞതൊക്കെ കോളേജ് ജീവിതത്തിന്‍റെ തിരക്കില്‍ മാഞ്ഞുപോയി. സ്കൂള്‍ ജീവിതത്തിന്‍റെ ഓര്‍മകളിലെ ചില മധുരിക്കുന്ന ഭാഗങ്ങളായി റീന എന്ന ബക്കി കുഞ്ഞും മറഞ്ഞു.അന്ന് കമ്പ്യൂട്ടറും , ഫസ്ബൂകും ഉണ്ടായിരുന്നെകില്‍ എന്ന് ഞാന്‍ വെറുതെ മോഹിച്ചുപോകുന്നു .ഒന്‍പതു വര്‍ഷങ്ങല്ലുക്ക് ശേഷം ബക്കി കുഞ്ഞേ ,നീ വീണ്ടും വന്നു , എന്റെ ജീവിതതില്ലെക്കൊരു കീറിയ പത്രതാളില്ലൂടെ .താരകങ്ങളുടെ നാട്ടിലേക്കു നീ പറന്നുപോയ്തു എന്നെ അറിയിക്കണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടായിരുന്നു അല്ലേ, ആലപ്പുഴയില്‍ അനേകം ചെരുപ്പുകുത്തികല്ലുള്ളതില്‍ ഞാന്‍ വെറുതെ തിരഞ്ഞെടുത്ത കടയില്‍ എന്‍റെ ചെരുപ്പ് പൊതിഞ്ഞ പിഞ്ഞികീരിയ പത്ര താളില്‍ നിന്‍റെ ചിരിക്കുന്ന മുഖം കണ്ടു ഞാന്‍ തളര്‍ന്നിരുന്നു. അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയ ആ പേപര്‍ ഞാന്‍ കൂടിവായിച്ചു ,നീ യാത്ര പറഞ്ഞു പോയ തീയതി അതില്‍ നിന്നും മാഞ്ഞുപോയിരുന്നു. പിന്നെയാരോ ഫസിബൂകിലൂടെ പറഞ്ഞു ,ബംഗ്ലൂരില്‍മെഡിക്കല്‍ ലോകത്തേക്ക് പിച്ച വെക്കാന്‍ തുടങ്ങിയ നിന്നെ വിധി ആരോടും അനുവാദം ചോദിക്കാതെ വളരെപ്പെട്ടെന്നു കൂടികൊണ്ട് പോയെന്നു.
പ്രിയപ്പെട്ട ബക്കി കുഞ്ഞേ , കുറെ ചോദ്യങ്ങൾ ബാക്കി , നിനക്കൂ നിന്‍റെ ജീവനായിരുന്ന ചിക്കു ചാച്ച്നോടും , കുക്കു ചാച്ചനോടും യാത്രാ പറയാന്‍ പറ്റിയോ?
ആവരോട് യാത്ര പറഞ്ഞപ്പോള്‍ നിന്‍റെ മിഴികള്‍ പണ്ടത്തെപ്പോലെ തടാകങ്ങളായോ? നീ എന്നെ അപ്പോള്‍ ഓര്‍ത്തു കാണും അല്ലേ?
നീ അറിഞ്ഞോ മോളെ, നമ്മുടെ ജൂനിയര്‍ ആയിരുന്ന ഡയാന സില്പയും നിന്‍റെ നാട്ടിലേക്കു വന്നു. നിനക്ക് മുന്‍പേ പോയ ദിമ്പിളിനെയും , ലിനിത്നെയും നീ അവിടെ കണ്ടുവോ?ഒരിക്കലും ഉത്തരം കിട്ടാത്ത കുറെ ചോദൃങ്ങളുമായി
തേങ്ങുന്ന മനസുമായി നിന്‍റെ കൂടുകാരി.....

കാത്തയുടെ വിടര്‍ന്ന ചിരി മറഞ്ഞു ...


കാത്ത വിട പറഞ്ഞു, 2011 ജൂണ്‍  ഒന്നാം  തീയതിയിലെ  മലയാളമനോരമയുടെ തലക്കെട്ട് . തകഴിയുടെ കാത്ത . തകഴിയുടെ വീട് ആദ്യമായി കാണുന്നത്  തിരുവല്ല സ്ചൂളിലെക്കുള്ള യാത്രയില്‍ ആണ് . തകഴി കടത്തിന് സമീപത്തായി ഒരു വലിയ പറമ്പില്‍ റോഡ്നോട് ചേര്‍ന്നുള്ള വെള്ള  ചായം തേച്ച വീട്. വീടിനു മുന്പില്ലുള്ള ബസ്‌ സ്റ്റോപ്പില്‍  ബസ്‌ നിര്‍ത്തിയപ്പോള്‍ അച്ഛനാണ് പറഞ്ഞത് ,അത് തകഴിയുടെ വീടാണെന്നു. വെറുതെ വിളിച്ചു പറഞ്ഞു, അച്ഛാ, തകഴി ആ ചാരുകസേരയില്‍ കിടപ്പുണ്ടെന്ന്. ബസ്സിലിരുന്ന  ആളുകള്‍ക്കൊന്നും  ഒരു അമ്പരപ്പും ഇല്ലായിരുന്നു. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ എന്ന പഴമോഴിയാ ഓര്മ  വന്നത്. 
പിന്നെ കോളേജില്‍ എത്തിയപ്പോള്‍ തകഴി സര്‍ ആയിരുന്ന്നു തകഴിയുടെ ഓര്‍മ്മകള്‍ ഉണര്തിയിരുന്ന ആള്. തകഴിയുടെ മരുമകനായിരുന്നു അദ്ദേഹം . അതുവഴിപോകുമ്പോള്‍ വെറുതെ അങ്ങോട്ടോന്നെതി നോക്കും, തകഴി എങ്ങാനും അവിടെ ഉണ്ടെങ്കിലോ .ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തക്ഴിയില്ലുള്ള കൂടുകാരിയുടെ വീട്ടില്‍ പോയപ്പോഴാണ് തകഴിയെ ഒന്ന് നേര്രിട്ടു കണ്ടു കളയാം   എന്ന് തീരുമാനിചത്.വീടിനു മുംബില്ലുള്ള ചെറിയ ഗേറ്റ് തുറന്ന സ്വരം കേടു വാതില്‍ തുറന്നത് കാത്തമ്മ ആയിരുന്നു. ഇന്ന്  onv  പറഞ്ഞതുപോലെ നിറഞ്ഞ ചിരിയുള്ള കാത്ത ചേച്ചി ഞങ്ങളെ  അകത്തേക്ക് ക്ഷണിച്ചു. ചാരുകേസരയില്   നീണ്ടു നിവര്‍ന്നു കിടക്കുന്നു ,ചെമ്മീനിലെ പരീക്കുട്ടിയുടെയും , കരുത്തംമയുടെയും പിതാവ് . ആദ്യം അദ്ദേഹം വിചാരിച്ചത് ഞങ്ങള്‍ 
പേരക്കുട്ടികളാെണന്നു .വെറും സന്ദര്സകരനെന്നരിഞ്ഞപ്പോള്‍  ആ മുഖം നിര്‍വികാരമായി. ഓര്‍മകളും,മറവികളും തമ്മിലുള്ള നൂല്പ്പാലത്തില്ലോടെ അങ്ങോട്ടുമിങ്ങോട്ടും  സന്ജരിക്കുകയിയുരുന്നു അദേഹം .എന്തോ ഞങ്ങള്‍ ചോദിച്ചു, എന്തോ അദേഹം  പറഞ്ഞു, എന്താന്നിപ്പോള്‍ ഓര്‍മയില്ല.പിന്നെ ഒന്നും ചോദിക്കാനും, പറയാനുമില്ലാത്ത  നിമിഷങ്ങള്‍. 
കാത്തംമയുടെയും , തക്കഴിയുടെയും ഉച്ച മയക്കത്തിന്  മുടക്കം വരുതെന്ടന്നു  കരുതി ഞങള്‍ യാത്ര പറഞ്ഞു പോന്നു. ഒറ്റ മുണ്ടുടുത്ത് ആ ചാരുകസേരയില്‍ കിടക്കുന്നതാണ്  വിസ്വവിഖാതനായ എഴുതുകാരനെന്നത്  വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നെ കുട്ടനാടുകാരിക്ക്  കുട്ടനാടിന്റെ  എഴുത്തുകാരനെ കണ്ടപ്പോള്‍  "എനിക്കുമുണ്ടെടാ പിടി" എന്ന്  ഒരു അഹങ്കാരവും . 
തകഴിയുടെ കഥ പറയുമ്പോള്‍ "ഇനിപ്പാടിക്കളെ"  പറയാതെ വയ്യ.
ഞാന്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. സ്കോളര്‍ഷിപ് പരീക്ഷക്കുള്ള  തയാറെടുപ്പുകള്‍ നടക്കുകയാണ്.അപ്പുപ്പനും ഉണ്ടെന്ന്റെ കൂടെ  പഠിപ്പിക്കാൻ. ഉച്ചത്തില്‍ വയിക്കണെമനത് അച്ചന്റെ അലിഖിത നിയമമാണ് വീട്ടില്‍. അങ്ങനെയാണഛ൯  തന്റെ മുറുക്കിനിടയിലും മകള്‍ പഠിക്കുമ്പോള്‍ ഉറങ്ങുന്നില്ല എന്നുറപ്പ് വരുതിയിരുന്നതു.ആവര്‍ത്തിചാവര്തിച്ചു ഞാനങ്ങു  വായിക്കുകയാണ് " തകഴിയുടെ ഇനിപ്പാടിക്കള്‍ . അപ്പുപ്പന്‍ അദേഹത്തിന്റെ ചിന്തകളില്‍  നിന്നും ഞെട്ടി ഉണര്‍ന്നു. എന്താടി നീ ഈ വായിക്കുന്നത്  തകഴി അങ്ങനെയൊരു പുഷ്തകമെഴുതിയിട്ടില്ലല്ലോ. അപ്പുപ്പൻ പുസ്തകം വാങ്ങിച്ചു നോക്കി. തകഴിയുടെ പ്രസിദ്ധമായ ഒരു നോവല്‍ ആണ് എന്റെ ടീച്ചറിന്റെ സാഹിത്യത്തിലും,ആംഗലേയ ഭാഷയിലുമുള്ള അപാരമായ ജ്ഞാനം കൊണ്ട്  ഇനിപ്പാടിക്കളായി മാറിയത്.അത്  ഏത്   നോവല്‍ എന്നുള്ളത്  വായനക്കാരുടെ ചിന്തയില്ലേക്ക് സമര്പ്പിക്കുന്നു . തകഴിയെയും ,കാത്ത്മ്മയയ്യും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ ചെമ്മീനിലെ പുന്നപ്രക്കാരെ എന്ന പാട്ട് കേള്‍ക്കട്ടെ......

