കുട്ടനാട്ടിലെ കായലോളങ്ങളിൽ നിന്നും വീശുന്ന ആ തണുത്ത കാറ്റ് ,അവളുടെ മുടിയിഴകളെ തഴുകി കടന്നുപോയി.ഉമിക്കരിയും , ഈർക്കിലിയുമായി പല്ലു തേയ്ക്കാനെന്ന വ്യാജേന പണ്ട് പറന്പിൽ കറങ്ങി നടന്ന ആ കൊച്ചുപെൺകുട്ടിയെ തഴുകിയ അതേ കാറ്റ് ,കിളിച്ചുണ്ടൻ മാവിലെ കണ്ണിമാങ്ങയും ,സേലം മാന്പൂക്കുലയിലെ തേനും ,മൂവാണ്ടൻ മാവിലെ പഴമാങ്ങയും അവൾക്കായി ഉതിർത്തു കൊടുത്ത അതേ കാറ്റ് .വർഷങ്ങൾ പത്തെഴുപതു കഴിഞ്ഞെങ്കിലും കുസൃതികാറ്റിനു അവളുടെ മനസുപോലെ തന്നെ ഒരു മാറ്റവും ഇല്ല .മുറിയിലെ ജനലിലൂടെ നോക്കിയാൽ സപ്പോർട്ടയും ,പേരക്കയും ,വിവിധതരം മാങ്ങകളും നിറഞ്ഞ പുരയിടം കാണാം. അതിൽ ചെറിയ ചെറിയ വീടുകൾ ആയിട്ടാണ് തറവാട് എന്ന പേരിൽ ഉള്ള ഇരുപതോളം വീടുകൾ . മറുനാട്ടിലേക്കു ചേക്കേറിയ മലയാളി,മാതാപിതാക്കൾ നഷ്ടപ്പെട്ടകഴിഞ്ഞാൽ പിന്നെ പിറന്ന നാട്ടിൽ സമയം ചിലവഴിക്കാൻ എത്തുന്നത് അനാഥത്തിന്റെ നൊന്പരം ഒന്ന് ഊട്ടി ഉറപ്പിക്കാൻ മാത്രമാണ് . സഹോദരങ്ങൾ തിരക്കിലും, അവരവരുടെ മക്കളുടെ തണലിലും ജീവിക്കുന്നു . വലിയ ടിക്കറ്റ് ചാർജ് ഒക്കെ കൊടുത്തു നാട്ടിൽ എത്തിയിട്ട് എന്ത് ചെയ്യാനാണ് .എന്നാൽ പിറന്ന നാട് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട് .അവരെ കാത്തിരിക്കുന്ന വീടുകൾ . .കുട്ടനാടൻ യാത്രയ്ക്ക് ബോട്ടുകളും , പിന്നെ അന്പലം , പള്ളി ഒക്കെ സന്ദർശിക്കാൻ വാഹന സൗകര്യവും ഒക്കെ ഇവിടെ ഉണ്ട് .കണ്ണിനും മനസിനും കുളിർമ്മയായി, മനോഹരമായ കടലോരവും ,കായലോരവും, തെരുവോരവും ഉള്ള സ്വർഗ്ഗതുല്യമായ ആലപ്പുഴ നാട്ടിൽ,പിറന്ന വീട് അന്യമായ വിദേശ മലയാളികളെ മാടി വിളിക്കുന്ന ഒരു സംരംഭം.ജീവിത സായാഹ്നത്തിൽ ,നാട്ടിലേക്ക് ഓടിയെത്താൻ കൊതിക്കുന്നവരെ കാത്തിരിക്കുകയാണ് ഈ വീടുകൾ , വെറും വീടുകൾ മാത്രമല്ല അവയോടു ചേർന്നുള്ള വീടുകളിൽ വിധി അനാഥമാക്കിയിട്ടും , മനുഷ്യർ സനാഥർ ആക്കിയ ഒരു കൂട്ടം ആളുകളും .
