Sunday, July 27, 2014

അച്ഛന്റെ മഹത് വചനങ്ങൾ ....നാലിടങ്ങഴിയോ അതോ രണ്ടുകെട്ടോ....? മൂന്നാം ഭാഗം

 

ഒരു വർഷത്തോളമായി എന്തെങ്കിലും കുത്തികുറിച്ചിട്ടിവിടെ .അവസാനം എഴുതിയത് കാത്തിരി ക്കുന്നവർ നഷ്ടപ്പെടുന്നതിനെക്കുറിച്ചായിരുന്നു.പിന്നെ അതിനു മുൻപ് കേശ വപിള്ള എന്ന എന്റെ അച്ഛനെക്കുറിച്ചും.അതെല്ലാം കൂടി അറം പറ്റിയതുപോലെ  ഇപ്പോൾ സാൻ ഫ്രാൻസിസ്കോ എയർ പോർട്ടിൽ ഇരുന്നു ,അച്ഛൻ എന്നെ കാണാൻ  ഒരു 30 മണിക്കൂർ കൂടി കാത്തിരിക്കുമോ  എന്നുള്ള തീവ്ര വേദനയോടെ വീണ്ടും ഞാൻ ആ അച്ഛനെക്കുറിച്ച് എഴുതട്ടെ . എവിടെയൊക്കെയോ ചിന്നി ചിതറി അടുക്കും ചിട്ടയും ഇല്ലാതെ  പോകുന്ന ഓർമ്മകൾ . ഓർമയില്ലാതെ ,ഭക്ഷണം കഴിക്കാതെ കിടക്കുന്ന അച്ഛനെ ഒത്തിരി കഷ്ടപ്പെടുതല്ലേ  ദൈവമേ എന്നും, എന്റെ അച്ഛൻ ഒരിക്കലും മരിക്കല്ലേ ദൈവമേ എന്നും, മാറി മാറി  പ്രാർഥിച്ചു ദൈവത്തിനോട് കണ്‍ഫ്യൂഷൻ ആക്കുന്ന ഒരു അവസ്ഥ നമ്മുടെ എല്ലാം ജീവിതത്തിൽ അനിവാര്യം ആണല്ലോ .

മകളുടെ പിറന്നാളുകൾ ഒരു ഉത്സവം പോലെ കൊണ്ടാടിയ ആ അച്ഛൻ ,പക്ഷെ മകളുടെ ഭാവിയെ കുറിച്ച് ഒരിക്കലും വേവലാതി പിടിച്ചു ഓടുക ഉണ്ടായില്ല .അവനവൻ നന്മ ചെയ്യ്താൽ അതിന്റെ ഗുണം വരുംതലമുറക്കെന്ന അടിയുറച്ച വിശ്വാസം,അതായിരുന്നു അദേഹത്തെ മുന്നോട്ടു നയിച്ചത്.ഒരേയൊരു കാര്യത്തിൽ മാത്രം  മകളെ വഴക്ക് പറഞ്ഞു ,പഠിക്കാൻ ഇരിക്കുബോൾ ഉറക്കെ വായിക്കുക.എട്ടു നാടും പൊട്ടെ   വായിക്കണം പിന്നെ ഒരു പ്രസ്നവും ഇല്ല .ജീവിതത്തിൽ ഒരേ ഒരു തവണ ആ കൈയുടെ ചൂടും അറി ഞ്ഞിട്ടുണ്ട്  .ഒറ്റ മകൾ ആയതു കൊണ്ട് പള്ളിക്കൂടത്തിൽ നിന്നുള്ള വിനോദയാത്രകൾക്ക് പോകാൻ അവൾക്കു അനുവാദമില്ല .ഏഴാം ക്ലാസ് ആയപ്പോൾ അവളുടെ കുബുദ്ധി ഉണർന്നു പ്രവർത്തിച്ചു .സ്കൂളിൽ കുട്ടികളിലെ  സംബാദ്യ   ശീലം വളർത്താൻ തുടങ്ങിയ ബാങ്ക് അക്കൌണ്ടിൽ നിന്നും പണമെടുത്തു പോകുമെന്ന് അവളങ്ങു ഉറക്കെ പ്രഖ്യാപിച്ചു .പ്രഖ്യാപനം കഴിഞ്ഞു നാക്ക്‌ വായിൽ ഇട്ടതു ഓർമയില്ല , നാലുകെട്ടിന്റെ അരപ്ലെസിൽ നിന്നും തെറിച്ചു താഴോട്ട് വീണതാണ് പിന്നെയുള്ള ഓര്മ. അച്ഛന്റെ കൈയുടെ ചൂട് ആദ്യമായും , അവസാനമായും അറിഞ്ഞ നിമിഷങ്ങൾ .