Friday, May 18, 2012

എന്നെ ആരും പഠിപ്പിച്ചില്ല ഇതൊന്നും...

പഠിക്കൂ , പഠിക്കൂ, എന്ന് കുട്ടികളോട് പറഞ്ഞു മടുത്തു. പണ്ട് അച്ഛനും അമ്മയും പറഞ്ഞ അതേ വരികള്‍ ഏറ്റുപാടുന്നു. പഠിച്ചില്ലെങ്കില്‍ ഒരു രക്ഷയുമില്ല കുട്ടികളെ.അവനെ നോക്കി പഠിക്കൂ, ഇവളെ നോക്കി പഠിക്കൂ. 
കുറെ പറഞ്ഞു കഴിഞ്ഞപ്പോള്‍ വെറുതെ ഒരു വീണ്ടു വിചാരം.അന്നവര്‍ അത് പറഞ്ഞപ്പോള്‍ വല്ലതും മന്സിലായിരുന്നോ ? അപ്പോള്‍ അവിടെ നിന്നും രക്ഷപെടാനായി ഒന്ന് കരഞ്ഞു കാണിച്ചു . അല്ലാതെ ഭാവിയില്‍ രക്ഷപെടുന്നതിനെ കുറിച്ച്  വലിയ ചിന്തകളൊന്നും അന്ന് മനസിനെ അലട്ടിയിരുന്നില്ല.എങ്ങനെ കൂട്ടുകാരുമായി സല്ലപിക്കാം , വല്ല വിധത്തിലും പഠിത്തം അവസാനിപ്പിച്ചു കിടന്നു ഉറങ്ങാം എന്നൊക്കെയായിരുന്നു പ്രധാന ചിന്തകള്‍ .അന്ന് പഠിച്ചത് എന്തെങ്കിലും ഇന്ന് ജീവിതത്തില്‍ പ്രാവൃതികമാക്കുന്നുണ്ടോ? എത്ര നാളായി നമ്മളിങ്ങനെ ബോറടിപ്പിക്കുന്ന വിധ്യാഭ്യാസത്തിന്റെ പുറകെ ഓടുന്നു.നമ്മുടെ ജീവിതത്തെ ഇരുപതു വര്‍ഷങ്ങലുള്ള നാല് ഘട്ടങ്ങളായി തിരിക്കാം. ആദ്യത്തെ  ഘട്ടം  ജനിക്കുമ്പോള്‍ മുതല്‍ ഇരുപതു വയസു വരെ,ജീവിതത്തിലെ എല്ലാ മൂല്യങ്ങളുടെയും വേരുറപ്പിക്കുന്ന കാലം.നമ്മുടെ കുട്ടികള്‍ക്ക് നല്ല പാഠം ചൊല്ലിക്കൊടുക്കുമ്പോള്‍, പലപ്പോഴും ഞാന്‍ പഴയ കാലങ്ങളിലേക്ക് തിരിച്ചു പോകാറുണ്ട്. എന്റെ ആ ആദ്യഘട്ടത്തില്‍ ഞാന്‍ പടിച്ചതെന്തോക്കെയാണ് എനിക്കിന്ന് പ്രയോജനമായി തീര്‍ന്നത്. എന്തൊക്കെയായിരുന്നു ഞാന്‍ പഠിക്കാതെ പോയത് . എന്തൊക്കെയാണ് എന്നെ ആരും പടിപ്പിക്കാതിരുന്നത്. ഇപ്പോഴും മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാനാനല്ലോ എളുപ്പം.അതുകൊണ്ട് ആരും എന്നെ പടിപ്പിക്കാതത്തില്‍  നിന്നും തുടങ്ങാം.

ഇതെന്റെ സ്വന്തം ജീവിതം എന്നെ പഠിപ്പിച്ച പാഠമാണ്. ഇന്നലെ ഞാനതെന്റെ കൌമാര കാരിക്ക് പറഞ്ഞു കൊടുത്തു.ആദ്യമായി അവളെന്നോട് ഒരു കാര്യത്തില്‍  യോജിച്ചു .അവളുടെ വാക്കുകള്‍ "ഇത് വളരെ ശരിയാണ്  അമ്മേ" ഇതാണ് എനിക്ക് ഇത് എഴുതാനുള്ള  പ്രജോതനം.    അതെ , നമ്മുടെ ജീവിതത്തില്‍  വളരെ എളുപ്പമായ ഒരു കാര്യമാണ് മറ്റുള്ളവരുടെ കുറ്റം കണ്ടു പഠിക്കുക.  ഇങ്ങനെ കുറ്റം കണ്ടു പിടിച്ചു കണ്ടു പിടിച്ചു നമ്മള്‍ മുന്നേറുമ്പോള്‍ , ചെയ്യാത്ത കാര്യങ്ങള്‍ നമ്മളിലും ആരോപിക്കപെടാരില്ലേ ? അങ്ങനെയുള്ള ഒരു  അവസരം എങ്ങനെയാണ് നേരിടുക എന്ന് നമ്മുക്ക് നമ്മളുടെ കുഞ്ഞുങ്ങളെ പടിപ്പിക്കണ്ടേ? വായിചെടുത്തതും, അനുഭവം പഠിപ്പിച്ചതും, ചിന്തിചെടുതതുമായ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. തെറ്റാണെങ്കില്‍ ക്ഷമിക്കുക , ആത്മവിശ്വാസം തീരെ പോര.  കുട്ടികള്‍ ആദ്യമായി മുതിര്‍ന്നവരോട് തിരിച്ചു പറയാന്‍ തുടങ്ങുന്നത് എപ്പോഴാണ് ? ഞാന്‍ ആദ്യമായി എന്റെ മാതാപിതാക്കളെ എതിര്‍ത്തതും  , എന്റെ കുട്ടികള്‍ ആദ്യമായി എന്നെ എതിര്‍ത്തതും , ഒരേ സാഹചര്യത്തിലാണ്. ഞാനും അവരും ശരിയെന്നു വിചാരിച്ചു ചെയ്യ്തത് മാതാപിതാക്കളുടെ കണ്ണില്‍ തെറ്റായി മാറിയപ്പോള്‍. എങ്ങനെ പ്രതികരിക്കനമെന്നരിയില്ലയിരുന്നു. ഞാന്‍ ചെയ്യ്തതാണ് ശരി എന്നാ ആത്മ വിശ്വാസം എന്നെ കൂടുതല്‍ ,കുടുതല്‍ , വാദിക്കാന്‍ പഠിപ്പിച്ചു. അടിച്ചമര്‍ത്താന്‍ ശ്രമിക്കുതോറും കൂടുതല്‍ വീര്യം പ്രാപിച്ച കുട്ടിക്കാലം. അതെന്നെ അഹങ്കാരിയാക്കി.അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങല്ലേ നമ്മുക്ക് അഹങ്കാരികള്‍  ആക്കാതിരികാന്‍ ശ്രമിക്കാം ..രണ്ടു കാര്യങ്ങള്‍ ശ്രത്തിച്ചാല്‍, അത് സാധിക്കും. ഒന്ന്, അവരുടെ സ്വരം ഉയരുമ്പോള്‍ , നമ്മള്‍ സ്വരം താഴ്ത്തി  ഒന്ന് ചിന്തയില്‍ മുഴുകുക. എന്താണ് അവരെ ക്കൊണ്ടിങ്ങനെ ശബ്ദം ഉയര്‍ത്തുന്നത് ? നമ്മള്‍, അവരുടെ പ്രായത്തില്‍ എന്തായിരുന്നു ചിന്തി ച്ചത്‌? നമ്മള്‍ ഒരു  മോഡല്‍  ആകുന്നുണ്ടോ ?
 ഇതൊക്കെ എഴുതാന്‍ എളുപ്പമാണ് , പക്ഷെ ദേഷ്യം വരുന്പോൾ  ഇതൊക്കെ ഓർക്കാൻ പോകുവല്ലേ? ഞാനും , നിങ്ങളും ഒരേ വള്ളത്തില്‍ തന്നെ. ശരി നമുക്ക് രണ്ടാമത്തെ വഴി സ്വീകരിക്കാം. മറ്റുള്ളവര്‍ കാരണമില്ലാത്ത കുറ്റപ്പെടുത്തുന്പോൾ  എങ്ങനെ പ്രതികരിക്കണം? ഒരിക്കലും ദേഷ്യപ്പെടരുത്.ദേഷ്യപ്പെട്ട സ്വരം ആരും ശ്രദ്ധിക്കുകയില്ല .ഇപ്പോഴും ഉറക്കെ സംസാരിക്കുന്നവനാണ് തെറ്റുകാരന്‍. അതുകൊണ്ട് ആരെങ്കിലും വെറുതെ കുറ്റപ്പെടുത്തിയാല്‍  വളരെ സമാധാനപരമായി പ്രതികരിക്കുക. തെറ്റ് നമ്മുടെ ഭാഗതല്ലെങ്കില്‍ ,പ്രതികരണം ഒരു പുഞ്ചിരിയോട് കൂടി ആകുന്നതാണ് നല്ലത്. നമ്മളുടെ ഭാഗത്ത്‌ തെറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് വെറുതെ ശബ്തം ഉയർത്തുന്നത് ? വെറുതെ മറ്റുള്ളവരുടെ  കുറ്റപ്പെടുത്തലുകള്‍   കണ്ടു രസികൂ.എന്നിട്ട് അവസാനം വളരെ സമാധാനത്തോടെ  സ്വന്തം ഭാഗം വിശദീകരിക്കുക . പിന്നെ തെറ്റ് നമ്മുടെ ഭാഗതങ്കില്‍ ഒരിക്കലും അത് മറക്കാന്‍ ശ്രമിക്കരുത്. കുറ്റം തുറന്നു സമ്മതിക്കുന്നത്  ഒരു വലിയ കഴിവാണ്. ആയിരം ദേവാലയങ്ങള്‍ തോഴുന്നതിനെക്കാളും പുണ്യമുള്ള ഒരു കഴിവ്. പക്ഷെ മാതാപിതാക്കള്‍ തന്നെയല്ലേ കുഞ്ഞുങ്ങളുടെ ആ കഴിവ് , ശിക്ഷകളിലൂടെ നശിപ്പിച്ചു കളഞ്ഞത്.ശിക്ഷ പേടിച്ചു അവര്‍ കള്ളം പറഞ്ഞു , അങ്ങനെ വലിയ, വലിയ ശിക്ഷകളിലേക്ക് വീഴുന്നു. നമ്മള്‍ തന്നെ ഇതിനെല്ലാം കാരണക്കാര്‍. നമ്മളെ ആര്രും പഠിപ്പിക്കാത്ത ഈ കാര്യങ്ങള്‍  നമ്മള്‍  ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടുക്കേണ്ടേ?
എന്നെപ്പോലെ അഹങ്കാരി അല്ലാത്ത ഒരു വരും തലമുറയെ വാര്‍ത്തെടുക്കാന്‍ എന്റെ ഈ  കുറുപ്പിന് കഴിയെട്ടെ  എന്ന പ്രാര്‍ഥനയോടെ  
സ്വന്തം രാജലെക്ഷ്മി വി .കെ 