ഈ വീടുകളോട് ചേർന്ന് തന്നെ അടുത്ത പറന്പിൽ ഒരു വലിയ കെട്ടിടത്തിൽ ആണ് , ആലപ്പുഴയിലെ കുറെ നല്ല മനുഷ്യർ മുപ്പത് വർഷം മുൻപ് കണ്ട ആ സ്വപ്നം .ആലപ്പുഴയിലെ അനാഥജീവിതങ്ങളെ സനാഥം ആക്കണമെന്നുള്ള ആ സ്വപ്നം .വെറുമൊരു ഫേസ്ബുക്ക് ഗ്രൂപ്പിനെ വിശ്വസിച്ചു കൂടെ കൂടിയ ഒരു പറ്റം ആളുകൾ ,സ്വപ്നങ്ങൾ പങ്ക് വെച്ചപ്പോൾ , അവരുടെ സ്വപ്നങ്ങൾ ഒന്നായപ്പോൾ, ജന്മമെടുത്ത ഒരു പുണ്യ ഭൂമി .തറവാട്ടിൽ നിന്നും ഉണ്ടാക്കുന്ന ലാഭം ആണ്, ഈ പാവങ്ങളുടെ സഹായതിനായി ഇവിടെ ഉപയോഗിക്കുന്നത്.പിന്നെ ധാരാളം നല്ല മനുഷ്യരുടെ സഹായ സഹകരണങ്ങളും . അത്താഴക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ഒരു ചെറിയ കൂട്ടായ്മ ,പുണ്യവീടും, പുണ്യഭൂമിയും ഒക്കെയുള്ള ഒരു വലിയ സ്വപ്നം ആയി വളരുകയായിരുന്നു .ഏകദേശം മുപ്പതു വർഷങ്ങൾക്കു മുൻപാണ് ,ആലപ്പുഴയിലെ ഒരു ചെറിയ കൂട്ടായ്മ രൂപം കൊണ്ടത് . ജീവിച്ചിരിക്കുന്പോൾ എന്തെങ്കിലും ഒക്കെ ആർക്കെങ്കിലും വേണ്ടി ചെയ്യണമെന്ന ആഗ്രഹം ഉള്ളവർ ,ജാതി മത ഭേദമെന്യേ ആ കൂട്ടായ്മയിലേക്ക് ചേർന്നപ്പോൾ ,അവർ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി .അതിന്റെ അമരക്കാരന്റെ ആ വലിയ സ്വപ്നം "വഴിവീട് " .അതാണ് ജീവിതയാത്രയിൽ വഴിതെറ്റി ഒറ്റപ്പെട്ടുപ്പോയവർക്കായി ഒരുക്കിയ ഈ ഇടത്താവളം . പൊട്ടിച്ചിരികളും , കളികളും ,സ്നേഹവും മാത്രമാണിവിടുത്തെ അന്തേവാസികൾ . ഇതിലെ പ്രവർത്തകർ ആദ്യ നാളുകളിൽ വേദനകൾ ഒരുപാട് സഹിച്ചിട്ടുണ്ട് .വേറെ പണിയൊന്നുമില്ലേ ഇവർക്ക് , എന്തെങ്കിലും വർഗ്ഗീയ സംഘടനകൾ ആണോ ഇതൊക്കെ , ഇവർക്കൊക്കെ എന്താ വട്ടാണോ ,ചുമ്മാ ആളാകാൻ ഓരോ വഴികൾ ,അങ്ങനെ പോയി ആ കുത്തുവാക്കുകൾ .എന്നാൽ അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന വിധം , നല്ലവരായ നാട്ടുകാർ ഇത് മനസിലേക്കെടുത്തപ്പോൾ ,ഒരിക്കലൂം നടക്കില്ല എന്ന് വിചാരിച്ച ഈ സ്വപ്നം ഒരു യാഥാർഥ്യം ആയി മാറി .
കൂട്ടുകുടുംബത്തിന്റെ അവസാന കണ്ണിയായ അവളെ അങ്ങനെ നാട്ടിൽ കാത്തിരിക്കുകയാണ് ഈ സ്നേഹകുടുംബം .എല്ലാം ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോയ വിദേശ മലയാളിയും , വയസായവരും , അനാഥരും ഒക്കെ കൂടിയ ഒരു സ്വർഗ്ഗഭൂമി .ഓരോ വർഷത്തിലും പല സമയങ്ങളിലായാണ് അവളിവിടെ എത്താറുള്ളത് . ചക്കയും , മാങ്ങയും വിളഞ്ഞു പഴുക്കുന്ന കാലവും , കണ്ണിമാങ്ങാ കാലവും ഒക്കെ മാറി മാറി വിളിക്കാറുണ്ടവളെ ഇങ്ങോട്ട് .അമ്മയും അച്ഛനും ഒക്കെ കൊടുക്കാനെന്നപോലെ പെട്ടി നിറച്ചു സാധനങ്ങളുമായാണ് ,ഇവിടെ ഓരോരുത്തരും എത്താറുള്ളത് .വഴിവീട്ടിലെ സഹോദരങ്ങൾക്കുള്ള സമ്മാനങ്ങൾ .മക്കളൊക്കെ വലുതായി പറന്നുപോയപ്പോൾ തനിച്ചായ വാർദ്ധക്യത്തിനും , വിദേശത്തു ഒറ്റപ്പെട്ടുപോയ വാർദ്ധക്യത്തിനും, വിധിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട വാർദ്ധക്യത്തിനും ഒക്കെ ഒറ്റപ്പെടലിന്റെ വേദന ഒരുപോലെയല്ലേ ? ഇവരെല്ലാം കുട്ടനാടൻ കായലിലെ കുസൃതി കാറ്റിന്റെ തലോടലിൽ ഒന്നിച്ചങ്ങനെ ജീവിത സായാഹ്ന തോണി തുഴയുകയാണ് ഇവീടെ .അടുത്ത തൊടിയിൽ നിന്നും ആരൊക്കെയോ പാടുന്നു ," കുട്ടനാടൻ പുഞ്ചയിലെ.....അവളും അറിയാതെ അതേറ്റു പാടി .തിത്തിത്താരാ തിത്തിതെയ് ....
~ രാജി

Nostalgic. Would love to visit. Very good language.surprised though :-)
ReplyDelete