ഓരോരുത്തർക്കും അവരവരുടെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ സമാനം ആയിരിക്കും .എന്നാലും എന്റെ ഓർമ്മകൾ ഒത്തിരി വിഭിന്നമാകാനാണ് സാധ്യത . അച്ഛന്റെ നാല്പതാം വയസിൽ വൈകിവന്ന ഒരു വസന്ദം   .വസന്ദം  ഒക്കെ കൊള്ളാം , പെണ്ണായത്   ഭാഗ്യം .അല്ലെങ്കിൽ അച്ഛൻ എടുത്തു തോട്ടിൽ കളഞ്ഞേനെ, അമ്മയുടെ നർമത്തിൽ പൊതിഞ്ഞ വാക്കുകൾ ആണ് .ആണ്‍കുട്ടികളെ അത്ര  വല്യ പിടുത്തം ഇല്ലായിരുന്നു .ഏറ്റവും കുട്ടിക്കാലത്തെ ഓർമ്മകൾ ,അച്ഛൻ കൂടെ കൊണ്ട് പോയി കാണിച്ച സിനിമകൾ ആണ്.ആലപ്പുഴ സുംബമ്മയിലും , വീരയ്യയിലും ഒക്കെ വന്ന സിനിമകൾ.തച്ചോളി ഒതേനൻ , കടത്തനാട്ടു മാക്കം ,തച്ചോളി അംബു അങ്ങനെ പൊകൂനു ആ ലിസ്റ്റ് .പിന്നെ പണ്ടൊക്കെ സിനിമയുടെ  കഥാസാരം പേപ്പറിൽ ആക്കി തിയേറ്ററിന്റെ മുൻപിൽ വിതരണം ചെയ്യുന്ന പതിവുണ്ട് .സിനിമ തുടങ്ങിയാലും അത് കിട്ടി മുഴുവൻ വായിക്കാതെ അച്ഛൻ തിയേറ്ററിൽ കയറില്ല.നോട്ടീസ് കിട്ടാതെ ടിക്കറ്റ്‌ എടുത്ത സിനിമ കാണാതെ ഇറങ്ങി പോയിട്ടുണ്ടന്നും കിംവ ദധി.