Friday, May 11, 2012

(എന്റെ നാട് കുട്ടനാട് - 2 )പള്ളാത്തുരുത്തി ആറു മുതല്‍ , സുജിമോളുടെ വീട് വരെ



പള്ളാത്തുരുത്തി ആറു മനോഹരമാണ്.  ഇതിന്റെ മനോഹാരിത മനസ്സില്‍ പതിഞ്ഞിട്ടില്ല. പറയുന്ന പൈസ കൊടുത്തു  ഹൌസ് ബോട്ടെടുത്ത്‌ , വിശ്രമ വിനോദ യാത്ര നടത്തേണ്ടി വന്നു, അതിന്റെ മനോഹാരിത മനസിലാക്കാന്‍ . കാശ്  ഒരു വസ്തുവില്‍  ഉണ്ടാക്കുന്ന  വാല്യൂ  ആദ്യമായി പഠിപ്പിച്ച അധ്യാപകനും കൂടെ ആ യാത്രയില്‍   ഉണ്ടായിരുന്നത്  എന്നുള്ളത് വിധിയുടെ മറ്റൊരു തമാശ .പള്ളാത്തുരുത്തി ആറിലെ ആദ്യത്തെ ജെട്ടിയാണ് , കുപ്പപ്പുറം. എന്റെ വീടിന്റെ അക്കരെയുള്ള വീട്ടിലെ രതിയും വേണുവും പെട്ടെന്നങ്ങ് ഒരു വര്‍ഷം കുപ്പപ്പുറം പള്ളിക്കുടത്തില്‍ പോയി ചേര്‍ന്നു. അവര്‍ എന്നും അക്കരേക്കുടി  പോകുമ്പോള്‍ ഇക്കരെ നില്‍ക്കുന്ന എട്ടുവയസുകാരിയോടമ്മ പറയും അവരങ്ങ് കുപ്പപ്പുരത്തിന് പോവുകാണെന്ന്. എന്റെ മനസ്സില്‍ കുപ്പപ്പുറം വലിയ ഒരു സംഭവം ആകുന്നതങ്ങനെയാണ്. പല ജെട്ടികളുടെയും പേരുകള്‍ മറന്നു  തുടങ്ങി . കുപ്പപ്പുറം ജെട്ടിയില്‍  നിന്നും  വിട്ട ബോട്ട് ഒരു ഷാപ്പുള്ള ജെട്ടിയ്ലാണ്  അടുത്തതായി എത്തുന്നത്‌.  എന്റെ കള്ള് മോഷണത്തിന്റെ കഥ ഇപ്പോള്‍ പറയാം. ഞാന്‍ നേരത്തെ പറഞ്ഞ രതിയുടെയും , വേണുവിന്റെയുമൊക്കെ ചേട്ടനായിരുന്നു ഞങ്ങളുടെ നാട്ടിലെ പ്രധാന ചെത്ത്‌ കാരന്‍ .ഇന്നത്തെ കാലത്തെ കോളേജിലെ ചെത്ത്‌ കാരന്‍ അല്ല കേട്ടോ. ഇതാണ് ശ രിക്കുമുള്ള  ചെത്തുകാര്‍ . തെങ്ങില്‍ നിന്നും കള്ള്  എടുക്കുന്നതിനു കള്ള് ചെത്തുക എന്നാണു പറയുന്നത്. തെങ്ങിന്റെ പുതിയ പൂക്കുലയില്‍  ഒരു പ്രത്യേക രീതിയില്‍ ചെത്തി , ചെത്തി , വെച്ചിട്ട് അതില്‍ നിന്നും ഊറി വരുന്ന മധുരക്കള്ള് ചെത്ത്‌കാര്‍  അവരുടെ കുടത്തില്‍ ശേഖരിക്കും.  അരയില്‍  ഉറപ്പിച്ചു കെട്ടിയ മാട്ടവുമായി, അവര്‍ വളരെ അനായാസമായി തെങ്ങില്‍  കയറുന്നത്  കാണാന്‍ തന്നെ ഒരു രസമാണ്. പിന്നെ അവര്‍  താളത്തില്‍  കൊട്ടും .  മുകളില്‍ നടക്കുന്ന ആ പ്രതിഭാസം എന്താണെന്നറിയില്ല . മാട്ടത്തില്‍  നിറയെ മധുര കള്ളുമായി താഴെ  എത്തുന്നതാണ്  പിന്നെ കാണുന്നത് . അന്നൊക്കെ ഹിന്ദുക്കളുടെ വീട്ടിലെ പ്രധാന പ്രഭാത ഭക്ഷണം ദോശയും  ഇഡ്ഡലിയുമാണ്‌ . അടുത്തുള്ള  ക്രിസ്ത്യാനി വീടുകളിളില്‍ നിന്നും ഉയരുന്ന അപ്പത്തിന്റെയും , കോഴി ക്കറിയുടെയും മണമടിച്ചു സഹികെട്ട്  അമ്മയെ ശല്യ പ്പെടുത്തുന്നത് ഒരു പരുധിയില്‍ കൂടുതല്‍ ആകുമ്പോള്‍  അമ്മ പതുക്കെ അപ്പത്തിനും മുട്ടക്കറിക്കുമുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.  അപ്പത്തിനു ഇന്നത്തെ പ്പോലെ യീസ്റ്റ് ഉപയോഗിക്കുന്ന പരുപാടിയോന്നുമില്ല.അതിനായി തലേ ദിവസമേ വിശ്വംഭരന്റെ കൈയ്യില്‍ നിന്നും മധുരക്കളു വാങ്ങി വെക്കും. തെങ്ങില്‍ നിന്നും നേരേ എടുത്ത മധുരക്കള്ള് .ഷാപ്പിലെത്തി മായങ്ങളൊന്നും ചേരാത്ത കള്ള്. അതില്‍ നിന്നും ഒരു സ്പൂണ്‍ സ്വാദ് നോക്കാന്‍ കിട്ടും. പക്ഷെ അതിന്റെ സ്വാദ് വല്ലാതങ്ങ് പിടിച്ചു പോയി. അമ്മ അറിയാതെ അത്  കട്ട് കുടിച്ചിട്ട് , അതില്‍ വെള്ളമൊഴിച്ച് വെക്കലായി മകളുടെ പരുപാടി.അതെന്റെ ആദ്യത്തെയും അവസാനത്തെയും വെള്ളമടിയായിരുന്നു, എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ് അല്ലെ.സത്യം വിചിത്രം.

നമുക്ക് കള്ളുഷാപ്പിന്റെ അടുത്തുനിന്നും ബോട്ട് പതുക്കെ പള്ളാത്തുരുത്തി ജെട്ടിയിലെക്കടുപ്പിക്കാം. ചായക്കടയിലെ കണ്ണാടി അലമാരിയില്‍ നിരത്തി വെച്ച ബോണ്ടയും , ഏത്തക്ക അപ്പവും ഒക്കെ  നമ്മളെ നോക്കി ചിരിക്കുന്നു. കുട്ടനാട്ടില്‍ അന്നൊക്കെ ആദ്യമായി മുസ്ലിം സമുദായത്തില്‍ പെട്ടവരെ  കാണുന്ന സ്ഥലമാണിത്. പുന്നപ്രയില്‍ കണ്ട തലയില്‍ തട്ടമിട്ടവരെ ബോട്ടിലിരുന്നു വീണ്ടും കാണുമ്പോള്‍ ഞാന്‍ അത്ഭുത പെടാരുണ്ടായിരുന്നു.തലയില്‍ തട്ട്മിട്ടവരെല്ലാം പുന്നപ്രയിലുള്ള നബീസുമ്മയും, ബീവതുമ്മയും, ഒക്കെയെന്നു ധരിച്ച എന്റെ അറില്ലായ്മ , അല്ലാതെന്തു  പറയാന്‍.കുട്ടനാട്ടില്‍ നിന്നും വരുമ്പോള്‍ ആദ്യമായി ഒരു പട്ടണ ലക്ഷണമുള്ള സ്ഥലമായിരുന്നു പള്ളതുരുത്തി ജെട്ടി.ചിലപ്പോഴൊക്കെ  പള്ളാത്തുരുത്തി ആറ്റില്‍ ധാരാളം പോള നിറഞ്ഞു   കിടക്കും. പിങ്ക് കലര്‍ന്ന വയാലെറ്റ്‌ നിറമുള്ള പോളപ്പൂക്കള്‍ . ഞാന്‍ ഒരിക്കലും അതൊന്നും ആസ്വധിച്ചിട്ടില്ല . ഞാനെന്നല്ല കുട്ടനാട്ട് കാര്‍ ആരെങ്കിലും അതൊക്കെ അസ്വധിചിട്ടുണ്ടോ എന്നറിയില്ല . പോള ബോട്ടിന്റെ ഇന്ജന്റെ ഇടയില്  കയറി ബോട്ട് നിന്ന് പോകും , അപ്പോള്‍  ബോട്ട് ജീവനക്കാര്‍ ഇറങ്ങി അത് വൃതിയാകി വീണ്ടും ബോട്ട് പ്രവര്‍ത്തന യോഗ്യമാക്കും. യാത്ര  മുടക്കിയത്തിനു ഞങ്ങളൊക്കെ മനം നൊന്തു പര്യാകിയിരുന്ന ആ പോള പൂക്കളെ , ഇന്ന് നിങ്ങള്‍ വോ ,എന്ത് ഭംഗി എന്ന് പ്രകീര്‍ത്തിക്കുന്നു. പോള പൂക്കള്‍ക്കും  അവരുടേതായാ  ഒരു കാലം ഉണ്ടല്ലേ ? 

