Monday, June 20, 2016

അനാമികയുടെ സ്വപ്നങ്ങൾ -1



അവൾ അനാമിക ...ഉണർന്നിരിക്കുന്പോളും അവൾ  സ്വപ്നം കാണുകയാണ് ..ചുറ്റിലുമുള്ളവർ ചിന്തിച്ചു കൂട്ടുന്പോൾ, അവൾ മാത്രം സ്വപ്നങ്ങൾ കണ്ട് പൊട്ടിച്ചിരിക്കുന്നു .അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം .ചിന്തകൾ ഇല്ലാത്ത സ്വപ്നങ്ങൾ .കുട്ടിക്കാലത്തു ചുറ്റിലുമുള്ളവർ  പറഞ്ഞു , നീ ചിന്തിക്കണം , നിന്നെക്കുറിച്ചു ചിന്തിക്കണം ,നിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കണം.ആയിരം പേർ അവൾക്കായി ചിന്തിച്ചപ്പോൾ ,അവൾ മാത്രം ഒന്നും ചിന്തിച്ചില്ല.പകരം സ്വപ്നങ്ങൾ കാണാൻ തുടങ്ങി . പ്രിയപ്പെട്ടവർ അവൾക്കായി കണ്ട സ്വപ്നങ്ങൾ  അവളുടെ സ്വപ്നങ്ങളോട് പിണങ്ങി നിന്നു .ചിന്തകൾ ഇല്ലാത്ത മനസിൽ വിരിയുന്ന  സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങളാണ് . ആ സ്വപ്നങ്ങൾ യാഥാർഥ്യം ആയി മാറിയപ്പോൾ , പിന്നെ സ്വപ്നങ്ങൾ ഇല്ലാതെ അവൾ വലഞ്ഞു .ജീവിക്കാൻ ചിന്തകൾ വേണമെന്നറിഞ്ഞപ്പോഴേക്കും ,കൂട്ടിനായെത്തിയ  കുഞ്ഞിളം ചിരികൾ വീണ്ടും അവളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു . ചിന്തകളും ,സ്വപ്നങ്ങളും കൂട്ടിക്കലർന്നുള്ള നീരാളി പിടിത്തത്തിൽ അനാമികക്ക്  അവളെ തന്നെ നഷ്ടപ്പെടുകയായിരുന്നു .സ്വപ്നങ്ങൾ തകർന്നടിയുന്പോൾ  , ചിന്തകളുടെ കരാള ഹസ്തത്തിൽ പെട്ട് ശ്വാസം മുട്ടുന്പോൾ , എല്ലാം കുടഞ്ഞെറിഞ്ഞു കളഞ്ഞിട്ട് ,കുളിച്ചു കയറുന്പോൾ  ,അവളിൽ അവശേഷിച്ചത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം ....
ആ സ്വപ്നലോകത്ത് അവൾക്കു ചുറ്റും ഒരു വലിയ വേലി കെട്ടിയവൾ .നിറയെ വിടവുകൾ ഉള്ള ഒരു വേലി .ഭിത്തി കെട്ടാൻ പേടിയാണവൾക്ക് ,കാരണം ഭിത്തികൾക്കെന്നും തരാനുള്ളത് ഒറ്റപ്പെടുത്തലിന്റെ  വേദനകൾ  മാത്രം  .വേലിയുടെ ഇടയിൽ  അവൾ നട്ട ആ റോസാചെടികളുടെ  മുള്ളുകൊണ്ട് മുറിവേൽക്കാതെ  ,പൂക്കളെ പറിക്കാതെ  ,കഷ്ടപ്പെട്ട് അവളെ തേടി എത്തിയവർ  പങ്ക് വെച്ച  സ്വപ്നങ്ങൾ ,അവളുടെ സ്വപ്നങ്ങൾ തന്നെ ആയിരുന്നു ...ആ യാഥാർഥ്യത്തിനു മുൻപിൽ പൊട്ടിച്ചിരിച്ചു കൊണ്ട്   അനാമിക സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു ...

അനാമികയുടെ സ്വപ്നങ്ങൾ തുടരും .....