കുട്ടനാടിന്റെ നിഷ്ക്കലങ്ങതയും , അലസതയും ,ചെരുപ്പിടാൻ പോലും ഇഷ്ടപ്പെടാത്ത തനി നാടോടിത്തരവും ഒക്കെ പട്ടണത്തിലുള്ള ബന്ധുക്കാരുടെ മുൻപിൽ ഒരു കൊമാളിയാക്കിയപ്പോൾ , അത് മനസ്സിലാക്കാനുള്ള വക്രബുദ്ധി പോലും ഇല്ലാത്ത ഒരു പട്ടിക്കാട്ടുകാരൻ .ചിലപ്പോഴൊക്കെ ഇങ്ങനെ ഒരു ചിത്രം ആണ് അദേഹത്തെ കുറിച്ച് തോന്നാറുള്ളത് .എത്രയൊക്കെ വിവരവും വിദ്യാഭാസവും ഉണ്ടെകിലും പച്ചയായ മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും , തിരിച്ചറിയാനും , നന്മ നിറഞ്ഞ ഒരു മനസാണ് വേണ്ടതെന്നു ഈ അനുഭവങ്ങൾ പഠിപ്പിച്ചു.ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ഓരോ ഗുണ പാഠകഥകൾ ആയി മാറുന്ന സത്യവും  ഇങ്ങനെയാണ് മനസിലാക്കിയത്.  കുട്ടികാലത്ത് കുടുംബ പാരംബര്യത്തിലൂടെ പഠിച്ചു ഇടയിൽ  വെച്ച് ഗുരുത്ത ദോഷത്തിൽ മുടങ്ങി പോയ കഥകളിയിൽ  ആഴത്തിൽ ഒള്ള അറിവും , അതിൽ നിന്നും ആത്മ സംതൃപ്തി കണ്ടെത്തുന്നതും ഒക്കെ  കണ്ടു അത്ഭുത പെട്ട് നോക്കി നിന്നിട്ടുണ്ട് .കുട്ടിക്കാലത്തു ചോറു കൊടുക്കാൻ ജോലിക്കാരും, നാലും കൂട്ടി നീട്ടി മുറുക്കാൻ പഠിപ്പിക്കാൻ അമ്മയും, കുഞ്ഞമ്മയും ഒക്കെ ഉണ്ടായിട്ടു , ചൊല്ല് കൊടുക്കാൻ ആരുമില്ലായിരുന്നോ എന്നൊരു ചെറിയ സംശയം.
വിശ്വാസം അത് തന്നെയാണ് എല്ലാം.അച്ഛനെ വേദനിപ്പിക്കുന്നത്‌ ഒന്നും ഒരിക്കലും ചെയ്യാൻ കഴിഞ്ഞിട്ടില്ല.ജീവിതത്തിന്റെ എല്ലാ പ്രതിസന്ധിയിലും ആ അച്ഛന്റെ വാക്കുകൾ  ,"നമ്മൾ തെറ്റുകൾ  ചെയ്യ്തില്ലെങ്കിൽ , നമുക്ക് നല്ലതേ വരൂ ".പിന്നെ കഠിനമായ മർക്കടമുഷ്ടിയിലൂടെ ഭാര്യയെ കഷ്ടപ്പെടുത്തിയ തെറ്റ് , ആളുടെ അറിവില്ലായ്മ ആയി  കണ്ടു ദൈവം തന്നെ അതു  സൌകര്യപൂർവം മറന്നു എന്നു  പറയാതെ വയ്യാ  .അറിവുകൊടുക്കാത്തതു ദൈവത്തിന്റെ തെറ്റ് തന്നെ. അപ്പോൾ ആ ദൈവം തന്നെ ,ഓരോ നിമിഷവും കണ്ണിൽ എണ്ണ ഒഴിച്ചു കാത്തുസൂക്ഷിക്കാൻ , ഭാര്യക്ക്‌ ആരോഗ്യവും,മനസും കൊടുത്തു .