ശാസ്ത്രത്തിന്റെ  വളര്‍ച്ച മൂലം ഞാന്‍ പുതിയ ഒരു സാഹിത്യ ശാഖ പരീക്ഷികട്ടെ.വായനക്കാരെയും കൂടി കഥാപാത്രങ്ങലാക്കുന്ന ഒരു എഴുത്ത് രീതി.ഞാന്‍ സാഹിത്യം എഴുതാന്‍  ശ്രമിക്കുകയാണ്. അല്ലെങ്കില്‍ സാഹിത്യം ഒരു പാഠഭാഗമായി പഠിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഇന്ദു എന്നെ വഴക്ക് പറയും .എന്നിലെ ഒരു സ്പാര്‍ക്ക് കണ്ടെത്തിയ അവള്‍ ആ സ്പാര്‍ക്കിലിട്ടെന്നെ ച്ചുട്ടുകരിക്കാനും  മടിക്കില്ല. പക്ഷെ ജീവിതയാത്രയെ പച്ചയോടെ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സാഹിത്യതിനെന്തു പ്രസക്തി. അങ്ക വ്യകല്യം പറ്റിയ  കുഞ്ഞിനെ ഗര്‍ഭ പത്രത്തില്‍ വെച്ച് നശിപ്പിച്ചു കളയാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും, അത് ചെയ്യാതെ ,പ്രസവിച്ചു   വളര്‍ത്താന്‍ ഒരമ്മ ആഗ്രഹിക്കുന്ന  ചാപല്യമായി  നീ ഇതിനെ കണക്കാക്കുമല്ലോ .നീ പറഞ്ഞ ആ അടക്കവും ഒതുക്കവും സാഹിത്യ ഭംഗിയും ഒന്നും  എനിക്ക് വരുന്നില്ല.അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ എന്റെ അടുത്തിരിപ്പുണ്ട്. അത് വായിച്ചിട്ട് അതുപോലെ എഴുതാനൊക്കെ ഇനി അടുത്ത ജന്മത്തില്‍ ശ്രമിക്കാം.പക്ഷെ അത് വായിച്ചിട്ട്  ഇതെന്തു കുന്തമാണെന്ന്  അടക്കം പറഞ്ഞത് ഞാനും പ്രിയസഖി ഉഷ ചേച്ചിയും കൂടി  ആണെന്നുള്ളത്‌ മറ്റൊരു രഹസ്യം . ഇതാ പഴയ രാജലക്ഷ്മി വി .കെയാണ് , ഒന്നും മറക്കാന്‍ കഴിയാത്ത രാജി .  വായില്‍ വരുന്നതെന്തും ആലോചിക്കാതെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടി. ഈ കുറുപ്പ് കളിലൂടെ ഞാന്‍  എന്നെ ഞാനാക്കിയ ഭൂതകാലം തേടുന്നു. സാഹിത്യം എന്തെന്നറിയാത്ത , ഒന്നും വായിക്കാത്ത ഞാന്‍  സ്വന്തം നാടിനെയും അവിടത്തെ നന്മ നിറഞ്ഞ എന്റെ നാടുകാരെയും, ലോകത്തിലെ എല്ലാ മലയാളികളികല്ല്ക്കും  പരിചയപ്പെടുത്തി കൊടുക്കുന്നു. അത്രേയുള്ളൂ. സുമയും , അനുവും  അവര് കാണാത്ത കുട്ടനാട് എന്റെ വരികളിലൂടെ കാണുന്നു. ഉമയും, ജീമോളുമൊക്കെ പഴയ കാലങ്ങളിലേക്ക് തിരിച്ചു പോകുന്നു. കുട്ടമഗലതിന്റെ പൊന്നോമന പുത്രന്‍ ബിജു    മറുനാട്ടില്‍ ഇരുന്നു താളത്തില്‍  വള്ളപാട്ട് പാടുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത മഹേദ്രലാല്‍ അതിഷ്ട്ടപ്പെടുന്നു. രെഷ്മിയും, പ്രിയയും, ജയയും ,പിന്നെ കുറച്ചു കൂട്ടുകാരും ഒക്കെ അടുത്ത ലക്കത്തിനായി  കാതിരിക്കുന്നു.  മറ്റൊരു കൂട്ടുകാരി പറഞ്ഞു, ചെറിയ ഒരു അസുയ തോന്നുന്നു എന്ന്. സന്തോഷ്‌ പന്റിട്ടിനെ മനസ്സില്‍ ധ്യാനിച്ച് ഒരു കാച്ചു കാച്ചു , കൂട്ടുകാരി ഉഗ്രന്‍  സാഹിത്യം  വരും.

എന്റെ  കളിക്കൂട്ടുകാരെ മുഴുവനും വീണ്ടും കണ്ടെത്താമെന്ന ഒരു വലിയ സ്വപ്നവും ഇതിന്റെ പിന്നിലുണ്ട്. നമ്മുടെ വള്ളം പള്ളാത്തുരുത്തി ആറ്‌  കഴിഞ്ഞുള്ള ആ ഇടതോട്ടിലേക്ക് കയറുമ്പോള്‍  ഞാന്‍ എന്റെ ആദ്യത്തെ കൂട്ട് കാരിയെ തേടട്ടെ. ഇനി അങ്ങോട്ടുള്ള മിക്കവാറം  എല്ലാ ബോട്ട് ജെട്ടികളിലും  നമുക്കൊരുമിച്ചാ  കൂട്ടുകാരെ തേടാം .നാലാം  ക്ലാസ്സില്‍ മഠത്തില്‍ സ്ചൂളിലെതിയപ്പോള്‍ കിട്ടിയ കൂട്ടാണ് സുജിമോള്‍ .സി. എസ് . മഠം വഴിയാണ് നമ്മുടെ വള്ളം പോകാന്‍ പോകുന്നത്. എത്ര കുറുപ്പുകള്‍ എഴുതിയാലും തീരാതവിധം കഥകള്ലുള്ള മഠം സ്കൂള്‍.അവിടെ എത്തുന്നതിനു മുമ്പ് സ്വാമിയുടെ ചിറ ജെട്ടിയില്‍   എനിക്ക്    നഷ്ടപ്പെട്ട  സുജിമോളെ തേടാം  .ജെട്ടിയില്‍ തന്നെ യായിരുന്നു സുജിമോളുടെ വീട്. വലിയ  ഓട്ടക്കാരിയും, പഠിതക്കാരിയും  ഒക്കെ ആയിരുന്നു അവള്‍. അവധി ദിവസങ്ങളില്‍ ആലപ്പുഴക്ക് പോകുമ്പോള്‍ എവിടെ എത്തുമ്പോള്‍ പ്രതീക്ഷയോടെ നോക്കും , സുജിമോളെ നോക്കി ഒരു ടാറ്റാ പറയാന്‍. മിക്കവാറും സുജിമോളുടെ അമ്മാവന്റെ മോന്‍  കാലുവയ്യാത്ത  ബാബുരാജ്‌  ഞങ്ങളെ ബോട്ടില്‍ കണ്ടു സുജിമോളെ വിളിച്ചു  കാണിക്കുകയാണ് പതിവ്.അപ്പോഴേക്കും ബോട്ട് അവിടെ നിന്നും വിട്ടിരിക്കും.ഇത് വായിക്കുന്ന ആരെങ്കിലും എന്റെ സുജിയെ അറിയുമെങ്കില്‍  എന്നെ അറിയിക്കുമെന്ന പ്രതീക്ഷയോടെ  ഞാന്‍  കാത്തിരിക്കുന്നു. 
വട്ടക്കായലിന്റെ കഥ മുതല്‍ അടുത്ത ലക്കത്തില്‍ .....

Monday, April 30, 2012

നമ്മള്‍ ഹാപ്പിയാണോ?


