Sunday, January 11, 2015

വാലിന്റെ ഡേ ...ഒരമ്മയുടെ ആത്മഗതം


മക്കളെ നിങ്ങൾക്ക് അറിയുമോ ,പണ്ട് പണ്ട് ഒരു പത്തിരുപതു വർഷങ്ങൾക്കു മുൻപ് , ഈ വലെന്റിൻസ് ഡേ ഒക്കെ പ്രചാരമില്ലാത്ത നാട്ടിൽ , മനസു നിറയെ 
പ്രണയസ്വപ്നങ്ങളുമായി ജീവിച്ചിരുന്ന കുറെ സുന്ദരികുട്ടികളെ? നിങ്ങളെപ്പോലെ തന്നെ കേട്ടോ.സ്വന്തമായി ഒരു പ്രിയപ്പെട്ടവൻ ,അല്ലെങ്കിൽ കൂടുകാരിയുടെ പ്രിയപ്പെട്ടവൻ,ഇതൊക്കെ തന്നെ അവരുടെയും ചർച്ചാ വിഷയങ്ങൾ .ആ പ്രിയമുഖം കാണുംന്പോൾ ശരീരമാകെ വിരിയുന്ന ആ കോരിത്തരിപ്പും , മനസിൽ നിറയുന്ന ആനന്ദവും ഒക്കെ അപ്പോഴും ,ഇപ്പോഴും ഒക്കെ ഒന്ന് തന്നെ .കോളേജിൽ പോകുന്നത് തന്നെ ആ മുഖം കാണാൻ , ഒരു ദിവസം എത്ര പ്രാവശ്യം കണ്ടു എന്ന് കുറിച്ച് വെച്ച നാളുകൾ .ആളെ കണ്ടില്ലെങ്കിൽ ആ സൈക്കിൾ എങ്കിലും കണ്ടാൽ മതി മനസു നിറയാൻ ..ദിവ്യ പ്രണയത്തിൽ തൊട്ടുകൂടായ്മയും , തീണ്ടികൂടയ്മയും ഒക്കെ ഉണ്ടായിരുന്ന കാലം.പിന്നെ കണ്ടിട്ട് എന്ത് ചെയ്യാൻ . ചുമ്മാ മനുഷ്യനെ കൊണ്ട് പറയിപ്പിക്കാൻ എന്തെങ്കിലും ഒക്കെ പറഞ്ഞു നിൽക്കും ,പ്രിയപ്പെട്ടവനില്ലാത്ത കൂടുകാരികൾ ചുമ്മാ അസ്സൂയപ്പെട്ടോട്ടെ .പിന്നെ തിരികെ വീട്ടിൽ വന്നു പഠിക്കേണ്ട സമയമെല്ലാം ഒരു മുഖം മാത്രം കണ്ണിൽ എന്ന പാട്ടും പാടി ഇരുന്നു ജീവിതം പാഴാക്കും .അങ്ങനെ പ്രണയിച്ചു പ്രണയിച്ചു ,പ്രിയപെട്ടവനെ സ്വന്തമാക്കിയ കുറേപേർ , നഷ്ടപ്രണയത്തിൽ നിന്നും കരകേറി കിട്ടിയ കണവനെ പ്രണയിച്ച കുറേപേർ ,വീടുകാരുടെ വാക്ക് കേട്ട് ,ഇന്നലെ കണ്ടവൻ ,ഇന്ന് കെട്ടിയ താലി പൂജിച്ചു ,അവനെ കല്യാണം കഴിഞ്ഞു പ്രണയിച്ച കുറെ പേർ .അവരൊക്കെയാണ് മക്കളേ, നിങ്ങളുടെ അമ്മയും ആന്റിമാരും അടങ്ങുന്ന ഈ വലിയ ആളുകളുടെ( ശരീരം കൊണ്ട്) സമൂഹം .വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ ? അല്ല , നിങ്ങളിൽ കുറെ പേർക്കിത് വായിക്കാനും കഴിയില്ലായിരിക്കും.