ഒരു വര്ഷം മുന്പാണ് അച്ഛനെ അവസാനം കണ്ടത് .അൽസൈമെഷ് രോഗത്തിന്റെ പിടിയിൽ ഒരു കൊച്ചു കുട്ടിയായി പോയ എന്റെ അച്ഛൻ .അജാനഭാഹുവായ അദ്ദേഹം ഒരു കൊച്ചു കുട്ടിയെ പ്പോലെ സ്കൂളിൽ പോകാൻ എന്നും രാവിലെ ഒരുങ്ങുകയാണ് .രാവിലെ എഴുനേറ്റു കുളിച്ചു, കഴിച്ചു , ഭാര്യ പൊതിഞ്ഞു കൊടുത്ത പൊതി ചോറുമായി അൽസൈംമേഴ്സ് കാരുടെ ഡേ കെയർ വാനിൽ കയറി ടാറ്റാ കാണിച്ചു പോകുന്ന അച്ഛൻ .തിരികെ വന്നു അന്ന് അവിടെ പഠിച്ച കാര്യങ്ങൾ കൊച്ചു കുട്ടിയെ പോലെ പങ്കു വെയ്ക്കുന്ന ഒരു അഞ്ചു വയസുകാരൻ  .ആ ഡേ കെയറിൽ ബോൾ  കളിച്ചും, പാട്ടു പാടിയും ഒക്കെ സന്തോഷിക്കുന്ന ആ  രൂപം ആണ് മനസിൽ നിറഞ്ഞു നിൽക്കുന്നത് .ശത്രുക്കാർക്ക് പോലും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ എന്ന് കരളുരുകി പ്രാർഥിച്ചു  പോയ ഒരു അവസ്ഥ .കുറച്ചു നാളുകള്ക്ക് ശേഷം അവിടുത്തെ ഒരു വീഴ്ച ,  ആ ആഹ്ലാദത്തിനും അവസാനമാക്കി  .ഇപ്പോൾ കട്ടിലിൽ ഒരു ജീവച്ഛവമായി കിടപ്പായി ,കഴിഞ്ഞ ആഴ്ചയോടെ ഖര രൂപത്തിൽ ഉള്ള ആഹാരങ്ങളും കഴിക്കുന്നത്‌ നിർത്തി .ഒരു കാലത്ത് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനു വേണ്ടി മാത്രമാണോ ഇന്ദേഹം ജീവിക്കുന്നത് എന്ന് പോലും തോന്നിക്കും വിധം ജീവിച്ച ഒരു മനുഷ്യന്റെ വെള്ളം ഇറക്കാൻ പോലും വിഷമിക്കുന്ന നിമിഷങ്ങൾ .മാളികമുകളിൽ ഏറുന്ന മന്നന്റെ...അറിയാതെ പാടിപ്പോകുന്നു .
വലിയ മഹാൻ മാരുടെ വാക്കുകൾ മാത്രമല്ല  മക്കൾക്ക് അവരു ടെ അച്ഛന്റെ വാക്കുകളും മഹത് വചനങ്ങൾ ആകാറുണ്ട് .എന്റെ അച്ഛന്റെ മഹത് വചനങ്ങൾ," അവനവനു ശരിയെന്നു തോന്നുത്തത് ചെയ്യുക .ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഓർത്ത് വേവലാതി പിടിച്ചിട്ടു ഒരു കാര്യവുമില്ല.വെള്ളമില്ലാതിടത് മുങ്ങാൻ പറ്റില്ലല്ലൊ ."പിന്നെ മകളെയും മാന്പൂവിനെയും കണ്ടു കൊതിക്കാത്ത ,"നമ്മൾ നന്മ ചെയ്യ്താൽ വരുംതലമുറക്ക്‌ നല്ലതു  വരും എന്ന് സ്വന്തം  ജീവിതം കൊണ്ട് തെളിയിച്ച ആ അച്ഛന്റെ മകൾ  ഈ കുത്തി കുറുപ്പുകൾ അച്ഛനെ കാണാനുള്ള ഈ യാത്രയിൽ സാൻ ഫ്രാൻസിസ്കോ എയർപോർട്ടിൽ തുടങ്ങി സിഗപൂർ എയർപോർട്ടിൽ എഴുതി തീർക്കുന്നു ....


1 comment:

  1. അച്ഛൻ യാത്ര അക്കുനെങ്കിൽ അത് മകളെ കണ്ടിട്ടേ ഉണ്ടാവു .........അത് അങ്ങനെ ആണ് .....എല്ലാം തരണം ചെയ്യാനുള്ള കരുത്തും ശേഷിയും എന്റെ സഹപാടിയും , ചെട്ടതിക്കും ഉണ്ടാകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു ......Biju G Pillay, Qatar.

    ReplyDelete