അലസമായ ഒരു സായാന്ഹത്തില്‍  വെറുതെ മനസിലേക്ക് വന്ന ഒരു ചോദ്യം . പിന്നെ സന്തോഷമില്ലാതെ , ലോകത്തിലെ സ്വര്‍ഗത്തിന്റെ മറുവാക്കായ അമേരിക്കയില്‍ ഇരുന്നു സന്തോഷമില്ല എന്ന്  പറഞ്ഞാല്‍  അത് അഹങ്കാരമാവില്ലേ. എന്തൊക്കെ  നേടിയാലും    നഷ്ടപ്പെട്ടതിനെ  ഓര്‍ത്തു  തേങ്ങുന്ന മനസിന്റെ പ്രഹേളിത ഒരു പിടികിട്ടാപുള്ളിയായി നില്‍ക്കുന്നു . നാടിന്റെ നന്മ തേടി, നാട്ടിലേക്ക് മടങ്ങിയ കൂട്ടുകാരുടെ ജീവിതം വല്ലാതെ കൊതിപ്പിക്കുന്നു. വയസു നാല്‍പ്പതു കളിലേക്ക് കടക്കുമ്പോഴാണ് ഈ വക വീണ്ടു വിചാരങ്ങള്‍ ഉണ്ടാകുന്നതു എന്ന് തോന്നുന്നു. ഒരു സാധാരണ അമേരിക്കന്‍ മലയാളിയുടെ  ജീവിതം നാട്ടിലെ കൂട്ടുകാര്‍ക്കു വേണ്ടി ഒന്ന് കുത്തിക്കുറി ക്കാമെന്ന് വിചാരിച്ചു.
തുടക്കം പല വിധത്തിലാണ്. കല്യാണം കഴിച്ചു പുതുമോടിയില്‍ ചെക്കനോടൊപ്പം വന്നിറങ്ങുന്ന പെണ്‍ കുട്ടി,കൈക്കുഞ്ഞുമായി ഏഴാം കടല് കടന്നവര്‍, സ്കൂളില്‍ പഠിക്കുന്ന കുട്ടികളുമായി ബന്ധുക്കാരുടെ സഹായത്താല്‍ ഗ്രീന്‍ കാര്ടോടെ  സ്വപ്നഭൂമിയില്‍ എത്തിയവര്‍.  ഇവരുടെയെല്ലാം ജീവിതങ്ങള്‍ നിരീക്ഷിക്കാന്‍ നല്ല രസമാണ്. 
ഇതിലെ ആദ്യ വിഭാഗം ഒരു അടിപൊളി ജീവിതത്തിലേക്ക് വീഴുന്നു. വാരാധ്യങ്ങളില്‍  കറക്കവും, ഫോട്ടോ എടുപ്പും , വെളിയില്‍ നിന്നും ആഹാരം  അങ്ങിനെ, അങ്ങിനെ പോകുന്നവര്‍. പിന്നെ വണ്ടി ഓടിക്കാന്‍ ഒരു ലൈസന്‍സ് ,തുടര്‍ന്ന് പഠിക്കാനുള്ള  തന്ത്രപ്പാട് . എങ്ങനെയും  ജോലി നേടുക എന്നുള്ള ആഗ്രഹം . ജോലി കിട്ടിക്കഴിഞ്ഞാല്‍ , പിന്നെ ഒരു വീട് വാങ്ങണം , കുട്ടികളെക്കുരിച്ചലോചിക്കാന്‍ സമയമായി. നാട്ടില്‍  വിശ്രമ ജീവിതം നയിക്കുന്ന അമ്മമാര്‍ക്ക് പണിയായി.പിന്നെ കുട്ടികളും , നാട്ടില്‍ നിന്നും വന്ന അമ്മമാരും , ജോലിയുമോക്കെയായി ഒരു സര്കുസ് .നേരെ മറിച്ചു കൈക്കുഞ്ഞുമായി വന്നവര്‍ ജീവിതം ആസ്വദിക്കുന്ന കാലമാണിത്. അവര് തന്നെ ഇങ്ങോട്ട് വന്നിറങ്ങിയതെ ഉള്ളു. അതുകൊണ്ട് നാട്ടില്‍ നിന്നും അമ്മയെ വരുത്തിയിട്ട് പഠിക്കാന്‍ പോകാമെന്ന വ്യാമോഹമൊന്നുമില്ല കുട്ടികള്‍ പള്ളിക്കുടത്തില്  പോകുന്നത് വരെ സ്വസ്ഥം ഗ്രിഹഭരണം. ശനിയാഴച്ചകളില്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന ഭാര്യയും, വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവും , അവര്‍ക്കിടയിലെ  പൊട്ടിത്തെറികള്‍  അങ്ങനെ അങ്ങനെ പോകുന്നു ജീവിതം. കുട്ടികള്‍ വളര്‍ന്നാലും  കുറേപ്പേര്‍  വീട്ടമ്മമാരായി  ഒതുങ്ങുമ്പോള്‍, കുറേപ്പേര്‍ പഠനവും  ജോല്ലിയുമോക്കെയായി തിരക്കിലാകുന്നു. പിന്നെ ഇവരും ആദ്യത്തെ കൂട്ടരോടൊപ്പം ചേരുന്നു. സ്വന്ധമായി ഒരു വീട് സ്വപ്നമാകുന്നു. രണ്ടു കൈവഴിയായി ഒഴുകിയ പുഴ ഒരുമിച്ചു ഒരാറില്‍ വന്നു ചേര്‍ന്ന പോലെ. നാട്ടിലുല്ലെതെല്ലാം ഉപേക്ഷിച്ചു ഗ്രീന്‍ കാര്‍ഡുമായി ബന്ധുക്കാരുടെ സഹായത്തോടെ എത്തിയവരുടെ കഥ വേറൊരു വഴിത്തിരിവിലാണ്. കുട്ടികളുടെ ഭാവി ആണ് അവരുടെ എല്ലാം . കിട്ടിയ ജോലികളെടുത്തു അവര്‍ കുഞ്ഞുങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. അവരും അവസാനം നെടുമുടിക്കടുത്തുള്ള മൂന്ന്‍ ആറ്റിന്‍ മുഖം പോലെ  പഴയ ആറ്റില്‍ വന്നു ചേരുന്നു. അങ്ങനെ മൂന്ന് ആറുകളില്‍ ഒന്നിച്ചു   ഒരുമിച്ചങ്ങനെ ഒഴുകുകയാണീ അമേരിക്കന്‍ മലയാളി ജീവിതം .
പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ തിരുത്താനായി ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അച്ഛനെയും , അമ്മയെയും എല്ലാ വര്‍ഷവും പോയി കാണേണ്ടതായിരുന്നു. അവര്‍ യാത്രപറഞ്ഞു പോയിക്കഴിഞ്ഞിട്ടു അത് പറഞ്ഞിട്ട് കാര്യമുണ്ടോ? പക്ഷെ മലയാളം അറിയാത്ത , നാട് വെറുപ്പുള്ള  മക്കളെയും കൊണ്ട് നാട്ടില്‍ പോയാല്‍ കേറി കിടക്കാന്‍ ഒരു വീടില്ല, എന്തിന്നാണ് തിരക്ക് പിടിച്ച ബന്ധു ക്കാരുടെ ജീവിതത്തിലേക്ക് ഒരു കട്ടുറുമ്പ് പോലെ ഇത്രയും കാശു  മുടക്കി കടന്നു ചെല്ലുന്നത് .നേരത്തെ തന്നെ വ്യായാമത്തിനും  , സൌധര്യ സംരക്ഷണത്തിനുമൊക്കെ സമയം കണ്ടെത്തേണ്ടതായിരുന്നു. എന്തെങ്കിലും വ്യതിസ്തമായി നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ജീവിതം എത്ര ആവര്‍ത്തന വിരസമാണ്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നപോലെയായി ജീവിത പങ്കാളി .പഴഞ്ചന്‍  മനസുമായി സ്നേഹം മുഴുവന്‍ ഉള്ളിലൊതുക്കി തൊട്ടതിനും പിടിച്ചതിനുമൊക്കെ പൊട്ടിത്തെറിക്കുന്ന ഗ്രിഹനായകന്‍. അമേരിക്കകാരെ പ്പോലെ സ്നേഹം വിളിച്ചറിയിക്കുന്ന അത്ഭുതസമ്മാനങ്ങള്‍  പിറന്നാളിനും , വിവാഹ വാര്‍ഷികത്തിനും തരൂ   എന്ന്  പറഞ്ഞു മുറവിളികൂട്ടുന്ന ഗ്രിഹനായിക. ഇവരുടെയൊക്കെ ഇടയില്‍  സ്വന്തമായ ഒരു സംസ്കരമുണ്ടാകാന്‍ തത്രപ്പെടുന്ന കുട്ടികള്‍.
മുന്‍പോട്ടു നോക്കിയാലോ ,ഒരു ലക്ഷ്യവും കാണുനില്ല. കുറച്ചുകൂടി കഴിയുമ്പോള്‍ വല്ലപ്പോഴും വിരുന്നുകാരായി വീട്ടിലെത്തുന്ന മക്കള്‍. അതുപോലെ തന്നെ വല്ലപ്പഴും വിരുന്നു കാരായി കേരളത്തില്‍ പോകുന്ന നമ്മള്‍. മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ പിന്നെ എന്തിനു പോകണം അവിടെയ്ക്ക്. അമേരിക്കയില്‍ വന്നു ധാരാളം പണം ഉണ്ടാക്കി, മക്കളെ പഠിപ്പിച്ചു വലിയ വലിയ ആളുകളാക്കി, അവസാനം ഭാര്യ  മരിച്ചു, ഒരു അനാഥനെ പോലെ കേരളത്തിലെ ഒരു മോര്‍ച്ചറിയില്‍ നിര്‍ജീവമായി കിടന്ന ബന്ധുവിന്റെ ജീവിതം  എന്താണ് പഠിപ്പിച്ചത്.നാട്ടിലേക്ക് താമസം മാറ്റുന്ന ഒരു കൂട്ടുകാരി കാരണം പറഞ്ഞത് "എന്തായാലും വയസു കാലത്ത് നാട്ടില്‍ പോകണമെന്നാണ് ആഗ്രഹം. പക്ഷെ ഇപ്പോഴേ പോയി നാട്ടുകാരുമായി ഒരു ബന്ധം ഉണ്ടാക്കിയെല്ലെങ്കില്‍  വയസു കാലത്ത് ആരും  കാണില്ല". അപ്പോള്‍ കുട്ടികളുടെ പഠിത്തമോ? ഞാന്‍ മറു ചോധ്യമെറിഞ്ഞു . "അവിടയുള്ള കുട്ടികളും പഠിക്കുകയല്ലേ".നല്ല ആത്മ വിശ്വാസമുള്ള ഉത്തരം. എല്ലാ ഭാവുകങ്ങളും നേരുന്നു കൂടുകാരി നിനക്ക്.ദേശാടന പക്ഷികളെ പ്പോലെ കാടാര് മാസവും നാടാര് മാസവുമായി നടക്കുന്നു വേറെ ചിലര്‍. ഏതു ശരി , ഏതു തെറ്റെന്നറിയില്ല . ചുമ്മാ അങ്ങ് കാലത്തിനൊപ്പം ഒഴുകുമ്പോള്‍ സ്ഥിരതയുള്ളത്  ചിലതുമാത്രം . നമ്മുടെ പ്രിയപ്പെട്ട കൂടുകാരും പിന്നെ എന്നും തല്ലുകൂടിക്കൊണ്ടിരിക്കുന്ന ആ ജീവിത പങ്കാളിയും , പിന്നെ നമ്മളെ പോന്നു പോലെ നോക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന നമ്മുടെ മക്കളും.