പിന്നെ ഇപ്പോൾ ഞങ്ങൾക്കെന്തു പറ്റിയെന്നല്ലേ ?അതിനു കാരണക്കാരായ നിങ്ങൾ തന്നെ ചോദിക്കണം അത് . ശരി , ശരി, നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ ഈ ലോകത്തിലേക്ക്‌ കൊണ്ടുവന്നു , നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു പേരും നല്കിയതിനുള്ള പ്രത്യുപകാരം ആയി ഇതങ്ങു കരുതാം .ഞങ്ങളുടെ പ്രണയത്തിന്റെ പൂവല്ലരിയിൽ പൂത്ത കുസുമങ്ങളാണ് ,കുഞ്ഞുങ്ങളെ നിങ്ങൾ .എന്തൊരു സന്തോഷമായിരുന്നു ആ പൂമൊട്ടിട്ടു എന്നറിഞ്ഞ ദിവസം .ദാ ഇന്നലെ കഴിഞ്ഞ പോലെ .പിന്നെ പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ചു , കാൽ വളരുന്നോ, കൈ വളരുന്നോ എന്ന് നോക്കി കാത്തിരിക്കുന്പോൾ ഞങ്ങളുടെ കാലും , മേലും ഒക്കെ കയറി അങ്ങ് പടർന്നു പന്തലിച്ചത് ഞങ്ങൾ അറിഞ്ഞില്ല മക്കളെ അറിഞ്ഞില്ലാ .പിന്നെ ഞങ്ങളുടെ കണ്ണിൽ , കണ്ണിൽ നോക്കി പ്രണയിക്കാനുള്ള പകലുകൾ നിങ്ങളുടെ ഭാവിക്കു വേണ്ടിയുള്ള സ്വത്തു തേടുന്നതിലും , രാത്രികൾ ,നിങ്ങളെ ഉറക്കാനുള്ള താരാട്ടു പാട്ടിലും മുങ്ങിപ്പോയി .എങ്കിലും ഞങ്ങൾ നിങ്ങളുടെ കൊച്ചു കൊച്ചു നേട്ടങ്ങളിൽ ഒന്നിച്ചു ചേർന്ന് ആനന്ദത്തിൽ ആറാടി .പ്രണയം വറ്റി വരണ്ടപ്പോൾ ,അവിടെ നിങ്ങൾ ഞങളുടെ പ്രകടങ്ങൾ കാണാൻ തുടങ്ങി .കൊച്ചുകുട്ടി പെട്ടന്നങ്ങ് കേറി വലുതായി .വലുതായപ്പോൾ നിങ്ങൾക്ക് ഞങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നി .നിങ്ങളുടെ ശരികളും ഞങ്ങളുടെ ശരികളും ഏറ്റുമുട്ടുന്ന ഒരു യുദ്ധക്കളം ആയി ജീവിതം . എവിടെയാണ് പിഴച്ചതെന്നു തേടി, ഞങ്ങൾ പരസ്പരം പഴി ചാരി കടിച്ചു കീറി .എവിടെയോ നഷ്ടപ്പെട്ട ആ പ്രണയം തേടി ഞങ്ങൾ അലഞ്ഞു .പക്ഷെ അത് മറ്റെങ്ങും പോയിട്ടില്ല എന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു .അതാ ആ പ്രണയം ,അവിടെ നിങ്ങളുടെ കണ്ണിൽ , പണ്ട് ഞങ്ങളുടെ കണ്ണിൽ കണ്ട അതേ തീവ്രതയോടെ .അത് ഞങ്ങളെ വീണ്ടും പ്രണയിക്കാൻ ഓർമപ്പെടുത്തുന്നു ,പഴയകാലത്തിലേക്ക്‌ മടക്കി കൊണ്ട് പോകുന്നു.മക്കൾ പ്രണയിക്കാൻ ഉള്ള പ്രായമാകുന്പോൾ , പ്രണയം വറ്റി വരണ്ടു ,ജീവിതം ദുസഹമാക്കുന്ന മാതാപിതാക്കളേ ,നമുക്ക് ഒന്നുമില്ലെങ്കിൽ കെട്ടിയ താലിയുടെ ബലത്തിൽ ചുമ്മാ അങ്ങ് തീവ്രമായി, പണ്ടത്തെ കൌമാരക്കാരായി പ്രണയിച്ചാലോ ? 

എന്ത് പറയുന്നു 

1 comment:

  1. അമ്മയുടെ മനസ്സ് മക്കൾക്ക്‌ മനസ്സിലാവട്ടെ .... നന്നായിട്ടുണ്ട് രചന

    ReplyDelete