അവളുടെ മനക്കണ്ണാടി തുടച്ചു മിനുക്കി , ആയിരം തിരിയിട്ടു കത്തിക്കാൻ ശ്രമിക്കുകയായിരുന്നു അനാമിക .പൊടിപിടിച്ച, ചിന്തകളാണ് അതിനെ ക്ലാവ് പിടിപ്പിക്കുന്നത് ...ആ പൊടിതട്ടാൻ എന്തെങ്കിലും തേടി ചുറ്റും പരതുന്പോൾ ആണ് ,ചുറ്റുമുള്ള വിവിധതരം കണ്ണാടികൾ ശ്രദ്ധയിൽ പെട്ടത് .അവയെല്ലാം കൂടി അവളെ വളഞ്ഞിരിക്കുകയാണ് .അവളുടെ ഓരോ ചലനങ്ങളും ആവാഹിച്ചു ,ഓരോരോ കണ്ണാടിയിൽ ഉള്ള ചെളി, പൊടി, ക്ലാവ് ,പിന്നെ ജാതി, മതം , അസൂയ, മുതലായ മൂലം ബാധിച്ച തിമിരം , ഇങ്ങനെയുള്ള എല്ലാം അവളുടെ പ്രതിബിംബത്തിൽ കലർത്തി ,മറ്റുള്ളവരിലേക്ക് അവളെ പ്രതിഫലിപ്പിക്കുന്ന ,വളരെ പ്രിയമെന്നു കരുതി സൂക്ഷിക്കുന്ന ആ കണ്ണാടി കൂട്ടങ്ങൾ .തെറ്റായി പ്രതികരിച്ചപ്പോൾ ഉടഞ്ഞവയും ഉണ്ട് , എപ്പോഴെങ്കിലും പശ ചേർത്ത് ഒട്ടിക്കാമെന്നു വിചാരിച്ചു കൂട്ടി വെച്ചതാണെല്ലാം .പക്ഷെ ശ്രമിച്ചപ്പോളൊക്കെ ഹൃദയം മുറിഞ്ഞു ചോര ഒഴുകിയതല്ലാതെ ഒന്നായില്ല അവ .ക്ലാവ് പിടിച്ച കണ്ണാടികൾ ഒട്ടില്ല .കളഞ്ഞേക്കൂ.. ആ മുറിവേൽപ്പിക്കുന്ന കഷ്ണങ്ങൾ ..ഉൾകണ്ണാടി അവളോട് ചൊല്ലി ...അനുസരിക്കാതെ തരമില്ല .പക്ഷേ , ഈ കളയുന്ന കണ്ണാടികളുടെ പ്രതിഫലനത്തിലൂടെ തന്നെ കാണുന്ന കുറെ കണ്ണാടികൾ അവയ്‌ക്കപ്പുറമുണ്ട് .കൂട്ടത്തിൽ അവയും നഷ്ടപ്പെടില്ലേ.അതായിരുന്നു ആദ്യത്തെ വിഷമം .പിന്നെ കാലം തെളിയിച്ചു , മറ്റു കണ്ണാടിയുടെ പ്രതിഫലനത്തിലൂടെ അല്ലാതെ നേരിട്ട് നമ്മെ കാണാൻ, മനസിലാക്കാൻ അവയൊക്കെ സ്വയം പതിയെയെങ്കിലും പ്രാപ്‌തരാകുമെന്ന് .അതൊരു വല്ലാത്ത തിരിച്ചറിവായിരുന്നു .എന്റെ കണ്ണാടിയും തുടക്കട്ടെ ഞാൻ , ഒരിക്കലും ആരുടെയും പ്രതിബിംബങ്ങൾ കാണാൻ മറ്റൊരു കണ്ണാടി എനിക്കിനി വേണ്ട ..എന്റെ കണ്ണാടി മാത്രം മതി
പിന്നെ പൊട്ടി മുറിവേൽക്കുന്നതിനു മുൻപ് ക്ലാവ് തേച്ചു മിനുക്കാൻ മിനക്കിടാതെ തന്നെ ഉപേക്ഷിക്കേണ്ട കണ്ണാടികളും ഉണ്ട് .അവയൊക്കെ അവളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് നോക്കാതെ ,ഒരു വശത്തേക്ക് ഒതുക്കി വെച്ചു .പതുക്കെ കളയാം .ചിലപ്പോൾ അവയുടെ അഴുക്കുകൾ അവർ തന്നെ തുടച്ചാലോ ..പൊടിപിടിച്ച കണ്ണാടിയിൽ നോക്കി സ്വന്തം മുഖം ഉരച്ചു വൃത്തിയാക്കാൻ നോക്കിയ വിഡ്ഢി എന്ന് സ്വയം വിളിച്ചു ,വെറുതേ ആ കണ്ണാടികൾ വൃത്തിയാക്കാൻ നോക്കി കൈ മുറിച്ചവൾ .. മറ്റുള്ള പ്രതിഫലങ്ങളെ സത്യമായി പ്രതിഫലിപ്പിച്ചു,തിരുത്താൻ ശ്രമിച്ചു തല്ലു വാങ്ങിയവൾ .മുന്നിൽ നിൽക്കുന്നവരെ സുഖിപ്പിക്കുന്ന പ്രതിഫലങ്ങൾ മാത്രം നടത്തി സന്തോഷിപ്പിച്ചു ,അവരിലെ ചീത്തകളെ , തന്റെ വക കുറേ ചെളിയും കൂട്ടി ചേർത്ത് വലുതാക്കി മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്ന വലിയ വലിയ കണ്ണാടികൾ കണ്ടു നടുങ്ങി അവൾ ..
വയ്യ.. ഇനി ഒന്നും ...ഒരു യാത്ര പോകണം ...
പന്പാ നദിയിലെ തെളിനീരിൽ മുഖം മിനുക്കിയ അവളിലേക്കൊരു മടക്ക യാത്ര ...
പൊടിപ്പിടിക്കാത്ത കണ്ണാടികൾ തേടിയുള്ള യാത്ര ... നന്മകൾ മാത്രം പ്രതിഫലിപ്പിക്കുന്ന , തിന്മകൾ തിരുത്താൻ സഹായിക്കുന്ന കണ്ണാടികൾ
Photo credit: Raji Location: Evergreen,CA

No comments:
Post a Comment