ഒരുമിച്ചു  ഇരുന്നു വാട്ടിയ ഇലയില്‍  പോതിചോര് കഴിക്കണമെന്ന് ആഗ്രഹിക്കുന്ന  കൂട്ടുകാരെ  കിട്ടിയ  ആ സന്തോഷം , അത് പകര്‍ന്നു തരുന്ന പ്രിയപ്പെട്ട കൂടുകാര്‍ ഉള്ള നാട് . അത് അമേരിക്കയായ്ലും ആലപ്പുഴയായാലും  ഒരുപോലെ സന്തോഷം തരുന്നു.  അതെ, നമ്മള്‍ സന്തുഷ്ടരാണ് , നേരിട്ട് കാണുമ്പോള്‍  അത് എവിടെ വെച്ചാണെങ്കിലും ഒരു പുഞ്ചിരി പങ്കുവയ്ക്കാന്‍ മറക്കല്ലേ.നമ്മള്‍ സന്തുഷ്ട്ടരാനെന്നു ഉറപ്പിക്കുന്ന ആ പുഞ്ചിരി .പിന്നെ ഒരു വലിയ വിഭാഗത്തെ ഞാന്‍ വിട്ടു പോയി . അമ്മയും അച്ഛനും സഹോദരങ്ങളും എല്ലാവരും ഇവിടെയായിട്ടുള്ള ഒരു വലിയ കൂട്ടം. അവരായിരിക്കണം ഏറ്റവും സന്തോഷമുള്ളവര്‍. അവരെ ഞാന്‍ ഭാഗ്യവാന്‍ മാര്‍ എന്ന് വിളിച്ചോട്ടെ. നിങ്ങളുടെ ആ വലിയ കൂട്ട് കുടുംബത്തിലേക്ക് ഞങ്ങളെക്കുടി കൂടുമല്ലോ അല്ലേ ?



രാജി മേനോന്‍ 

Friday, March 23, 2012

(എന്റെ നാട് കുട്ടനാട് 1)-ഹൌസ് ബോട്ടുകള്‍ക്ക് മുന്‍പേ.....ഭാഗം ഒന്ന്


കാര്‍ കോടതി പാലം കയറിയിറങ്ങി കിഴക്കോട്ടു തിരിഞ്ഞു.അക്കരെ ലൈന്‍ ബോട്ടുകള്‍ നിരനിരയായി കിടക്കുന്ന ബോട്ടുജെട്ടി .മിക്സ്‌ ച്റും, പൂമ്പാറ്റയും , വാങ്ങിയില്ലെന്ന് പറഞ്ഞു കരയാന്‍ അച്ഛനും അമ്മയും ഇല്ല കൂടെ. അമേരിക്കന്‍ മലയാളിയായി , ഹൌസ് ബോട്ടില്‍ വിനോദ സന്ജാരത്തിന് എത്തിയതാണ്.ഇവിടെ മിക്സ്‌ ചരിനും , പൂമ്പാറ്റയ്ക്കും , പോറ്റി ഹോടലിലെ മസാല ദോസയ്ക്കും, മഞ്ജുള ബേക്കറിയിലെ ഐസ് ക്രീമിനും ഒന്നും ഒരു പ്രസ്കതിയുമില്ല .ഹൌസ് ബോട്ടില്‍ നിന്നും കിട്ടുന്ന ,മധുര കള്ളിനെ ക്കുറിച്ചും , കരിമീന്‍ പോള്ളിച്ചതിനെക്കുരിച്ചുമുള്ള ചര്‍ച്ച പൊടിപൊടിക്കുന്നു.ഇവര്‍ക്കരിയില്ലല്ലോ, അഞ്ചു രൂപയ്ക്ക്,മിക്സ്‌ ച്ചരും, കഥ പുസ്തകങ്ങളുമായി ഒരു മണിക്കൂര്‍ ഈ വിനോടസന്ജാരം സ്ഥിരമായി നടതിക്കൊണ്ടിരുന്നവളുടെ മനസിലെ തിരയിളക്കങ്ങള്‍. കാര്‍ വടക്കോട്ട്‌ വളഞ്ഞ വഴിയിലൂടെ കിഴക്കോട്ടു തിരിഞ്ഞു. വിനോദ സന്ജാരികളുടെ വിശ്രമ സ്ഥലമായ ഒരു വലിയ കെട്ടിടത്തിന്റെ അരികിലായി വണ്ടി പാര്‍ക്ക് ചെയ്യ്തു. ധാരാളം ഫാനുകള്‍ കറങ്ങുന്ന വിശാലമായ ഒരു മുറി. "നല്ല ചൂടുണ്ട് , ഫാനിന്റെ നേരേ താഴെ തന്നെ ഇരുന്നോ " ആരോ ഉറക്കെ പറഞ്ഞു.കായലിലേക്ക് കൌതുകത്തോടെ നോക്കി നില്‍ക്കുന്ന കുട്ടികളെ നിര്‍ബന്ധമായി ഫാനിന്റെ അടിയിലേക്ക് പിടിച്ചിരുത്തുമ്പോള്‍ സഹതാപമാണ് തോന്നിയത്. നിങ്ങല്ല്ക്ക് നഷ്ടപ്പെടുന്നത് എന്തെന്ന് നിങ്ങള്‍ അറിയുന്നില്ലല്ലോ. അയ്യോ , അങ്ങനെ പറയുന്നത് നാട്ടുകാര് കേള്‍ക്കണ്ട. അത്ര വലിയ നഷ്ടമാണ് എന്ന് തോന്നുന്നെങ്കില്‍ , ഇവിടെത്തന്നെ അങ്ങ് കൂടിക്കോളാന്‍ അവര് പറയും.

പിന്നെ എന്താണിത്, അക്കരപ്പച്ച എന്ന് പറയുന്നതാന്ണോ ഇത് . എത്ര അഭിമാനത്തോടെ യാണ് ഇപ്പോള്‍ കുട്ടനാട്ട്‌ കാരി എന്ന് സ്വയം പരിചയപ്പെടുത്തുന്നത്.ഏതു നാട്ടുകാരോട് പറഞ്ഞാലും അവര്‍ക്കെല്ലാം അസൂയ . ഹോ എത്ര മനോഹരമാണ് നിങ്ങളുടെ നാട്.അവിടെ ജനിച്ചു വളരാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെയാണ് , ഇതൊക്കെ യാണ് സ്ഥിരം പല്ലവികള്‍. ചിലപ്പോഴൊക്കെ ഞാന്‍ വെറുതെ ഓര്‍ത്തു നോക്കും. ഇവരൊക്കെ പറയുന്നത് ശരിയാണോ ? എനിക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ കുട്ടന്ട്ടില്‍ ജനിച്ചത്‌ ഒരു ഭാഗ്യമായി? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണീ കുറുപ്പുകളിലൂടെ .ഇതു വായിച്ചു കഴിയുമ്പോള്‍ വായനക്കാര്‍ക്കെങ്കിലും ഇതിനുത്തരം തരാന്‍ കഴിയുമായിരിക്കും എന്ന പ്രതീക്ഷയോടെ ഹൌസ് ബോട്ടുകള്‍ക്ക് മുമ്പുള്ള എന്റെ നാടിനെ കഥ തുടങ്ങട്ടെ.
ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്ന് തന്നെ തുടങ്ങാം.സി വിദ്യാധരന്‍ , മഞ്ജുള ബേക്കറി , ജെട്ടി റോഡ്‌ ആലപ്പുഴ , ഇതിലുള്ള ജെട്ടി തന്നെ. മഞ്ജുള ബേക്കറി കഴിഞ്ഞു കിഴക്കോട്ടു നടന്നാല്‍ ബോട്ട് ജെട്ടി ആയി.
രണ്ടു ഡ്രൈവരന്മാരാന് ബോട്ടിന് , മുകളിരുന്നയാള് അടിക്കുന്ന ബെല്ലുകള്‍ക്കനുസരിച്ചു താഴെ ഇരിക്കുന്നയാല് പ്രവര്‍ത്തിക്കും.പിന്നെ ബോട്ട് ജെട്ടികളില്‍ അടുപ്പിക്കകയും, വിടുകയും ചെയ്യുമ്പോള്‍ ഇവര് രണ്ടു പേരും മറ്റൊരാളെ അനുസരിക്കും. ടീം വര്‍ക്ക്‌ എന്താണെന്നു ഇന്നത്തെ കാലത്തേ ആള്‍ക്കാര്‍ ഇവരെ ക്കണ്ട് പഠിക്കേണ്ടതായിരുന്നു.അന്നൊക്കെ ഒരു മണി ക്കുര്‍ ഇടവിട്ടാണ് ബോട്ടുകള്‍. ആലപ്പുഴയില്‍ നിന്നും , നെടുമുടി , ചങ്ങനശ്ശേരി, ചമ്പക്കുളം , എട്‌ത്വ , പുളിങ്കുന്ന് ഇതിലേതെങ്കിലും ബോട്ടില്‍ കയറിയാല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആയിരവേലി ജെട്ടിയില്‍ ഇറങ്ങാം. പിന്നെ ഒരു പത്തു മിനിട്ട് നടന്നാല്‍ നിങ്ങളൊക്കെ അസൂയയോടെ പറയുന്ന ആ വീടെത്തും.
അവിടയൊക്കെ കൂടി യുള്ള യാത്രക്കാണ് നിങ്ങള്‍ പറയുന്ന കാശു കൊടുത്തു ഒരുങ്ങി എത്തിയിരിക്കുന്നത് .പക്ഷെ ആ ബോട്ട് കാരൊക്കെ വെറുതെ ബോട്ട് ഓടിക്കുകയല്ലേ,ആരും നിങ്ങളോട് ആ കായലിന്റെ കഥ പറയുന്നില്ലല്ലോ. നെഹ്‌റു ട്രോഫി നടക്കുന്ന പുന്നകടക്കയലിന്റെ കരയില്‍ നിന്നാണ് നിങ്ങളുടെ യാത്ര തുടങ്ങുനത് .അതായതു ബോട്ട് ജെട്ടിയില്‍ നിന്നും വിട്ടാല്‍ പിന്നെ ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്റിന്റെ അവിടെ ഒരു ജെടിയുണ്ട്.ബോട്ട് വിട്ടു കഴിഞ്ഞു എത്തിയ യാത്രക്കാര്‍ ഒരു മത്സര ഓട്ടത്തിലൂടെ ഇവിടെ വന്നു ബോട്ടില്‍ കയറാറുണ്ട് .അതൊരു വല്ലാത്ത കാഴ്ചയാണ്.ടൌണില്‍ നിന്നും വാങ്ങിയ സാധനഗളുമായി ബോട്ട്മായിട്ടൊരു മത്സര ഓട്ടം .ബസ്‌ സ്റ്റാന്റ് ജെട്ടിയില്‍ നിന്നും അവര്‍ ബോട്ടില്‍ കയറിപ്പറ്റും.പിന്നെ പെട്രോള്‍ വേണമെങ്കില്‍ പംബിന്റെ അടുത്ത് തന്നെ അടുപ്പിക്കും. അവിടെയാണ് ഞാന്‍ ആദ്യമായി വായിച്ചതു , "വായിച്ചു വളരുക , ചിന്തിച്ചു വിവേകം നേടുക" എന്നത്. ആ പെട്രോള്‍ പമ്പിനു എതിര്‍ ഭാഗത്തായി ആനന്ദ പ്രദായനി വായനശാല യുടെ മുകളില്‍ കുറിച്ചിട്ടുള്ള വാചകങ്ങള്‍.( വായനക്കാര്‍ ക്ഷമിക്കുക പേര് തെറ്റി പോയെകില്‍ , വര്‍ഷങ്ങള്ള്‍ക്ക് മുന്‍പുള്ള ഓര്‍മകളാണ്.തോടിന്റെ അക്കരെ മുഴുവനും വലിയ വലിയ വീടുകളാണ്.ഇട്ടച്ചന്റെയും പാപ്പച്ചന്റെയും വീടുകള്‍ സുപരിചിതം. അവരുടെ കുടുംബ വീട് എന്റെ അയല്‍ വക്കം ആയിരുന്നു.

പമ്പില്‍ നിന്നും പുറപ്പെട്ടാല്‍ ബോട്ടുകളുടെ സവകുടീരം കാണാം . കേടായ ബോട്ടുകള്‍ നന്നാക്കാനായി ഇട്ടിരിക്കുന സ്ഥലമാണ്‌ .അതിനു ശേഷം ഒന്നുരണ്ടു വീടുകളും ഒരു ചെറിയ അമ്പലവുമൊക്കെ കഴിഞ്ഞു , ബോട്ട് പുന്നമട കായലില്ലേക്ക് ഇറങ്ങുകയാണ്. ആദ്യമൊക്കെ ജെട്ടികള്‍ വളരെ കുറവായിരുന്നു.പുന്നമട കായലില്‍ ജെട്ടികള്‍ ഒന്ന് മില്ല. കായലിന്റെ ചില ഭാഗങ്ങളില്‍ കട്ട കുത്തുന്ന ആള്‍ക്കാര്‍ മാത്രം .കട്ട കുത്തുന്നത് കാണാന്‍ നല്ല കൌതുകമാണ്. വലിയ വള്ളം കായലിന്റെ നടുക്കായി താഴ്ത്ത നാല് മുളക്കംബില്‍ കെട്ടിയിടും.എന്നിട്ട് വള്ളത്തിന്റെ രണ്ടു ഭാഗത്തുമായി ആള്‍ ക്കാര്‍ വെള്ളത്തില്‍ മുങ്ങി കട്ട കുത്തും.അവര്‍ ചില്ലപ്പോഴൊക്കെ വള്ളത്തിന്റെ വസങ്ങളില്‍ പിടിച്ചു കൊണ്ട് ഡാന്‍സ് കളിക്കുനത് കാണാം .അമ്മയാണ് പറഞ്ഞു തന്നത് അവര്‍ കാലുകൊണ്ട്‌ കട്ട കുഴിക്കുകയനെന്നു. വെള്ളത്തിന്റെ അടിയില്‍ കിടക്കുന്ന കട്ട കാല് കൊണ്ട് കുഴിച്ചു കുഴിച്ചു ഒരു വലിയ ഭാഗമാക്കി മാറ്റി, പിന്നെ വെള്ളത്തില്‍ മുങ്ങി പൊക്കിയെടുത്തു കൊണ്ട് വന്നു വള്ളത്തില്‍ നിറയ്ക്കും. ഒരു വള്ളം നിറഞ്ഞു കഴിയുമ്പോള്‍ അത് കൊണ്ട് ചിറയില്‍ ഇട്ടു ചിറ പൊക്കി കെട്ടാനും കുഴി നികത്താനും ഒക്കെ ഉപയോഗിക്കും.കട്ടകുത്തുകാരെ ക്കുറിച്ച് പറയുമ്പോള്‍ ഗോപിയെ ക്കുറിച്ച് പറയാതെ വയ്യ.ഞങളുടെ നാട്ടിലെ അധ്വാനിയായ ചെറുപ്പക്കാരനായിരുന്നു ഗോപി.കിട്ടുന്ന കാസ് കള്ളുകുടിച്ചു കളയില്ല .പതിവിനു വിപരീതമായി ഗോപി പട്ടണത്തില്‍ നിന്നാണ് കല്യാണം കഴിച്ചു കൊണ്ട് വന്നത്. പൊതുവേ പെണ്‍കുട്ടികളെ ഞങളുടെ നാട്ടിലേക്ക് ടൌണില്‍ നിന്നും കല്യാണം ചെയ്യാന്‍ കിട്ടാന്‍ വിഷമമായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആഗ്രഹം എങ്ങനെയെങ്കിലും ഈ വെള്ള ക്കുഴിയില്‍ നിന്നും തങ്ങളുടെ മക്കളെ പട്ടണത്തിലേക്ക് അയക്കണം എന്നായിരുന്നു.പഴമക്കാര്‍ പറയുന്നത് പോലെ ഗോപിയുടെ നല്ല മനസ് കൊണ്ട് പട്ടണത്തിലെ പെണ്ണ് കുട്ടനാട്ടിന്റെ മരുമകളായി.കൌമാര പ്രായത്തില്‍ , ഭാര്യ ഭര്‍ത്ത ബന്ദത്തിന്റെ ഉഷ്മല ഭാവങ്ങള്‍ ആദ്യമായി ആസ്വദിച്ചത് ഇവരിലൂടെയാണ്. ഗോപി കട്ടകുതാനായി ഞങളുടെ വീടിന്റെ മുമ്പിലുള്ള തോട്ടിലെതും. ഒരു പതിനൊന്നു മണിയാകുമ്പോള്‍ അദേഹത്തിന്റെ ഭാര്യ ചൂടുള്ള ആഹാരങ്ങള് മായി പുള്ളിയെ തേടിയെത്തും. ഗോപി കട്ടകുതൊക്കെ നിര്‍ത്തി അവിടെ തന്നെയൊന്നു മുങ്ങി കുളിച്ചു തോര്‍ത്തി , കരക്ക്‌ കയറി കൊച്ചു വര്‍ത്തമാനമൊക്കെ പറഞ്ഞു ആഹാരം കഴിക്കും. ഗോപിയുടെ ഭര്യ മറ്റു പെണ്ണ് ങ്ങളെ പ്പോലെ കണ്ടത്തില്‍ പണിക്കു പോകാരില്ലയിരുന്നു .അവര്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ . കുട്ടികളുടെ കാര്യം നോക്കി, ഇരിക്കാന്‍ ഭാഗ്യം ചെയ്യ്ത ചുരുക്കം പെണ്ണുങ്ങളില്‍ ഒരാളായി ഗോപിയുടെ ഭാര്യ.
നമ്മുടെ ബോട്ടിപ്പോള്‍ പുന്നമടക്കായലില്‍ കട്ടകുത്തുകാരുടെ അടുത്ത് നില്‍ക്കുകയനല്ലേ. അവിടെ നിന്നും പതുക്കെ നമ്മള്‍ക്കാ തോട്ടിലേക്ക് പ്രവേശിക്കാം. ആ തോട്ടിന്റെ അവസാനം വിളക്കുമരം ജെട്ടി യുണ്ട്.എന്താണ് ആ പേര് വന്നതെന്നറിയില്ല .പണ്ട് കാലത്ത് സാധങ്ങളും കൊണ്ട് പോകുന്ന വ്യാപാരികളെ വഴികാട്ടാനായി അവിടെ ഒരു വിളക്കുമരം ഉണ്ടായിരുന്നു എന്നാണ് തോന്നുനത്.അവിടെനിന്നും നമ്മള്‍ പള്ളാത്തുരുത്തി ആറ്റിലേക്ക് ഇറങ്ങുകയാണ്. നല്ല കള്ള് കിട്ടുന്ന ശ്ഥലം.അയ്യോ പണ്ടൊന്നും നമുക്കെ ചിന്തിക്കാന്‍ പോലും പറ്റില്ലാ അവിടെ ഒക്കെ നിര്‍ത്തി കള്ളുകുടിക്കുന്ന കാര്യം.
പക്ഷെ ഞാനും ചെറുപ്പത്തില്‍ കള്ള് കട്ട് കുടിച്ചിട്ടുണ്ട് കേട്ടോ....അതെങ്ങനെയെന്നു അടുത്ത ലക്കത്തില്‍ , വായനക്കാരെ തുടര്‍ന്ന് വായിപ്പിക്കാനുള്ള ഒരു പ്രചോദനമായി അതവിടെ നില്ല്ക്കട്ടെ...

Friday, March 16, 2012

തോട്ടുകടവ് സ്കൂള്‍


അമ്മ ഇന്നലെ വിളിച്ചപ്പോള് പറഞ്ഞു"എടീ കുഞ്ഞേ രാഘവന് സര്വിളിച്ചിരുന്നു. തോട്ടുക്ടവ് സ്കൂളിന്റെ നൂറാമത്വാര്ഷികത്തിന്റെ ആഘോഷം.അവിടെ പഠിച്ചിരുന്നവരില് വെച്ചിട്ട് തോട്ടുകടവ് കുടുംബത്തില് നിന്നും മൂത്ത ആളിനെ ആദരിക്കാനുള്ള ശ്രമത്തിലാണ്. അതിപ്പോള് നിന്റെഅച്ഛനാണ്". തോട്ടുകടവ് സ്കൂളും രാഘവന് സാറുമൊക്കെ മനസിലൂടെ കടന്നു പോയി .ഞാന് ഹരിശ്രീകുറിച്ച പള്ളിക്കുടം. അയ്യോഹരിശ്രീകുറിച്ചെന്നു പറയാന് പറ്റില്ല.അതിനു ഞങളുടെ നാട്ടിലൊക്കെ ആശാന് മാര്ഉണ്ടായിരുന്നു.അവരെക്കുറിച്ച് പറയാതെ പോയാല്അത്ഗുരു നിന്ദയാകും.ഗുരുക്കളെ കുറിച്ചോര്ക്കുമ്പോള് മനസില് ആദ്യം വരുന്ന രൂപം കറുത്ത മുണ്ടും ഉടുത്തു വലിയ മീശയും പിരിച്ചു വെച്ച വളഞ്ഞു നടന്നിരുന്ന മീശ ആശാനെയാണ് .വളരെമെലിഞ്ഞിട്ടാണ് മീശ ആശാന്.ആശാന്റെയഥാര്ത്ഥ പെരെനെനിക്കറിയില്ല . വലിയ കപ്പട മീസയുള്ളആശാന് ഞങ്ങളുടെ മീശശാനായി.എന്നും രാവിലെ പുല്ലാട്ട് പാടം താണ്ടി തെക്കേപറമ്പിലൂടെ വടക്കോട്ട് പോകുന്ന ആശാനെ കണ്ടു ഒരു മൂന്ന്വയസുള്ള അമ്മയോട് ചോദിച്ചു, " അമ്മെ മീശ ആശാന്കുറെ ഉണക്ക ഓലയുമായിഎങ്ങോട്ടാണ് പോകുന്നത്. അത്മോളെ പൊന്നമ്മയുടെ മക്കളെ ഹരിശ്രീ പഠിപ്പിക്കാന്പോകുന്നതാ.ഒരു വലിയ കരച്ചിലായിരുന്നു പിന്നെ അവിടെ മുഴങ്ങിയത്. "അയ്യോ , അസനെല്ലാം പഠിപ്പിച്ചു തീരുമേ ,എന്നിക്ക് പടിക്കാരകുംബോഴേക്കും എല്ലാം തീര്ന്നുപോകും...എങ്ങലടിക്കിടയില്ചിതറി വീണ വാക്കുകള് .അവളുടെ കരച്ചിലെന്നും ആവര്ത്തിച്ചപ്പോള് , അമ്മ മീശആശാനെ വീടിലേക്ക് വിളിച്ചു.അങ്ങനെ നല്ല വെളുത്ത മണലില് എന്റെകുഞ്ഞുവിരലുകള് ഹരിശ്രീ എഴുതി പഠിച്ചു. ആശാന്റെ ഓല എന്റെയും ആദ്യ പാഠപുസ്തകമായി.വളരെ ഉച്ചത്തില് ഹരിശ്രീ ചൊല്ലുകയും ,എന്റെപിറന്നാളുകളില് സദ്യകഴിന്ക്കാന് കൂടുകയുംചെയ്യ്തിരുന്ന ആശാന് പിന്നെ വര്ധ്യക സഹജമായ അസുഖഗല്കൊണ്ട് പഠിപ്പിക്കാന്വരാതെയായി. പിന്നെ കുര്യന് ആശാന് ആണ് എന്റെ ഹരിശ്രീ പൂര്ത്തിയാക്കി തന്നത്.ഒന്നാം ക്ലാസ്സില്‍, കുടുംബക്ഷേത്രം എന്നൊക്കെപറയുന്നത് പോലെ കുടുംബ സ്കൂളിലിലാണ് ചേര്ന്നത്.അച്ഛനാണ് , സ്കൂളില് ചേര്ക്കാന്കൊണ്ടുപോയത്.വഴപര്രമ്പിലെ കേസവ പിള്ളയുടെ മകള്രാജലെക്ഷ്മി വി .കെ ആയി. എന്റെ ജന്മദിനം ഫെബ്രുവരിയില് നിന്നും മെയ് ആകുന്നതോ കൌതുകത്തോടെ നോക്കി നിന്നു. അകെയൊരുസന്തോഷം ആയിരുന്നു. പൂജക്കും ,വിശേഷ ദിവസങ്ങളിലും മാത്രംപോയിരുന്ന തോട്ടുകടവില് എന്നും പോകാനുള്ള ഒരു അവസരം. സുധിചേട്ടനുംഉണ്ട് അവിടെ മുതിര്ന്നക്ലാസ്സില്. അവിടെ കണ്ട ഏറ്റവുംവലിയ അദ്ഭുതം, വീട്ടിലെ കൃഷികാര്യങ്ങളൊക്കെ നോക്കിനടത്തിയിരുന്നകുഞ്ഞുണ്ണിപെലയന്റെ മകന് രാഘവന് സര്ആയിരിന്നു. നല്ല വെള്ളമുണ്ടുംഷര്ട്ടും ഒക്കെഇട്ടു , എഴാംക്ലാസ്സുകാര്ക്ക് പാഠംചൊല്ലിക്കൊടുക്കുന്നരാഘവന്സാറിനെ വെറുതെ ഒന്നാംക്ലാസ്സിലിരുന്നുവിളിച്ചതായിരിക്കാം ഞാന് ആദ്യമായി ചെയ്യ്ത തെറ്റ്. തോട്ടുകടവിലെ കൊച്ചായത്കൊണ്ട്സ്കൂളിലെ ശിക്ഷ താക്കീതിലോതുങ്ങി.പക്ഷെഅമ്മയുടെ ഈര്ക്കിലിക്ക് ജോലിയായി. .അക്കരത്തെ വീടിലെ ഓമനയുടെ കൈയും പിടിച്ചു,പുല്ലാട്ട്പാടം താണ്ടി തോട്ടുകടവ്സ്ചൂളിലെക്കുള്ള യാത്ര.അടുത്തവീട്ടിലെ തങ്കച്ചന്റെ മോള് ഷിര്‍ലിയുടെ സ്കൂളില്‍ പോക്നെട എന്നു പറഞ്ഞുള്ളകരച്ചില് ഇപ്പോഴും കാതില്മുഴങ്ങുന്നു. പിന്നെ വീട്ടില്അമ്മയെ സഹായിച്ചിരുന്ന കൊച്ചുകൊചിന്റെ മകള് വിനീത ആയിരുന്നു ഉറ്റകൂട്ടുകാരി.പിന്നെ സുസനും ,ലേഖയും, ജീമോളും ,മിനിയും,ഇന്ദുവും ഒക്കെയുള്ള തോട്ടുകടവ്സ്കൂള്.ഒത്തിരി ഒത്തിരി സ്നേഹത്തോടും വാത്സല്യതോടും കൂടെ അറിവ് പകര്‍ന്നു തന്ന രാഘവന്‍ സാറും , തങ്കപ്പന്‍ സാറും, വിലാസിനി ടീച്ചറും , ജഗതമ്മ ടീചെരും, രത്നമ്മ ടീച്ചറും ഒക്കെയുള്ള എന്റെ പ്രിയപ്പെട്ട പള്ളിക്കൂടം.ആദ്യമായി അക്ക് കളിച്ചതാ പള്ളിക്കൂട മുറ്റത്താണ്. പിന്നെ കടവിലെ വെള്ളത്തില്‍ കാലു കഴുകിയിട്ട് ഒറ്റക്കാലില്‍ ചാടി ചാടി ക്ലാസ്സ്‌ രൂമിലെത്തണം.പിന്നെ കല്ലുകളി,കബഡി ,ഈര്‍ക്കിലി കൊണ്ട് ആസാനും കുട്ടിയും ഒക്കെയായിരുന്നു പ്രധാന കളികള്‍. ആദ്യമായി മാജിക്‌ കണ്ടതും അവിടെ വെച്ച് തന്നെ.സാംബ ശിവന്റെ കഥാപ്രസംഗം ആയിരുന്നു മറ്റൊരു മഹാസംഭവം.പറമ്പില്‍ ധാരാളമുള്ള മഷി തണ്ട് കൊടുത്താല്‍ സുസന്‍ അവളുടെ ആന്റിയുടെ വീട്ടില്‍ നിന്നും പറിച്ചുകൊണ്ടു വന്ന ചാമ്പക്ക തരുമായിരുന്നു.

അന്നവിചാരം അന്നും മുന്നവിചാരം. ഉച്ചക്ക് തോട്ടുകട്വിലെ അമ്മൂമ്മയുടെ അടുതുനിന്നാണ് ഉണു.നാരായണന് നായരുടെ കട്ടതൈരും കറികളുംകൂട്ടിഒരു ഗംഭീര ഉണു.പിന്നെ മാസത്തിലൊരിക്കല്പൂജ യുള്ള ദിവസം പായസവുംകിട്ടും.പിന്നെ ഒരുദിവസം സ്കൂളില് കൊടുക്കുന്ന ഉപ്പുമാവ് കഴിക്കാന്ഇലയും വെട്ടിയിരുന്നു നോക്കി,പക്ഷെ വിശ്വം ചിറ്റപ്പന്റെ സന്ദര്ഭോജിതമായ ഇട്പപെട്ലിലൂടെ അത് പാളി.ഉപ്പുമാവിന്റെ സ്വാദുനോക്കാന്പറ്റിയില്ല എന്ന് മാത്രമല്ല , അമ്മയുടെഈര്ക്കിലിക്ക് വീണ്ടുംപണി ആയി . ഒന്നാം ക്ലാസ്സില്ഉച്ചവരയെ ക്ലാസ്സ് ഉള്ളു. പക്ഷെ ഓമന വരണമെങ്കില് നാലു മണിആകും.സമയം അറിയാനുള്ള ഏക വഴി നാരായണ് നായരോട്ചോദിക്കളാണ് . അടുക്കളയില്ക്ലോകും ഇല്ല.അപ്പ്ല്പിന്നെ ഒരു പ്രത്യേക ചോദ്യമാണ്. " ചെറിയ സൂചി രണ്ടിന്റേം മൂന്നിന്റെം ഇടയ്ക്കുവലിയ സൂചി നാലില് എന്നലെത്രമണിയായി.നാരായണ്നായര്കൃത്യമായി പറഞ്ഞു തരും. ഇതു ഒരുദിവസം തന്നെ പല തവണ ആവര്‍ത്തിച്ചപ്പോള്‍ അദേഹം തന്നെ ആയിരിക്കും എന്നെ സമയം നോക്കാന്‍ പഠിപ്പിച്ചത്.മൂന്നാം ക്ലാസ്സുവരയെ അവിടെ പഠിക്കാനുള്ള ഭാഗ്യം ഉണ്ടായുള്ളൂ.നാലാം ക്ലാസ്സില്‍ അമ്മമാരുടെ മഠം വക സ്കൂളിലേക്ക് യാത്രയായി.മനസിലിപ്പോള്‍ വല്ലാത്തൊരു സന്തോഷം . വന്നവഴി മറക്കരുതെന്ന് പണ്ടുള്ളവര്‍ പറഞ്ഞതുപോലെ, എന്റെ ഈ ചെറിയ ഓര്‍മ്മക്കുറിപ്പ്‌ എന്റെ സ്ചൂളിനും പിന്നെ രാഘവന്‍ സാറിനും സമര്‍പ്പിക്കുന്നു. ....ഒത്തിരി ഒത്തിരി ആദരവോടെ രാജലക്ഷ്മി വി കെ